ADVERTISEMENT

കറാച്ചി ∙ പാക്ക് നടി സനാ ജാവേദുമായി വിവാഹിതനായ ശുഐബ് മാലിക്കിന് ആശംസ നേർന്ന് മുൻ പാക്ക് ക്രിക്കറ്ററും മാലിക്കിന്റെ സഹതാരവുമായിരുന്ന ഷഹീദ് അഫ്രീദി. മാലിക്കിന് ആശംസകൾ നേരുന്നതോടൊപ്പം ശേഷിക്കുന്ന ജീവിതകാലം മുഴുവൻ നവവധുവിനൊപ്പം സന്തോഷവാനായിരിക്കാൻ മാലിക്കിനെ ദൈവം സഹായിക്കട്ടെയെന്നും അഫ്രീദി പറഞ്ഞു. പാക്കിസ്ഥാനിലെ സ്വകാര്യ ടിവി ചാനലിന്റെ പരിപാടിക്കിടെയായിരുന്നു അഫ്രീദിയുടെ പരാമർശം.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് സനാ ജാവേദുമായി ശുഐബ് മാലിക്ക് വിവാഹിതനായത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായി വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മാലിക്ക് മൂന്നാം വിവാഹത്തിന്റെ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതിനുപിന്നാലെ ഏതാനും മാസങ്ങൾക്കു മുൻപ് സാനിയ മാലിക്കിൽനിന്ന് വിവാഹമോചനം നേടിയതായി ബന്ധുക്കൾ വെളിപ്പെടുത്തുകയും ചെയ്തു. 

അതിനിടെ സനാ ജാവേദും മാലിക്കും തമ്മിൽ കഴിഞ്ഞ മൂന്നു വർഷമായി പരിചയമുണ്ടെന്ന വാർത്തയും പാക്ക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ‘ജീത്തോ പാക്കിസ്ഥാൻ’ ടിവി ഷോയിൽവച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സനാ ജാവേദ് ഉണ്ടെങ്കിൽ മാത്രമേ പരിപാടിയിൽ പങ്കെടുക്കുകയുള്ളൂ എന്ന നിബന്ധനയും മാലിക്ക് മുന്നോട്ടുവച്ചിരുന്നു. ഉമൈർ ജസ്‌വാളുമായുള്ള ആദ്യ വിവാഹബന്ധം വേർപെടുത്തിയാണ് സന രണ്ടാം വിവാഹത്തിനു തയാറായത്. 

സനാ ജാവേദുമായുള്ള ബന്ധത്തെ മാലിക്കിന്റെ കുടുംബം ശക്തമായി എതിർത്തിരുന്നു. അദ്ദേഹത്തിന്റെ സഹോദരി തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തുവന്നു. വിവാഹത്തിന് മാലിക്കിന്റെ ബന്ധുക്കൾ പങ്കെടുത്തില്ലെന്നാണ് വിവരം. 2010ലാണ് സാനിയയും മാലിക്കും വിവാഹിതരായത്. മാലിക്കിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ ബന്ധത്തിൽ അഞ്ചുവയസ്സുള്ള മകനുണ്ട്. കുട്ടി ഇപ്പോൾ സാനിയയുടെ സംരക്ഷണത്തിലാണുള്ളത്. 

English Summary:

"I hope Allah keeps him happy with this wife": Shahid Afridi reacts to Shoaib Malik's third marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com