ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകാൻ യുവരാജ് സിങ്? ഗുർദാസ്പുരിൽനിന്ന് മത്സരിച്ചേക്കും
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ് മത്സരിച്ചേക്കും. പഞ്ചാബിലെ ഗുർദാസ്പുരിൽനിന്ന് താരം ജനവിധി തേടുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. നടൻ സണ്ണി ഡിയോളാണ് ഗുർദാസ്പുരിൽനിന്നുള്ള ലോക്സഭാംഗം. സണ്ണി ഡിയോളിന്റെ പ്രവർത്തനത്തിൽ വോട്ടർമാർ അതൃപ്തിയിലാണെന്ന വിലയിരുത്തലിലാണ് ബിജെപി പുതുമുഖത്തെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്.
Read Also: വിരാട് കോലി – അനുഷ്ക ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു; ജനനം ഫെബ്രുവരി 15ന്, പേര് അകായ്!
അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി യുവരാജ് സിങ് ചർച്ച നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായിരുന്നു കൂടിക്കാഴ്ചയെന്നാണു വിലയിരുത്തൽ. നടൻ വിനോദ് ഖന്ന മുൻപ് ഗുർദാസ്പുരിൽനിന്നുള്ള പാർലമെന്റംഗമായിരുന്നു. കോണ്‍ഗ്രസിലേക്കു പോയ മുൻ ഇന്ത്യന്‍ താരം നവ്ജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്ക് തിരഞ്ഞെടുപ്പിനു മുൻപ് മടങ്ങിയെത്തുമെന്നു റിപ്പോർട്ടുകളുണ്ട്.
സിദ്ദു ബിജെപിയിലേക്കു തിരിച്ചെത്തിയാൽ അമൃത്‍സറിൽനിന്നു മത്സരിക്കാനാണു സാധ്യത. ട്വന്റി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവ വിജയിച്ച ഇന്ത്യന്‍ ടീമുകളുടെ ഭാഗമായിരുന്നു യുവരാജ് സിങ്. 362 റൺസും 15 വിക്കറ്റുകളും നേടിയ യുവരാജ് 2011 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. ഇന്ത്യയ്ക്കായി ഏകദിനത്തിൽ 304 മത്സരങ്ങളും ടെസ്റ്റിൽ 40, ട്വന്റി20യിൽ 58 മത്സരങ്ങൾ വീതവും യുവരാജ് കളിച്ചിട്ടുണ്ട്.