അതിവേഗ സെഞ്ചറിയോടെ നിലയുറപ്പിച്ച് ഡക്കറ്റ്, ഇംഗ്ലണ്ട് 207/2; രാജ്കോട്ടിൽ വിയർത്ത് ഇന്ത്യ
Mail This Article
രാജ്കോട്ട് ∙ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ച് ഓപ്പണർ ബെൻ ഡക്കറ്റിന് അതിവേഗ സെഞ്ചറി. ഇംഗ്ലണ്ടിന്റെ സ്വതസിദ്ധമായ ബാസ്ബോൾ ശൈലിയിൽ തകർത്തടിച്ച ഡക്കറ്റ്, ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ചറിയാണ് രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ കുറിച്ചത്. വെറും 88 പന്തിൽനിന്നാണ് താരത്തിന്റെ സെഞ്ചറി പ്രകടനം. 18 ഫോറും ഒരു സിക്സും സഹിതമാണ് ഡക്കറ്റ് സെഞ്ചറിയിലെത്തിയത്. ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ഇന്ത്യൻ മണ്ണിൽ വേഗമേറിയ മൂന്നാമത്തെ സെഞ്ചറിയാണ് ഡക്കറ്റിന്റേത്. ഇംഗ്ലണ്ടിനു പുറത്ത് ഇംഗ്ലിഷ് താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ടെസ്റ്റ് സെഞ്ചറിയെന്ന നേട്ടവും താരത്തിനു സ്വന്തം.
രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. എട്ടു വിക്കറ്റുകൾ കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445 റൺസിനേക്കാൾ 238 റൺസ് മാത്രം പിന്നിൽ. ഇതുവരെ 118 പന്തുകൾ നേരിട്ട ഡക്കറ്റ് 133 റൺസോടെ ക്രീസിലുണ്ട്. നേടിയത് 21 ഫോറും രണ്ടു സിക്സും. ജോ റൂട്ട് (13 പന്തിൽ 9*) ആണ് ഒപ്പം ക്രീസിൽ.
ഒലി പോപ്പ് 30–ാം ഓവറിന്റെ അവസാന പന്തിൽ എൽബിയിൽ കുരുങ്ങിയ പുറത്തായി. 55 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്താണ് പോപ്പിന്റെ മടക്കം. രണ്ടാം വിക്കറ്റിൽ ഇരുവരും 102 പന്തില 93 റൺസാണ് കൂട്ടിച്ചേർത്തത്. ഓപ്പണിങ് വിക്കറ്റിൽ സാക് ക്രൗളിക്കൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് ഡക്കറ്റ് തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. ക്രൗളി താളം കണ്ടെത്താൻ വിഷമിച്ച പിച്ചിൽ ഡക്കറ്റ് അനായാസം ബൗണ്ടറികൾ കണ്ടെത്തി താണ്ഡവമാടി. ഒടുവിൽ അശ്വിന്റെ 500–ാം ടെസ്റ്റ് ഇരയായി ക്രൗളി പുറത്തായെങ്കിലും, ഒലി പോപ്പിനെ കൂട്ടുപിടിച്ച് ഡക്കറ്റ് ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു.
28 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റണ്‍സെടുത്താണ് ക്രൗളി പുറത്തായത്. ഇതോടെ, ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബോളറായി അശ്വിൻ മാറി. 98–ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. 87–ാം ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കയുടെ മുൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്.
∙ കരുത്തോടെ ഇന്ത്യ
നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 445 റൺസെടുത്ത് എല്ലാവരും പുറത്തായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ (131), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചറികളും, അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന യുവതാരങ്ങളായ സർഫറാസ് ഖാൻ (62), ധ്രുവ് ജുറൽ (46) എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ 130.5 ഓവറിലാണ് ഇന്ത്യ 445 റൺസ് അടിച്ചുകൂട്ടിയത്.
