‘ശിക്ഷ നടപ്പാക്കി’ ബിസിസിഐ, ശ്രേയസ് അയ്യരും ഇഷാൻ കിഷനും വാർഷിക കരാറിൽനിന്നു പുറത്ത്

Mail This Article
മുംബൈ∙ ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഇന്ത്യൻ താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യരും പുറത്ത്. ദേശീയ സീനിയർ ടീമിൽ നിലനിർത്തിയ താരങ്ങളുടെ പുതുക്കിയ പട്ടികയിൽന്നാണ് ഇരുവരും പുറത്തായത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തിലാണുള്ളത്. ദേശീയ ടീമിൽ കളിക്കുന്നില്ലെങ്കിൽ ഈ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കി.
Read Also: രാഷ്ട്രീയ ഇടപെടൽ: ആത്മാഭിമാനം നഷ്ടപ്പെട്ടു, ആന്ധ്ര ടീമിൽ തുടരുന്നതിൽ അർഥമില്ലെന്ന് മുൻ ഇന്ത്യൻ താരം
2024 സെപ്റ്റംബർ 30 വരെയാണ് കരാറിന്റെ കാലാവധി. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ താരങ്ങളാണ് എ പ്ലസ് വിഭാഗത്തിലുള്ളത്. ആറ് താരങ്ങൾ എ ഗ്രേഡിലുണ്ട്. ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് എ ഗ്രേഡിലുള്ള താരങ്ങൾ.
ബിസിസിഐയുമായി കരാറിലുള്ള താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് സെക്രട്ടറി ജയ് ഷാ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് ഇഷാൻ കിഷൻ അവധിയിൽ പോയത്. കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇഷാൻ കിഷൻ ഇന്ത്യൻ ടീം ക്യാംപ് വിട്ടത്. ബിസിസിഐ നിർബന്ധിച്ചെങ്കിലും രഞ്ജി ട്രോഫിയിൽ കളിക്കാൻ താരം തയാറായില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനായി ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം പരിശീലനത്തിലായിരുന്നു താരം.
ശ്രേയസ് അയ്യർ മുംബൈ ടീമിനൊപ്പം ചേർന്നെങ്കിലും താരത്തെയും ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ഋഷഭ് പന്തിന് ബി ഗ്രേഡാണ് അനുവദിച്ചിരിക്കുന്നത്. യുവതാരം യശസ്വി ജയ്സ്വാളും ബി ഗ്രേഡിലുണ്ട്. ആകാശ്ദീപ്, വിജയ്കുമാർ വൈശാഖ്, ഉമ്രാൻ മാലിക്ക്, യാഷ് ദയാൽ, വിദ്വാത് കവേരപ്പ എന്നിവർ ഫാസ്റ്റ് ബോളിങ് കരാർ നൽകാനും നിർദേശമുണ്ട്.
വാർഷിക കരാറിലുള്ള താരങ്ങൾ
ഗ്രേഡ് എ പ്ലസ്– രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
ഗ്രേഡ് എ– ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ
ഗ്രേഡ് ബി– സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ
ഗ്രേഡ് സി– റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്‌വാദ്, ഷാർദൂൽ ഠാക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയി, ജിതേഷ് ശര്‍മ, വാഷിങ്ടൻ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ.എസ്. ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