ഗെയ്ൽ കുട്ടപ്പനെന്ന് ആദ്യം വിളിച്ചത് പ്രിയദർശൻ; ബാറ്റെടുത്താൽ സിക്സ്, അല്ലെങ്കിൽ ഔട്ട്, അതാണ് രീതി
Mail This Article
ബാറ്റെടുത്താൽ സിക്സ്, അല്ലെങ്കിൽ ഔട്ട്– ഈ രണ്ടുരീതികൾ മാത്രമേ ഗെയ്ൽ കുട്ടപ്പന് അറിയൂ – ഹിറ്റ് ഔട്ട് ഓർ ഗെറ്റ് ഔട്ട്! തിരുവനന്തപുരം മീനാങ്കൽ സ്വദേശി ബി.സുമേഷിനെ ടെന്നിസ് ബോൾ ക്രിക്കറ്റിലെ ഗെയ്ൽ കുട്ടപ്പനാക്കി വളർത്തിയത് ഈ ശൈലിയാണ്. കേരളത്തിലെമ്പാടുമുള്ള ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളിൽ സിക്സറുകളുടെ തല്ലുമാല നടത്തുന്ന ഗെയ്ൽ കുട്ടപ്പൻ, ഇന്ന് പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗ് (ഐഎസ്പിൽ) ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. മുപ്പത്തിനാലുകാരനായ സുമേഷ്, ഐഎസ്പിഎലിൽ കളിക്കുന്ന പ്രായം കൂടിയ താരങ്ങളിൽ ഒരാളാണ്. സുമേഷ് ‘മനോരമയോട്’ സംസാരിക്കുന്നു...
സുമേഷ് എങ്ങനെ ഗെയ്ൽ കുട്ടപ്പനായി
തിരുവനന്തപുരം ടൗണിൽ നിന്ന് 40 കിലോമീറ്റർ മാറി മീനാങ്കലിലാണ് എന്റെ വീട്. കുട്ടപ്പനെന്നാണ് നാട്ടിലും വീട്ടിലുമൊക്കെ എന്നെ വിളിച്ചിരുന്നത്. ചെറുപ്പം മുതൽ ടെന്നിസ് ബോൾ ക്രിക്കറ്റ് കളിച്ചിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (സിസിഎൽ) കളിക്കുന്ന സമയത്തു പ്രിയദർശൻ സാറാണ് ഗെയ്ൽ കുട്ടപ്പനെന്ന് ആദ്യം വിളിച്ചത്. ബാറ്റിങ്ങിലും നടപ്പിലുമെല്ലാം ക്രിസ് ഗെയ്‌ലുമായി എനിക്കു സാമ്യമുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. സിസിഎൽ കമന്ററിയിലും ആ പേര് ഹിറ്റായതോടെ ഗെയ്ൽ കുട്ടപ്പനെന്ന് അറിയപ്പെടാൻ തുടങ്ങി.
എങ്ങനെ ഐഎസ്‌പിഎലിൽ എത്തി
സുഹൃത്തുക്കൾ വഴിയാണ് സംഭവം അറിയുന്നത്. ആദ്യം ഓൺലൈനായി റജിസ്റ്റർ ചെയ്തു. ഷോർട് ലിസ്റ്റ് ചെയ്ത 1200 പേരെ ആദ്യഘട്ട സിലക്‌ഷനായി ബെംഗളൂരുവിലേക്ക് വിളിപ്പിച്ചു. അതിൽ നിന്ന് തിരഞ്ഞെടുത്തവരെ മുംബൈയിലേക്കും. ചെന്നൈയിൽ വച്ചായിരുന്നു അവസാന ഘട്ട സിലക്‌ഷൻ. അവിടെ മികവു തെളിയിച്ചതോടെയാണ് ലേലത്തിനു തിരഞ്ഞെടുത്തത്.
താരലേലവും ശ്രീനഗർ ടീമും
ലേലത്തിൽ 3 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. എന്റെ പേര് വിളിച്ചപ്പോൾത്തന്നെ ശ്രീനഗർ ടീം കൈയുയർത്തി. ടീമിൽ ഞാൻ മാത്രമാണ് മലയാളി. ടീമിനൊപ്പം ചേരാൻ ഇന്നു മുംബൈയിലേക്കു പോകും. മാർച്ച് 6 മുതൽ 15 വരെയാണ് മത്സരം.
സിസിഎലിലേക്കും പുറത്തേക്കും
കൂർഗിൽ ഒരു ക്രിക്കറ്റ് ക്യാംപിൽവച്ചാണ് ടെന്നിസ് ബോൾ അല്ലാതെ ക്രിക്കറ്റ് ബോളിൽ ആദ്യമായി കളിച്ചത്. ക്യാംപിൽ പങ്കെടുക്കുന്നതിനിടെ അവിടെ നടന്ന കേരള– കർണാടക വൈറ്ററൻസ് ക്രിക്കറ്റ് മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചു. മത്സരത്തിലെ പ്രകടനം കണ്ടാണ് സിസിഎലിലേക്കു വിളിക്കുന്നത്. എന്നാൽ, ആദ്യ സീസണു പിന്നാലെ സിസിഎലിൽ പ്രഫഷനൽ താരങ്ങൾ കളിക്കുന്നതിനെതിരെ ചില ടീമുകൾ പരാതിപ്പെട്ടു. അതോടെ, ടെന്നിസ് ബോൾ ക്രിക്കറ്റിലേക്ക് മടങ്ങി. ഇപ്പോഴിതാ ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് പോലെ ഐഎസ്പിഎലിലേക്കും അവസരം ലഭിച്ചു.