വിജയാഘോഷത്തിനിടെ ഹൃദയാഘാതം; കർണാടക ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
Mail This Article
ബെംഗളൂരു∙ എയ്ജിസ് സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിനിടെ, കർണാടക ക്രിക്കറ്റ് താരം കെ.ഹൊയ്സാല (34) ഹൃദയാഘാതം മൂലം മരിച്ചു. ബെംഗളൂരുവിലെ ആർഎസ്ഐ മൈതാനത്ത് വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. തമിഴ്നാടിനെതിരായ മത്സരത്തിൽ വിജയിച്ചതിനു പിന്നാലെ ടീമംഗങ്ങളോടൊപ്പം വിജയാഘോഷത്തിനെത്തിയ ഹൊയ്സാലയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയുമായിരുന്നു.
Read Also: മിന്നു മണിയുടെയും സജനയുടെയും ‘ക്രിക്കറ്റ് ഗുരു’; ഡബ്ല്യുപിഎൽ മത്സരം കാണാൻ എൽസമ്മ ബെംഗളൂരുവിൽ
സഹതാരങ്ങളും വൈദ്യസംഘവും പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും താരത്തിന് ബോധം വീണില്ല. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക ടീമിൽ അണ്ടർ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്സാല. കർണാടക പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്.
തമിഴ്നാടിനെതിരായ മത്സരത്തിലും ഹൊയ്സാല മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യം ബാറ്റു ചെയ്ത കർണാടകയ്ക്കായി 13 റൺസും പിന്നീട് തമിഴ്നാടിന്റെ ഓപ്പണർ പി.പർവീൺ കുമാറിന്റെ വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഒരു റൺസിനാണ് കർണാടക ജയിച്ചത്. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാടിന്റെ ഇന്നിങ്സ് 171ൽ അവസാനിച്ചു.