വാലറ്റത്ത് ഇറങ്ങി ബാറ്റിങ് വെടിക്കെട്ട്, രഞ്ജിയിൽ ‘ട്വന്റി20 കളിച്ച്’ അർജുൻ തെൻഡുൽക്കർ
Mail This Article
പനജി∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ. ചണ്ഡീഗഡിനെതിരെ വാലറ്റത്ത് ബാറ്റിങ്ങിന് ഇറങ്ങിയാണ് ഓൾ റൗണ്ടറായ അർജുൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ 60 പന്തുകള്‍ നേരിട്ട അർജുൻ 70 റൺസെടുത്തു പുറത്തായി. നാല് സിക്സുകളും ആറ് ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. ആദ്യ ഇന്നിങ്സിൽ ഗോവ ഏഴു വിക്കറ്റ് നഷ്ടത്തിൽ 618 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഹോം മത്സരത്തിൽ ഗോവയുടെ സമ്പൂർണ ആധിപത്യമായിരുന്നു. സുയാഷ് പ്രഭുദേശായി, ദീപ്‍രാജ് ഗാവോങ്കർ എന്നിവർ സെഞ്ചറി നേടി. 364 പന്തുകൾ നേരിട്ട സുയാഷ് 197 റൺസ് അടിച്ചെടുത്തു. ദീപ്‍രാജ് 101 പന്തിൽ 115 റൺസെടുത്തു പുറത്താകാതെനിന്നു. കെ.വി. സിദ്ധാർഥ് (159 പന്തില്‍ 77), ദർശൻ മിസാൽ (73 പന്തിൽ 46), ഇഷാൻ ഗഡേക്കർ (80 പന്തിൽ 45) എന്നിവരും ഗോവയ്ക്കായി ബാറ്റിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെന്ന നിലയിൽ ബാറ്റിങ് തുടരുകയാണു ചണ്ഡീഗഡ്. ഒന്‍പത് ഓവറുകൾ പന്തെറിഞ്ഞ അർജുൻ തെൻഡുൽക്കർ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സീസണിലെ ആദ്യ മത്സരത്തിൽ ഗോവ ത്രിപുരയോടു വൻ തോൽവി വഴങ്ങിയിരുന്നു. 237 റണ്‍സിനായിരുന്നു ഗോവയുടെ ഞെട്ടിക്കുന്ന തോൽവി.