തുടക്കം മുതൽ തിരിച്ചടികളുടെ ഘോഷയാത്ര, എന്നിട്ടും പതറിയില്ല; ജയം റാഞ്ചിയ ഇന്ത്യൻ ബോയ്സ്
Mail This Article
റാഞ്ചി ∙ ടീമിൽ സീനിയർ താരങ്ങളുടെ അസാന്നിധ്യം, സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ടോസ് നഷ്ടപ്പെടുന്നു, ആദ്യ ഇന്നിങ്സിൽ വഴങ്ങിയ 46 റൺസ് ലീഡ്, രണ്ടാം ഇന്നിങ്സിലെ അപ്രതീക്ഷിത ബാറ്റിങ് തകർച്ച; തുടക്കം മുതൽ തിരിച്ചടികളുടെ ഘോഷയാത്ര കണ്ടിട്ടും ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ പതറിയില്ല. ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും പാക്കിസ്ഥാനെയും ന്യൂസീലൻഡിനെയും വിറപ്പിച്ചെത്തിയ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ സംഘം ഒടുവിൽ ഇന്ത്യയ്ക്കു മുന്നിൽ വീണു. ബാറ്റിങ്ങിലും ബോളിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഉൾപ്പെടെ ഒരുപിടി യുവതാരങ്ങളുമായി ഇറങ്ങിയ ‘ഇന്ത്യൻ ബോയ്സ്’ ഇംഗ്ലണ്ടിനെതിരെ ജയം റാഞ്ചിയെടുത്തു.
നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റിനു ജയിച്ച ഇന്ത്യ, ബാസ്ബോൾ യുഗത്തിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന (3–1) ആദ്യ ടീമായി മാറി. സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്: 353, രണ്ടാം ഇന്നിങ്സ്: 145. ഇന്ത്യ ഒന്നാം ഇന്നിങ്സ് 307. രണ്ടാം ഇന്നിങ്സ് 5ന് 192. അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി നേടുകയും രണ്ടാം ഇന്നിങ്സിൽ 39 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയും ചെയ്ത യുവതാരം ധ്രുവ് ജുറേലാണ് പ്ലെയർ ഓഫ് ദ് മാച്ച്. മാർച്ച് 7 മുതൽ ധരംശാലയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.
അടി, തിരിച്ചടി
വിക്കറ്റ് നഷ്ടമില്ലാതെ 40 എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇന്ത്യയ്ക്കു 2 ദിവസവും 10 വിക്കറ്റും ശേഷിക്കെ ജയിക്കാൻ 152 റൺസ് കൂടി മതിയായിരുന്നു. ഒന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്ത രോഹിത് ശർമ (55)– യശസ്വി ജയ്സ്വാൾ (37) സഖ്യം നിലയുറപ്പിച്ചതോടെ ആദ്യ സെഷനിൽ തന്നെ മത്സരം അവസാനിക്കുമെന്നു തോന്നിച്ചു.
എന്നാൽ യശസ്വിയെ ജോ റൂട്ടും രോഹിത്തിനെ ടോം ഹാർട്‌ലിയും മടക്കിയതോടെ ഇന്ത്യ അൽപമൊന്നു പതറി. 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രജത് പാട്ടിദാർ (0), രവീന്ദ്ര ജഡേജ (4), സർഫറാസ് ഖാൻ (0) എന്നിവരെ ശുഐബ് ബഷീർ പുറത്താക്കിയതോടെ ഇന്ത്യ ഞെട്ടി. ഇംഗ്ലണ്ട് അട്ടിമറി ജയം നേടുമോ എന്നു തോന്നിച്ച ഘട്ടത്തിലാണ് ശുഭ്മൻ ഗില്ലിന് (52 നോട്ടൗട്ട്) കൂട്ടായി ധ്രുവ് ജുറേൽ ക്രീസിലെത്തിയത്.
