ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ബോൾഡായിട്ടും ഡിആർഎസിനു പോയി ഇംഗ്ലണ്ട് താരം ശുഐബ് ബഷീർ
Mail This Article
ധരംശാല∙ ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ക്ലീൻ ബോൾഡായിട്ടും ഡിആർഎസിനു പോയി ഇംഗ്ലണ്ടിന്റെ യുവതാരം ശുഐബ് ബഷീർ. ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ 46–ാം ഓവറിലാണു സംഭവം. രവീന്ദ്ര ജഡേജയുടെ പന്തിലാണു ശുഐബ് ബഷീർ ബോള്‍ഡാകുന്നത്. തൊട്ടുപിന്നാലെ യുവതാരം റിവ്യൂവിന് പോകണമെന്ന് അംപയറോട് ആവശ്യപ്പെട്ടു.
ഇതുകണ്ട് നോൺ സ്ട്രൈക്കറായിരുന്ന ജോ റൂട്ടിനു പോലും ചിരി അടക്കാനായില്ല. തലയിൽ കൈവച്ചാണ് റൂട്ട് ഇതിനോടു പ്രതികരിച്ചത്. വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ ക്യാച്ചെടുത്താണു തന്നെ പുറത്താക്കിയതെന്നു കരുതിയാണ് ശുഐബ് ബഷീർ ഡിആർഎസ് എടുത്തത്. ബോൾഡായ വിവരം ജോ റൂട്ട് പറയുമ്പോഴാണ് താരം തിരിച്ചറിയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
രണ്ടാം ഇന്നിങ്സിൽ 29 പന്തുകള്‍ നേരിട്ട ശുഐബ് ബഷീർ 13 റൺസാണു നേടിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഇന്നിങ്സിനും 64 റൺസിനുമാണ് ടീം ഇന്ത്യ വിജയിച്ചത്. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 195 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 259 റൺസിന്റെ ലീഡെടുത്തിരുന്നു.
രണ്ടാം ഇന്നിങ്സില്‍ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയത്. 128 പന്തുകൾ നേരിട്ട റൂട്ട് 84 റൺസെടുത്തു പുറത്തായി. ജയത്തോടെ പരമ്പര 4–1 എന്ന നിലയിൽ അവസാനിച്ചു.