ഒരോവറിൽ മൂന്നു നോ ബോൾ എറിഞ്ഞത് ഒത്തുകളി? ശുഐബ് മാലിക്ക് മടങ്ങിയതല്ല, പുറത്താക്കിയത്!
Mail This Article
ധാക്ക∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെതിരെ ഒത്തുകളി ആരോപണം. ബംഗ്ലദേശ് പ്രീമിയര്‍ ലീഗിൽ ഫോർച്യൂൺ ബാരിഷാൽ ടീമിന്റെ താരമായ മാലിക്ക് ഒരു ഓവറിൽ തന്നെ മൂന്നു നോ ബോളുകൾ എറിഞ്ഞ സംഭവത്തിലാണ് ഒത്തുകളി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പിന്നാലെ താരവുമായുള്ള കരാർ ഫോർച്യൂൺ ടീം അവസാനിപ്പിച്ചു. ഇതേ തുടര്‍ന്നാണ് ബംഗ്ലദേശ് പ്രീമിയര്‍ ലീഗ് പകുതിക്കുവച്ച് ഉപേക്ഷിച്ച് മാലിക്ക് ദുബായിലേക്കു മടങ്ങിയതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തിപരമായ കാരണങ്ങളാലാണ് മാലിക് ടീം വിട്ടുപോയതെന്ന് ഫോർച്യൂൺ ബാരിഷാൽ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സഹതാരങ്ങളെ ഞെട്ടിച്ചുകൊണ്ട് ശുഐബ് മാലിക്ക് ഒരോവറിൽ തുടർച്ചയായി മൂന്നു നോബോളുകൾ എറിഞ്ഞത്. ഈ ഓവറിൽ താരം 18 റൺസ് വഴങ്ങുകയും ചെയ്തു.
ഫോർച്യൂൺ ടീം ക്യാപ്റ്റൻ തമീം ഇക്ബാൽ പവർപ്ലേയിൽ തന്നെ മാലിക്കിനെ പന്തെറിയാന്‍ ഇറക്കുകയായിരുന്നു. 188 റൺസെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഖുൽന ടൈഗേഴ്സ് ആദ്യ നാല് ഓവറുകളിൽ 50 റൺസ് കടക്കുകയും ചെയ്തു. മത്സരത്തിൽ 18 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഖുല്‍ന ടൈഗേഴ്സ് വിജയത്തിലെത്തി. ഒരോവര്‍ മാത്രമാണ് മാലിക്ക് മത്സരത്തിൽ പന്തെറിഞ്ഞത്.
പാക്ക് ദേശീയ ടീമിന്റെ ഭാഗമല്ലാത്ത മാലിക്ക്, കഴിഞ്ഞ ദിവസം ട്വന്റി20 ക്രിക്കറ്റിൽ 13,000 റൺസെന്ന നേട്ടത്തിലെത്തിയിരുന്നു. ബംഗ്ലദേശ് പ്രീമിയർ ലീഗിൽ രംഗ്പൂർ റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു താരം 13,000 റൺസ് തികച്ചത്. ഏഴു ടീമുകൾ മത്സരിക്കുന്ന ബിപിഎല്ലിൽ നിലവിൽ ആറാം സ്ഥാനത്താണ് ഫോർച്യൂണ്‍.