ADVERTISEMENT

ബെംഗളൂരു ∙ ആദ്യ സൂപ്പർ ഓവറിനിടെ റിട്ടയേഡ് ഹർട്ട് ആയ രോഹിത് ശർമ, വീണ്ടും ബാറ്റിങ്ങിനിറങ്ങിയത് എങ്ങനെ? നിശ്ചിത ഓവർ കടന്ന് 2 സൂപ്പർ ഓവറുകളിലേക്കു നീണ്ട ഇന്ത്യ–അഫ്ഗാനിസ്ഥാൻ മൂന്നാം ട്വന്റി20 മത്സരം നാടകീയമായി അവസാനിച്ചെങ്കിലും സൂപ്പർ ഓവറിലെ രോഹിത്തിന്റെ മടങ്ങിവരവ് സംബന്ധിച്ച ചർച്ചകൾ അവസാനിക്കുന്നില്ല. ഐസിസിയുടെ നിയമാവലി അനുസരിച്ച് സൂപ്പർ ഓവറിൽ പുറത്തായ ബാറ്റർക്ക് അടുത്ത സൂപ്പർ ഓവറിൽ ബാറ്റു ചെയ്യാൻ അനുമതിയില്ല.

എന്നാൽ ആദ്യ സൂപ്പർ ഓവറിനിടെ റിട്ടയേഡ് ഹർട്ട് ആയി മടങ്ങിയ രോഹിത് രണ്ടാം ഓവറിൽ വീണ്ടും ബാറ്റ് ചെയ്യാനെത്തിയതാണ് ചർച്ചകളെ ചൂടുപിടിപ്പിക്കുന്നത്. മത്സരത്തിനിടെ റിട്ടയേഡ് ഹർട്ട് ആയുള്ള ബാറ്ററുടെ മടക്കം ക്രിക്കറ്റിലെ 9 പുറത്താകൽ രീതികളിൽ ഉൾപ്പെടുന്നതല്ല. ഇക്കാരണത്താലാണ് രണ്ടാം സൂപ്പർ ഓവറിൽ രോഹിത്തിന് വീണ്ടും അവസരം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ഐസിസി ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.

ആദ്യ സൂപ്പർ ഓവറിലെ നാലാം പന്തിൽ രോഹിത് സിംഗിളെടുത്തതോടെ യശസ്വി ജയ്സ്വാളിന് സ്ട്രൈക്ക് ലഭിച്ചു. ഇന്ത്യയുടെ വിജയലക്ഷ്യം ഒരു പന്തിൽ 2 റൺസ്. ഈ സമയത്താണ് രോഹിത് അപ്രതീക്ഷിതമായി പിച്ച് വിട്ട് ഡഗ്ഔട്ടിലേക്കു മടങ്ങിയത്. പകരക്കാരനായി റിങ്കു സിങ് നോൺ സ്ട്രൈക്ക് എൻഡിലെത്തി.

പരുക്കും ശാരീരിക അസ്വസ്ഥതകളും കാരണമാണ് സാധാരണ ഗതിയിൽ ബാറ്റർ റിട്ടയേഡ് ഹർട്ട് ആകുന്നത്. എന്നാൽ തന്ത്രപരമായ തീരുമാനങ്ങളുടെ പേരിൽ ഇങ്ങനെ മടങ്ങുന്ന ബാറ്റർക്ക് വീണ്ടും ബാറ്റിങ്ങിനിറങ്ങാൻ എതിർ ടീം ക്യാപ്റ്റന്റെ അനുമതിയും ആവശ്യമാണ്. രണ്ടാം സൂപ്പർ  ഓവറിലെ രോഹിത്തിന്റെ മടങ്ങിവരവ് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാന്റെ അനുവാദത്തോടെ ആയിരുന്നെന്നാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് പറയുന്നത്. രണ്ടാം സൂപ്പർ ഓവറിൽ ഒരു സിക്സും ഫോറും അടക്കം 11 റൺസും നേടിയ രോഹിത്തിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമാകുകയും ചെയ്തു.

English Summary:

Rohit Sharma Out or Not Out?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com