വാലറ്റക്കാർക്ക് സെഞ്ചറി, രഞ്ജി ട്രോഫിയിൽ ആദ്യം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മുംബൈ താരങ്ങൾ
Mail This Article
മുംബൈ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി മുംബൈയുടെ വാലറ്റക്കാരായ തനുഷ് കൊട്യാനും തുഷാർ ദേശ്പാണ്ഡെയും. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തില്‍ 10,11 നമ്പരുകളിൽ ബാറ്റിങ്ങിന് ഇറങ്ങിയ താരങ്ങൾ സെഞ്ചറി നേടിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പത്താമനും പതിനൊന്നാമനും സെഞ്ചറി സ്വന്തമാക്കുന്നത് 78 വർഷത്തിനിടെ ആദ്യ സംഭവമാണ്.
1946ല്‍ ചാന്ദു സര്‍വതെയും ഷുതെ ബാനര്‍ജിയുമാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ സഖ്യം. ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്ത് മുംബൈ നിൽക്കെയാണ് തനുഷ്– തുഷാർ സഖ്യം കൈകോർക്കുന്നത്. 120 പന്തുകൾ നേരിട്ട തനുഷ് 129 റൺസുമായി പുറത്താകാതെനിന്നു. തുഷാർ ദേശ്പാണ്ഡെ 129 പന്തിൽ 123 റൺസെടുത്തു. തനുഷ് 115 പന്തുകളിലും തുഷാർ 112 പന്തുകളിലും സെഞ്ചറിയിലെത്തി.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യമായാണ് പതിനൊന്നാമനായി ബാറ്റിങ്ങിന് ഇറങ്ങുന്ന താരം സെഞ്ചറി നേടുന്നത്. ഇരുവരും ചേർന്ന് 232 റൺസിന്റെ കൂട്ടുകെട്ടാണ് മുംബൈയ്ക്കു വേണ്ടി പടുത്തുയർത്തിയത്. ആദ്യ ഇന്നിങ്സിൽ മുംബൈ 384 റൺസെടുത്തപ്പോൾ, രണ്ടാം ഇന്നിങ്സിൽ 569 റൺസെന്ന വൻ സ്കോറാണു ടീം ഉയർത്തിയത്. അഞ്ചാം ദിവസം ബറോഡയ്ക്കു ജയിക്കാൻ വേണ്ടത് 606 റൺസ്!.