5ന് 120 എന്ന നിലയിൽ, ജയിക്കാൻ 72 റൺസ് കൂടി വേണ്ട സമയത്താണ് ജുറേലിന്റെ വരവ്. ശുഐബ് ബഷീറിന്റെയുടെയും ടോം ഹാർട്‌ലിയുടെയും പന്തുകൾ തലങ്ങും വിലങ്ങും തിരിയുന്ന, അപ്രതീക്ഷിതമായി ബൗൺസ് ചെയ്യുന്ന പിച്ചിൽ ഇരുവർക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പ്രതിരോധത്തിൽ കളിച്ചു തുടങ്ങിയ ജുറേൽ, പതിയെ സിംഗിളും ഡബിളുമായി റൺ നേടാൻ തുടങ്ങിയതോടെ ഗില്ലിനും ആത്മവിശ്വാസമായി. 77 പന്തുകൾ നേരിട്ട ജുറേൽ, 2 ഫോർ അടക്കമാണ് 39 റൺസ് നേടിയത്. മറുവശത്ത് 124 പന്തുകളിൽ 2 സിക്സ് ഉൾപ്പെടുന്നതാണ് ഗില്ലിന്റെ അർധ സെഞ്ചറി.
ക്യാപ്റ്റനായി ബെൻ സ്റ്റോക്സും പരിശീലകനായി ബ്രണ്ടൻ മക്കല്ലവും ചുമതലയേറ്റതിനു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിൽ ആരംഭിച്ച ബാസ്ബോൾ ശൈലിക്ക് ആദ്യമായി തിരിച്ചടി നേരിട്ട പരമ്പരയായിരുന്നു ഇത്. ബാസ്ബോൾ കാലത്തു നടന്ന 8 ടെസ്റ്റ് പരമ്പരകളിൽ 4 എണ്ണം ഇംഗ്ലണ്ട് ജയിച്ചപ്പോൾ 3 എണ്ണം സമനിലയായി.
971
രാജ്യാന്തര കരിയറിൽ ആദ്യത്തെ 8 ടെസ്റ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമായി യശസ്വി ജയ്സ്വാൾ (971) മാറി. മറികടന്നത് സുനിൽ ഗാവസ്കറുടെ (938) റെക്കോർഡ്. ഓസ്ട്രേലിയൻ ഇതിഹാസ താരം ഡോൺ ബ്രാഡ്മാനാണ് (1210) പട്ടികയിൽ ഒന്നാമത്.
17
സ്വന്തം മണ്ണിൽ തോൽവിയറിയാതെ, തുടർച്ചയായ 17 ടെസ്റ്റ് പരമ്പരകൾ ഇന്ത്യ പൂർത്തിയാക്കി. 2012ലാണ് അവസാനമായി സ്വന്തം നാട്ടിൽ ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് പരമ്പര നഷ്ടമായത്. പരാജയമറിയാതെ സ്വന്തം നാട്ടിൽ 10 ടെസ്റ്റ് പരമ്പരകൾ പൂർത്തിയാക്കിയ ഓസ്ട്രേലിയയാണ് (1994– 2000, 2004– 2008) പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ടെസ്റ്റ് ചാംപ്യൻഷിപ്; ഇന്ത്യ രണ്ടാമത്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയെങ്കിലും ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യ 2–ാം സ്ഥാനത്തു തുടരുകയാണ്. 8 മത്സരങ്ങളിൽ 64.58 ശതമാനം വിജയത്തോടെ 62 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 4 മത്സരങ്ങളിൽ നിന്ന് 75 ശതമാനം വിജയത്തോടെ 36 പോയിന്റുള്ള ന്യൂസീലൻഡാണ് ഒന്നാമത്. 21 പോയിന്റുള്ള ഇംഗ്ലണ്ട് എട്ടാമതാണ്.
അവധി ആഘോഷിക്കാൻ ഇംഗ്ലണ്ട് ടീം
റാഞ്ചി ∙ അഞ്ചാം ടെസ്റ്റിനു മുൻപുള്ള ഒരാഴ്ചത്തെ ഇടവേള ബെംഗളൂരുവിലും ചണ്ഡിഗഡിലുമായി ചെലവഴിക്കാൻ ഇംഗ്ലണ്ട് ടീം. ഈ കാലയളവിൽ താരങ്ങൾ പരിശീലനത്തിന് ഇറങ്ങില്ലെന്നും വിശ്രമത്തിലാകുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു.