ബംഗ്ലദേശിൽ തുടരാൻ താൽപര്യമില്ല, ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് ദുബായിലെത്തി മാലിക്ക്
Mail This Article
ധാക്ക∙ വിവാഹത്തിനു പിന്നാലെ ബംഗ്ലദേശ് പ്രീമിയർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് ദുബായിലേക്കു മടങ്ങി. താരം ഇനി ഫോർച്യൂൺ ബാരിഷാൽ ക്ലബ്ബിനായി കളിക്കില്ലെന്ന് ടീം പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ശുഐബ് മാലിക്കും പാക്കിസ്ഥാൻ നടി സന ജാവേദും വിവാഹിതരായത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷമായിരുന്നു മാലിക്ക് മൂന്നാമതും വിവാഹിതനായത്. വിവാഹത്തിനു ശേഷം മാലിക്ക് ബംഗ്ലദേശിലെത്തി ലീഗിന്റെ ഭാഗമായിരുന്നു.
എന്നാൽ അധികം വൈകാതെ ദുബായിലേക്കു മടങ്ങിപ്പോകാൻ മാലിക്ക് തീരുമാനിക്കുകയായിരുന്നു. പാക്ക് താരമായ മാലിക്ക് നിലവിൽ ദുബായിലാണു താമസിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ടീം വിട്ടതെന്ന് ഫോർച്യൂൺസ് അറിയിച്ചു. മാലിക്കിനു പകരക്കാരനായി പാക്കിസ്ഥാൻ താരമായ അഹമ്മദ് ഷെഹ്സാദിനെ ഫോർച്യൂൺസ് ടീമിൽ ഉൾപ്പെടുത്തി.
ട്വന്റി20 ക്രിക്കറ്റിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യക്കാരനെന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം മാലിക് സ്വന്തമാക്കിയിരുന്നു. ഫോർച്യൂണിനു വേണ്ടി ഇറങ്ങിയ മത്സരത്തിൽ തന്നെയായിരുന്നു മാലിക് നേട്ടത്തിലെത്തിയത്. സനയുമൊത്തുള്ള വിവാഹ ചിത്രം മാലിക്ക് സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോഴായിരുന്നു താരത്തിന്റെ വിവാഹത്തെപ്പറ്റി ആരാധകർ അറിഞ്ഞത്. സന ജാവേദിന്റെ അടുത്ത സുഹൃത്തുക്കൾ പോലും വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ഒരു പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സന ജാവേദിന്റെ രണ്ടാം വിവാഹമാണിത്. ഗായകനായ ഉമർ ജസ്വാളിനെയാണ് സന ആദ്യം വിവാഹം കഴിച്ചത്. എന്നാൽ 2023 ൽ ഇരുവരും വേർപിരിഞ്ഞു. പാക്ക് മാധ്യമമായ സമ ടിവിയിലെ ഒരു മാധ്യമ പ്രവർത്തകനാണ് മാലിക്ക് പാക്കിസ്ഥാനി നടിയുമായി പ്രണയത്തിലായ വിവരം ആദ്യം പുറത്തുവിടുന്നത്. മാലിക്ക് സനയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ സാനിയ മിർസ, ഇക്കാര്യം പാക്ക് താരത്തിന്റെ ബന്ധുക്കളോടു പറഞ്ഞിരുന്നു. തുടർന്ന് മാലിക്കിന്റെ കുടുംബം ദുബായിലെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.
മാലിക്കിന്റെ മൂത്ത സഹോദരിയുടെ ഭർത്താവ് ഇമ്രാൻ സഫറാണ് ഇക്കാര്യത്തില്‍ കൂടുതൽ ചർച്ചകൾ നടത്തിയത്. എന്നാൽ വിവാഹ ബന്ധം തുടരേണ്ടതില്ലെന്ന് മാലിക്കും സാനിയയും തീരുമാനിച്ചു. കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ മുതല്‍ സാനിയയ്ക്കൊപ്പമായിരുന്നു മാലിക്കിന്റെ കുടുംബം നിന്നത്. മാലിക്കിന്റെ മൂന്നാം വിവാഹത്തിൽ ബന്ധുക്കളാരും പങ്കെടുത്തതുമില്ല.