രഞ്ജി ട്രോഫിയിലേക്ക് ‘പിച്ച്വച്ച് ’ ആലപ്പുഴ
Mail This Article
ആലപ്പുഴ ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനായി ആലപ്പുഴ ആദ്യമായി പാഡണിയുന്നു. 5 മുതൽ കേരളവും യുപിയും തമ്മിലാണ് ആലപ്പുഴയിലെ കന്നിമത്സരം. സീസണിൽ കേരളത്തിന്റെ ആദ്യ രഞ്ജി മത്സരമാണിത്.
കേരളത്തിനായി ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കുമെന്ന പ്രതീക്ഷയിൽ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്. യുപി ടീമിൽ റിങ്കു സിങ്ങിന്റെയും കുൽദീപ് യാദവിന്റെയും പേരുള്ളതിനാൽ രാജ്യാന്തര താരങ്ങളുടെ പോരാട്ടം കാണാമെന്നാണ് പ്രതീക്ഷ. പരിശീലനത്തിനായി സഞ്ജു കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എത്തിയിരുന്നു.
ഇന്നു വീണ്ടും എത്തിയേക്കും. കേരള ടീം ദിവസങ്ങളായി ആലപ്പുഴയിൽ പരിശീലനത്തിലാണ്. യുപി ടീം തിങ്കളാഴ്ച രാത്രി എത്തി. ദിവസവും രാവിലെ 9നു കളി തുടങ്ങും.
എസ്ഡി കോളജിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഒരുക്കിയ ഗ്രൗണ്ടിൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കുള്ള മികച്ച സൗകര്യങ്ങളുണ്ട്. ബിസിസിഐയുടെ ക്യുറേറ്റർ കഴിഞ്ഞ ദിവസം എത്തി ഗ്രൗണ്ടും മറ്റു സൗകര്യങ്ങളും പരിശോധിച്ചിരുന്നു.
കെസിഎയുടെ ഹൈ പെർഫോമൻസ് സെന്റർ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് എസ്ഡി കോളജ് ഗ്രൗണ്ട്. അടുത്തിടെ ഇൻഡോർ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. കുച്ച് ബിഹർ ട്രോഫി മത്സരങ്ങൾ ഉൾപ്പെടെ നടത്തിയ ഇവിടെ രഞ്ജി ക്യാംപുകളും നടന്നിട്ടുണ്ട്.