കുൽദീപിന്റെ നീക്കം പിഴച്ചു, ഡൈവ് ചെയ്തിട്ടും രക്ഷയില്ല; ശുഭ്മൻ ഗിൽ റൺഔട്ട്, സെഞ്ചറി നഷ്ടം
Mail This Article
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനു സെഞ്ചറി നഷ്ടം. നാലാം ദിവസം 91 റൺസിൽ നിൽക്കെ ഗിൽ റൺഔട്ടാകുകയായിരുന്നു. സെഞ്ചറി നഷ്ടമായ നിരാശയോടെയാണു താരം ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. 64–ാം ഓവറിലെ അവസാന പന്തിലായിരുന്നു താരത്തിന്റെ പുറത്താകല്‍.
സ്പിന്നർ ടോം ഹാര്‍ട്‍ലി എറിഞ്ഞ പന്ത് നേരിട്ട കുൽദീപ് യാദവ് റണ്ണിനായി ഓടാൻ ശ്രമിച്ചെങ്കിലും പിന്നീടു പിൻവാങ്ങുകയായിരുന്നു. പന്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പിടിച്ചെടുത്തതോടെയാണ് കുൽദീപ് പിന്നോട്ടുപോയത്. ഇതോടെ നോൺ സ്ട്രൈക്കറായിരുന്ന ഗിൽ ഡൈവ് ചെയ്ത് ക്രീസിലെത്താൻ ശ്രമിച്ചെങ്കിലും അതിനു മുൻപു തന്നെ ഹാർട്‍ലി ബെയ്ൽസ് ഇളക്കിയിരുന്നു. ബാറ്റ് ആഞ്ഞുവീശി രോഷം തീർത്ത ശേഷമാണ് ഗിൽ ഗ്രൗണ്ട് വിട്ടത്.
ഒൻപതു ഫോറുകളും രണ്ട് സിക്സുകളും ഗിൽ ബൗണ്ടറി കടത്തി. വിശാഖപട്ടണം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഗിൽ സെഞ്ചറി തികച്ചിരുന്നു. എന്നാൽ രാജ്കോട്ടിൽ ആദ്യ ഇന്നിങ്സിൽ താരം പൂജ്യത്തിനു പുറത്തായി. മത്സരം 82 ഓവറുകൾ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തില്‍ 314 റൺസെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർ യശസ്വി ജയ്സ്വാളും (192 പന്തിൽ 150), സർഫറാസ് ഖാനുമാണ് (23 പന്തിൽ 22) ക്രീസിൽ. ഇന്ത്യയുടെ ലീഡ് 442 റൺസ് കടന്നു മുന്നേറുകയാണ്.