ബംഗ്ലദേശ് വിട്ടത് ഒത്തുകളി കാരണമല്ല, ഒഴിവാക്കാനാകാത്ത പരിപാടി ഉണ്ടായിരുന്നെന്ന് മാലിക്ക്
Mail This Article
ദുബായ്∙ ബംഗ്ലദേശ് പ്രീമിയർ ലീഗിലെ ഒത്തുകളി ആരോപണത്തിൽ നിലപാടു വ്യക്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ഒത്തുകളി ആരോപണം ഉയർന്നതുകൊണ്ടല്ല താൻ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയതെന്നു മാലിക്ക് എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. ‘‘ഫോർച്യൂണ്‍ ബാരിഷാൽ ടീമിൽ ഞാൻ കളിച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളെ തള്ളിക്കളയുന്നു. ടീമിൽനിന്നു പുറത്തുപോയത് ക്യാപ്റ്റൻ തമീം ഇക്ബാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ്. ഇരു വിഭാഗവും ഒരുമിച്ചാണ് തീരുമാനമെടുത്തത്. ദുബായിൽ നേരത്തേ തീരുമാനിച്ച ഒഴിവാക്കാനാകാത്ത ഒരു പരിപാടിയുണ്ടായിരുന്നു. അതുകൊണ്ടാണ് ബംഗ്ലദേശ് പ്രീമിയർ ലീഗിൽനിന്നു പിൻവാങ്ങിയത്.’’– ശുഐബ് മാലിക്ക് പ്രതികരിച്ചു.
‘‘ഫോർച്യൂൺ ബാരിഷാൽ ടീമിന് ആശംസകൾ നേരുന്നു. ടീമിന് ഇനിയും എന്റെ പിന്തുണ ആവശ്യമായി വന്നാൽ ഞാൻ അതു നൽകാൻ തയാറാണ്. ക്രിക്കറ്റിൽ ഞാൻ എപ്പോഴും ആനന്ദം കണ്ടെത്തുന്നു. അതു തുടരുക തന്നെ ചെയ്യും. തെറ്റായ പ്രചാരണങ്ങൾ നമ്മുടെ അന്തസിനെ ബാധിക്കും. അത് അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും. വിശ്വാസ്യതയുള്ള കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കുക.’’– മാലിക്ക് വ്യക്തമാക്കി.
ഫോർച്യൂൺ ബാരിഷാൽ ടീമിന്റെ ഉടമ മിസാനുർ റഹ്മാന്റെ വിഡിയോ സന്ദേശവും മാലിക് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. പാക്ക് താരത്തിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിനെതിരായ ഒത്തുകളി ആരോപണങ്ങൾ വ്യാജമാണെന്നും ഫോർച്യൂൺ ടീം ഉടമ പറഞ്ഞു. ‘‘ശുഐബ് മാലിക്കിന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ എനിക്ക് ആശങ്കയുണ്ട്. അദ്ദേഹം ഒരു വലിയ താരമാണ്. ഞങ്ങൾക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ മാലിക്കിനു സാധിച്ചു. ഇക്കാര്യത്തിൽ ഇനിയും പ്രശ്നങ്ങളുടെ ആവശ്യമില്ല.’’– മിസാനുർ റഹ്മാൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സഹതാരങ്ങളെ ഞെട്ടിച്ചുകൊണ്ട് ശുഐബ് മാലിക്ക് ഒരോവറിൽ തുടർച്ചയായി മൂന്നു നോബോളുകൾ എറിഞ്ഞത്. ഈ ഓവറിൽ താരം 18 റൺസ് വഴങ്ങുകയും ചെയ്തു. മൂന്ന് നോബോളുകൾ പാക്കിസ്ഥാൻ താരം എറിഞ്ഞത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആരോപണം ഉയർന്നത്. മത്സരത്തിൽ ഖുൽന ടൈഗേഴ്സ് വിജയിക്കുകയും ചെയ്തു.