‘റിച്ചഡ്സിനോട് ആരാധന, സേവാഗിനെ പേടി’: വിദ്യാർഥികളുമായി സംവദിച്ച് ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ
Mail This Article
ചങ്ങനാശേരി ∙ ക്രിക്കറ്റിലെ സ്പിൻ ഇതിഹാസം, ടെസ്റ്റിൽ 800 വിക്കറ്റ് തികച്ച ഏക ബോളർ.. പക്ഷേ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുമ്പോഴും ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ ഒരാളെ പേടിച്ചിരുന്നു; മറ്റാരെയുമല്ല ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ വിരേന്ദർ സേവാഗിനെ! കരിയറിൽ ഏറ്റവും ഭയപ്പെടുത്തിയ ബാറ്റർ ആരെന്ന കോളജ് വിദ്യാർഥികളുടെ ചോദ്യത്തിനാണ് സ്പിന്നും ടേണുമില്ലാതെ മുരളീധരൻ ‘സ്ട്രെയ്റ്റ്’ ആയി മറുപടി നൽകിയത്. വെസ്റ്റിൻഡീസ് ഇതിഹാസ താരം വിവിയൻ റിച്ചഡ്സാണ് ഏറെ ആരാധിക്കുന്ന ക്രിക്കറ്റ് താരമെന്നും ചങ്ങനാശേരി എസ്ബി കോളജിൽ നടന്ന ചടങ്ങിൽ മുരളീധരൻ പറഞ്ഞു.
ക്രിക്കറ്റിൽ തന്റെ വജ്രായുധമായി അറിയപ്പെട്ടിരുന്ന ദൂസര എറിയാൻ പഠിച്ചതാണ് കരിയറിൽ വഴിത്തിരിവായത്. 1995ൽ പാക്കിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്താഖാണ് ദൂസര പ്രയോഗിക്കുന്നതിനുള്ള ആദ്യ പരിശീലനം നൽകിയത്. പക്ഷേ ആ വിദ്യ പൂർണമായി പഠിച്ചെടുക്കാൻ 3 വർഷം സമയമെടുത്തു.
ഐപിഎലിൽ കൊച്ചി ടസ്കേഴ്സ് കേരള ടീമിൽ കളിക്കാൻ കഴിഞ്ഞത് നല്ല അനുഭവമായിരുന്നു. ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവരെപ്പോലെ പ്രതിഭാശാലികളായ ക്രിക്കറ്റർമാർ കേരളത്തിൽ നിന്ന് ഇനിയും ഉണ്ടാകുമെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു.