ഇതെങ്ങനെ നോബോൾ അല്ലാതാകും? ശ്രീലങ്ക തോറ്റു, അംപയർമാർക്കെതിരെ ആരാധകർ; രൂക്ഷവിമർശനം
Mail This Article
ദാംബുള്ള∙ അഫ്ഗാനിസ്ഥാൻ– ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നോ ബോളിനെച്ചൊല്ലി വൻ വിവാദം. ശ്രീലങ്കൻ ബാറ്റിങ്ങിനിടെ അഫ്ഗാൻ ബോളർ എറിഞ്ഞ പന്തിൽ അംപയർ നോബോൾ അനുവദിക്കാതിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തിൽ ആതിഥേയരായ ശ്രീലങ്ക തോറ്റതോടെ അംപയർമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം കനക്കുകയാണ്.
അവസാന ഓവറിലെ നാലാം പന്ത് ബാറ്ററുടെ അരയ്ക്കു മുകളിലൂടെയാണു കടന്നു പോയതെങ്കിലും അംപയർ നോ ബോൾ അനുവദിച്ചില്ല. അഫ്ഗാൻ താരം വഫാദർ മൊമാന്ത് എറിഞ്ഞ പന്ത് കമിന്ദു മെൻഡിസിന്റെ അരയ്ക്കു മുകളിലൂടെ തോളിനോടു ചേർന്നാണു കടന്നു പോയത്. താരം നോബോളിനായി വാദിച്ചെങ്കിലും അംപയർ അംഗീകരിച്ചില്ല. മെന്‍ഡിസ് ക്രീസിൽനിന്ന് ഇറങ്ങിയാണു പന്തു നേരിട്ടതെങ്കിലും പന്തിന്റെ ഗതി വച്ച് നോബോൾ വിളിക്കാമെന്നാണ് ആരാധകരുടെ വാദം.
അവസാന പന്തുവരെ ശ്രീലങ്ക പൊരുതിനോക്കിയെങ്കിലും മൂന്ന് റണ്‍സിനു തോൽക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോള്‍, ശ്രീലങ്കയ്ക്ക് ആറിന് 206 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ശ്രീലങ്ക വിജയിച്ചിരുന്നു. ആശ്വാസ ജയത്തോടെ പരമ്പര 2–1 എന്ന നിലയിൽ അഫ്ഗാൻ അവസാനിപ്പിച്ചു.