കളി ജയിപ്പിക്കും, ആത്മവിശ്വാസം നിറഞ്ഞ പ്രകടനം: ഉദയ് സഹറാൻ റിങ്കു സിങ്ങിനെപ്പോലെയെന്ന് അശ്വിൻ
Mail This Article
മുംബൈ∙ ഇന്ത്യ അണ്ടർ 19 ടീം ക്യാപ്റ്റൻ ഉദയ് സഹറാൻ റിങ്കു സിങ്ങിനെപ്പോലുള്ള ഒരു താരമാണെന്ന് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ അഞ്ചാം ഫൈനലിന് ഇന്ത്യ ഇറങ്ങുമ്പോഴാണ് അശ്വിന്റെ വാക്കുകൾ. ഉദയ് സഹറാൻ ടൂർണമെന്റിലെ കണ്ടെത്തലാണെന്നു പലരും ഇപ്പോൾ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതായും അശ്വിൻ വ്യക്തമാക്കി.
‘‘ക്യാപ്റ്റൻ തന്നെ ടീമിനായി കൂടുതൽ റൺസ് നേടുന്നത് ആദ്യമായാണ്. ഉദയുടെ സ്കോറല്ല, മത്സരങ്ങൾ വിജയിപ്പിക്കാനുള്ള ശേഷിയാണ് എന്നെ കൂടുതൽ ആകർഷിക്കുന്നത്. താരത്തിന്റെ ചില മികവുകൾ റിങ്കു സിങ്ങിനെ പോലെയാണ്. അതു പണം കൊടുത്ത് സ്വന്തമാക്കാൻ സാധിക്കുന്നതല്ല. ഉദയ് സഹറാനില് അതുണ്ട്. ശാന്ത സ്വഭാവത്തോടെ ആത്മവിശ്വാസം നിറഞ്ഞ പ്രകടനമാണ് അദ്ദേഹത്തിന്റേത്.’’– അശ്വിൻ യുട്യൂബ് ചാനലിൽ വ്യക്തമാക്കി.
മിഡിൽ ഓർഡർ ബാറ്ററായ ഇന്ത്യൻ ക്യാപ്റ്റൻ ഉദയ് സഹറാന്‍ ടൂർണമെന്റിലെ ടോപ് സ്കോറർമാരിൽ ഒന്നാമതാണ്. 6 മത്സരങ്ങളിൽനിന്ന് 64.83 ശരാശരിയിൽ 389 റൺസ്. ഒരു സെഞ്ചറിയും 3 അർധ സെഞ്ചറിയും നേടിയ ക്യാപ്റ്റൻ നിർണായക ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനുമായി. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു.