രാഷ്ട്രീയ ഇടപെടൽ: ആത്മാഭിമാനം നഷ്ടപ്പെട്ടു, ആന്ധ്ര ടീമിൽ തുടരുന്നതിൽ അർഥമില്ലെന്ന് മുൻ ഇന്ത്യൻ താരം
Mail This Article
ബെംഗളൂരു ∙ ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്ര ക്രിക്കറ്റ് ടീമിനെ ഇനി ഒരിക്കലും പ്രതിനിധീകരിക്കില്ലെന്ന് ഇന്ത്യൻ താരം ഹനുമ വിഹാരി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നത്തിനു പിന്നാലെയാണ് വിഹാരിയുടെ തീരുമാനം.‘ആത്മാഭിമാനം നഷ്ടപ്പെട്ടു ടീമിൽ തുടരുന്നതിൽ അർഥമില്ല’. – വിഹാരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിഹാരിയുടെ ക്യാപ്റ്റൻസിയിലാണ് രഞ്ജി ട്രോഫിയിൽ ആന്ധ്ര ടീം ഇറങ്ങിയത്. ബംഗാളിനെതിരായ മത്സരത്തിൽ ടീമിലെ ഒരു താരത്തെ വിഹാരി ശകാരിച്ചിരുന്നു. ഈ താരം രാഷ്ട്രീയ നേതാവായ തന്റെ അച്ഛനോടു പരാതിപ്പെടുകയും അദ്ദേഹം വഴി വിഹാരിക്കെതിരെ നടപടിയെടുക്കാൻ അസോസിയേഷനിൽ സമ്മർദം ചെലുത്തുകയും ചെയ്തു. തുടർന്നാണ് വിഹാരി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്.
അതേസമയം സംഭവത്തിന്റെ ഒരു വശം മാത്രമാണ് വിഹാരി പറഞ്ഞതെന്ന് അവകാശപ്പെട്ട് ആന്ധ്ര താരം പൃഥ്വിരാജ് രംഗത്തെത്തി. തന്നെ താരങ്ങൾക്ക് ഇടയിൽവച്ച് അപമാനിക്കുകയാണ് വിഹാരി ചെയ്തതെന്നും പൃഥ്വിരാജ് അവകാശപ്പെട്ടു. വിഹാരിക്കെതിരെ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിറക്കി. വിഹാരി താരത്തെ പരസ്യമായി അപമാനിച്ചെന്നും, പരാതി ലഭിച്ചിട്ടുണ്ടെന്നും ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു. റിക്കി ഭുയിയാണ് ആന്ധ്രയുടെ പുതിയ ക്യാപ്റ്റൻ.