രവീന്ദ്ര ജഡേജ (112), കുൽദീപ് യാദവ് (4), ധ്രുവ് ജുറൽ (46), രവിചന്ദ്രൻ അശ്വിൻ (37), ജസ്പ്രീത് ബുമ്ര (26) എന്നിവരാണ് രണ്ടാം ദിനം ഇന്ത്യൻ നിരയിൽ പുറത്തായത്. ഇതിൽ ജുറൽ – അശ്വിൻ സഖ്യം എട്ടാം വിക്കറ്റിൽ 77 റൺസും, ബുമ്ര – സിറാജ് സഖ്യം 10–ാം വിക്കറ്റിൽ 30 റൺസും കൂട്ടിച്ചേർത്താണ് ഇന്ത്യയെ 445ൽ അത്തിച്ചത്. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് നാലു വിക്കറ്റ് വീഴ്ത്തി. 27.5 ഓവറിൽ 114 റൺസ് വഴങ്ങിയാണ് വുഡ് നാലു വിക്കറ്റെടുത്തത്. റെഹാൻ അഹമ്മദ് 22 ഓവറിൽ 85 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജയിംസ് ആൻഡേഴ്സൻ, ടോം ഹാർട്‌ലി, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം ചായയ്ക്കു പിരിയുമ്പോൾ ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 31 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ ബെൻ ഡക്കറ്റ് 22 പന്തിൽ 19 റൺസോടെയും, സാക് ക്രൗളി 15 പന്തിൽ ആറു റൺസോടെയും ക്രീസിൽ.
∙ രണ്ടാം ദിനം, രണ്ട് കൂട്ടുകെട്ട്
എട്ടാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത രവിചന്ദ്രൻ അശ്വിൻ – ധ്രുവ് ജുറൽ സഖ്യമാണ് രണ്ടാം ദിനം ഇന്ത്യൻ ഇന്നിങ്സിനെ താങ്ങിനിർത്തിയത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 77 റൺസ്. അഞ്ചിന് 326 റൺസുമായി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക്, ആറു റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായതാണ്. ഒന്നാം ദിനം കളി നിർത്തുമ്പോൾ ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ രണ്ടു റൺസ് കൂടി കൂട്ടിച്ചേർത്ത് 112 റൺസോടെയും കുൽദീപ് യാദവ് മൂന്നു റൺസ് കൂടി കൂട്ടിച്ചേർത്ത് നാലു റൺസെടുത്തുമാണ് പുറത്തായത്.
ഇതിനു പിന്നാലെയാണ് അശ്വിൻ – ജുറൽ സഖ്യവും പിന്നീട് ബുമ്ര – സിറാജ് സഖ്യവും ഇന്ത്യയ്ക്ക് കരുത്തായത്. ജുറൽ 104 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 46 റൺസെടുത്തും അശ്വിൻ 89 പന്തിൽ ആറു ഫോറുകളോടെ 37 റൺസെടുത്തും പുറത്തായി. ഇവർ പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചെന്നു കരുതിയെങ്കിലും, പത്താം വിക്കറ്റിൽ 30 റൺസ് കൂട്ടുകെട്ട് തീർത്ത് ജസ്പ്രീത് ബുമ്ര – മുഹമ്മദ് സിറാജ് സഖ്യം ഇന്ത്യയെ 440 കടത്തി. ബുമ്ര 28 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 26 റൺസെടുത്ത് പുറത്തായി. സിറാജ് മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
∙ പടനയിച്ച് രോഹിത്, പിന്തുണച്ച് ജഡേജ
സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ തന്നെ ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് 196 പന്തിൽ 14 ഫോറും മൂന്നു സിക്സും സഹിതം 131 റൺസെടുത്തു. രവീന്ദ്ര ജഡേജ 225 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 112 റൺസെടുത്തും പുറത്തായി. ഒരു ഘട്ടത്തിൽ മൂന്നിന് 33 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, നാലാം വിക്കറ്റിൽ ഇരട്ടസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ഇരുവരും കരകയറ്റിയത്. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിലേക്ക് അടിച്ചുകൂട്ടിയത് 204 റൺസാണ്.
സർഫറാസ് ഖാൻ 66 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്ത് പുറത്തായി. മികച്ച ഫോമിലായിരുന്ന സർഫറാസ്, രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകിലാണ് പുറത്തായത്. ധ്രുവ് ജുറൽ 104 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 46 റൺസെടുത്തും പുറത്തായി. ഇവർക്കു പുറമേ, 89 പന്തിൽ ആറു ഫോറുകളോടെ 37 റൺസെടുത്ത രവിചന്ദ്രൻ അശ്വിൻ, അവസാന വിക്കറ്റിൽ തകർത്തടിച്ച ജസ്പ്രീത് ബുമ്ര (28 പന്തിൽ 26) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി.
യശസ്വി ജയ്‌സ്വാൾ (10 പന്തിൽ 10), ശുഭ്മൻ ഗിൽ (0), രജത് പാട്ടിദാർ (15 പന്തിൽ 5), കുൽദീപ് യാദവ് (4), മുഹമ്മദ് സിറാജ് (പുറത്താകാതെ 3) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം