ADVERTISEMENT

റാഞ്ചി ∙ ബിഹാറിലെ റോഹ്‌താസിൽ നിന്ന് കൊൽക്കത്ത വഴി റാഞ്ചിയിലേക്ക്.. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ എത്തി നിൽക്കുന്ന പേസ് ബോളർ ആകാശ് ദീപിന്റെ ക്രിക്കറ്റ് യാത്രയ്ക്കു പിന്നിൽ ഒരമ്മയും മകനും ചേർന്നു പിന്നിട്ട യാതനകളുടെ കഥകളുണ്ട്. സാമ്പത്തിക പരാധീനതകളും പിതാവിന്റെ മരണവും തളർത്തിയപ്പോഴും തന്റെ സ്വപ്നങ്ങൾക്കൊപ്പം നടന്ന അമ്മ ലധുമ ദേവിയായിരുന്നു ആകാശിന്റെ കരുത്ത്. പരിശീലകൻ രാഹുൽ ദ്രാവിഡിൽ നിന്ന് മകൻ ഇന്നലെ ഇന്ത്യൻ ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങുമ്പോൾ നിറകണ്ണുകളോടെ അമ്മയും സമീപത്തുണ്ടായിരുന്നു.

Read Also: വിജയാഘോഷത്തിനിടെ ഹൃദയാഘാതം; കർണാടക ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

കായികാധ്യാപകൻ കൂടിയായിരുന്ന ആകാശ് ദീപിന്റെ പിതാവ് മാലിക്കിനു മകനെ സർക്കാർ ജോലിക്കാരൻ ആക്കണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കുന്നതിനു ചെറുപ്പം മുതലേ വിലക്കുണ്ടായി. ഭർത്താവ് അറിയാതെ മകനെ ക്രിക്കറ്റ് കളിക്കാൻ അയച്ചതും മത്സര ഉപകരണങ്ങൾ വാങ്ങി നൽകിയതും ലധുമ ദേവിയായിരുന്നു. റിട്ടയർമെന്റിനു പിന്നാലെ അസുഖ ബാധിതനായ മാലിക്ക് 9 വർഷം മുൻപ് മരിച്ചു. 6 മാസം തികയും മുൻപ് മൂത്ത സഹോദരനെയും ആകാശിനു നഷ്ടമായി. 2 ഇളയ സഹോദരിമാർ അടങ്ങിയ കുടുംബം പുലർത്തുന്നതിനായി ക്രിക്കറ്റ് ഉപേക്ഷിക്കാനൊരുങ്ങിയ ആകാശിനെ വിലക്കിയ അമ്മ, ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. കരിയറിലെ വളർച്ചയ്ക്കായി ആകാശിനെ കൊൽക്കത്തയിലേക്ക് അയച്ചു.

കൊൽ‌ക്കത്തയിലെ പ്രാദേശിക ക്ലബ്ബുകൾക്കായി മികച്ച പ്രകടനം നടത്തിയ ആകാശ് ദീപിന്റെ കരിയറിൽ നിർണായകമായത് ബംഗാൾ ടീമിലേക്കുള്ള സിലക്‌ഷനാണ്.  കഴിഞ്ഞ മാസം ഇംഗ്ലണ്ട് എ ടീമിനെതിരായ ടെസ്റ്റ് പരമ്പരയിൽ 12 വിക്കറ്റ് നേടിയ പ്രകടനമാണ് ടെസ്റ്റ് ടീമിലേക്കുള്ള വാതിൽ തുറന്നത്. ആദ്യ മത്സരത്തിൽതന്നെ മൂന്നു വിക്കറ്റുമായി തിളങ്ങാനും ആകാശിനായി.

English Summary:

Ladhuma Devi, Akash Deep's mother supported his cricket journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com