ADVERTISEMENT

തൃശൂർ ∙ സച്ചിൻ തെൻഡുൽക്കറുടെ കളി കാണാൻ ടിവിയിൽ മുഖംമുട്ടിച്ചു നിന്നിരുന്ന പെൺകുട്ടിയാണു സാന്ദ്ര. 20% മാത്രം കാഴ്ചയുള്ള കണ്ണുകളിൽ സച്ചിന്റെ മുഖം നിഴലായെങ്കിലും പതിയാൻ അത്രമാത്രം ചേർന്നു നിൽക്കണമായിരുന്നു. മൈതാനത്തു വെളിച്ചം കുറഞ്ഞാൽ നിർത്തിവയ്ക്കുന്ന കളിയാണു ക്രിക്കറ്റെങ്കിലും കണ്ണിലെ വെളിച്ചക്കുറവിന്റെ പേരിൽ സാന്ദ്ര കളിനിർത്തിയില്ല. കാഴ്ചപരിമിതരുടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായ ഏക മലയാളിയായി സാന്ദ്ര ഡേവിസ് വളർന്നു. ബർമിങ്ങാമിൽ നടന്ന ലോക ബ്ലൈൻഡ് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിനു വേണ്ടി ഫൈനലിൽ ഒരു വിക്കറ്റ് നേടി ചരിത്രവും കുറിച്ചു. 

രണ്ടു മീറ്ററിനപ്പുറമുള്ള കാഴ്ചകൾ കാണാൻ കഴിയില്ലെന്ന പരിമിതിയോടെയാണു തൃശൂർ ആമ്പല്ലൂർ പൂക്കോട് വട്ടണാത്ര കരിമാലിക്കൽ ഡേവിസിന്റെയും ഷാലിയുടെയും മകൾ സാന്ദ്ര (23) ജനിച്ചത്. അരികിലെത്തുന്തോറും കാഴ്ചകൾ നിഴൽ പോലെ കണ്ണിൽ തെളിയും. ആലുവ കീഴ്മാടുള്ള ബ്ലൈൻഡ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണു ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. ആൺകുട്ടികളായിരുന്നു തോഴന്മാർ. കിലുങ്ങുന്ന പന്താണു കാഴ്ചപരിമിതരുടെ ക്രിക്കറ്റിൽ ഉപയോഗിക്കുക. ശബ്ദം കേട്ടു പന്തിന്റെ സ്ഥാനമറിഞ്ഞ് അടിച്ചുതെറിപ്പിക്കാൻ സാന്ദ്ര വേഗം പഠിച്ചെടുത്തു. നീന്തൽ, അത്‌ലറ്റിക്സ് തുടങ്ങിയ കായികയിനങ്ങളിലും സംസ്ഥാന, ദേശീയ താരമായി വളർന്നു. 

Read Also: ‘ആശംസ പറയാന്‍ വിളിച്ചപ്പോൾ ആർ. അശ്വിൻ ഫോൺ കട്ട് ചെയ്തു, മെസേജിനും മറുപടിയില്ല’

ആമ്പല്ലൂർ പള്ളിക്കുന്ന് സിജെഎംഎ എച്ച്എസ്എസിൽ പ്ലസ്ടുവിനു പഠിക്കുന്ന സമയത്താണു ബ്ലൈൻഡ് ക്രിക്കറ്റിലേക്കു പൂർണശ്രദ്ധ കേന്ദ്രീകരിച്ചത്. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് ആയ രജനീഷ് ഹെൻറി കേരള ടീമിനു വേണ്ടി സിലക്‌ഷൻ ട്രയൽസ് സംഘടിപ്പിച്ചപ്പോൾ ടീമിൽ സ്ഥാനം നേടാനായതു വഴിത്തിരിവായി. 2020ൽ ആദ്യ ദേശീയ ടൂർണമെന്റ് കളിച്ചു. 2022ൽ സാന്ദ്ര ആദ്യമായി ക്യാപ്റ്റൻസി ഏറ്റെടുത്ത ദേശീയ ടൂർണമെന്റിൽ കേരളം ജേതാക്കളായി. 16 സംസ്ഥാന ടീമുകളിൽ നിന്നു 17 അംഗ ദേശീയ ടീമിനെ തിരഞ്ഞെടുത്തപ്പോൾ കേരളത്തിൽ നിന്ന് ഇടംനേടിയതു സാന്ദ്ര മാത്രം. നേപ്പാളുമായുള്ള മത്സരത്തിൽ രാജ്യാന്തര അരങ്ങേറ്റം. 

ലോക ഗെയിംസിലെ മികച്ച പ്രകടനവുമായി ടീമിലെ ഓൾറൗണ്ടർ സ്ഥാനമുറപ്പിച്ചു. ടീമിന്റെ ഗുഡ്‌വിൽ അംബാസഡറായ ഇന്ത്യൻ വനിതാ ടീമിലെ സൂപ്പർസ്റ്റാർ ഹർമൻപ്രീത് കൗറിനെ കണ്ടുമുട്ടാനായത് അവിസ്മരണീയ അനുഭവമായി.  പഠനത്തിലും സാന്ദ്ര ഓൾറൗണ്ടറാണ്. പുതുക്കാട്ടു നിന്നു ബസുകളും ട്രെയിനും മാറിക്കയറി ദിവസവും ഒറ്റപ്പാലം എൻഎസ്എസ് കോളജിലെത്തി ബിഎഡ് പഠനം തുടരുന്നു. കാഴ്ച ഒരിടത്തും പരിമിതിയല്ലെന്നു സാന്ദ്ര ജീവിച്ചു കാണിക്കുന്നു. 

English Summary:

Extraordinary life story of Sandra Davis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com