ADVERTISEMENT

ചെന്നൈ ∙ 2008 മുതൽ 2023 വരെ തുടർച്ചയായ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സ് എന്ന ടീമിനെ ഐപിഎലിലെ മികച്ച ടീമായി നിലനിർത്തുന്നതിൽ, എം.എസ്. ധോണിയെന്ന ക്യാപ്റ്റന്റെ സാന്നിധ്യം നിർണായകമായി. ഈ കാലയളവിലത്രയും ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ‘തല’യുടെ ഓരോ നീക്കവും ആസ്വദിച്ചു. 2013ൽ സ്പോട്ട് ഫിക്സിങ് വിവാദത്തേത്തുടർന്ന് രണ്ട് വർഷം ടീം പുറത്തായെങ്കിലും പിന്നീട് തിരിച്ചുവരുന്നത് പഴയതിലുമേറെ ഊർജം സംഭരിച്ചുകൊണ്ടാണ്. 

ധോണിക്കു കീഴിൽ അഞ്ചു തവണയാണ് ചെന്നൈ ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. 2010, 2011, 2018, 2021, 2023 സീസണുകളിലായിരുന്നു ഇത്. ഇതിനു പുറമെ 2010ലും 2014ലും ചാംപ്യൻസ് ലീഗ് ട്രോഫി കിരീടവും ധോണിക്കൊപ്പം ചെന്നൈ സ്വന്തമാക്കി. 2022ൽ സഹതാരം രവീന്ദ്ര ജഡേജയ്ക്ക് നായക സ്ഥാനം നൽകിയെങ്കിലും തുടർ തോൽവികളായിരുന്നു ഫലം. 8 മത്സരങ്ങൾക്കു ശേഷം ധോണി നായകനായി തിരിച്ചെത്തിയെങ്കിലും ആ സീസൺ സമ്പൂർണമായി ചെന്നൈ കൈവിട്ടു. ഐപിഎലിലെ 212 മത്സരങ്ങളിലാണ് ചെന്നൈയെ ധോണി നയിച്ചത്. ഇതിൽ 128ലും ടീമിനെ ജയത്തിലെത്തിക്കുകയും ചെയ്തു. 82 മത്സരങ്ങളിൽ പരാജയം രുചിച്ചപ്പോൾ 2 എണ്ണത്തിൽ ഫലമുണ്ടായില്ല.

ഏതു ടീമിനും നിർണായകമായ സമയത്ത് ക്യാപ്റ്റനെയും കളിക്കാരെയും മാറ്റുകയെന്നത് അനിവാര്യമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ മാറ്റത്തിന്റെ കാലം കൂടിയാണിത്. സൂപ്പർ താരം വിരാട് കോലി കഴിഞ്ഞ സീസണിൽ തന്നെ റോയൽ ചാലഞ്ചേഴ്സിന്റെ ക്യാപ്റ്റൻസി ഉപേക്ഷിച്ചിരുന്നു. രോഹിത്തിനു പകരം ഹാർദിക് പാണ്ഡ്യയെ നായകനാക്കിയാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് ടൂർണമെന്റിന് എത്തുന്നത്. 42കാരനായ ധോണിക്കൊപ്പം ഐപിഎൽ ആദ്യ സീസൺ കളിച്ച മിക്കവരും ഇന്ന് വിശ്രമത്തിലാണ്. പലരും പരിശീലകന്റെയോ കമന്റേറ്ററുടെയോ റോൾ ഏറ്റെടുത്തു.

വിക്കറ്റിനു പിന്നിലെ ചടുലമായ നീക്കത്തിനപ്പുറം ആരാധകരുടെ വികാരം കൂടിയാണ് എം.എസ്.ധോണി. ഈ സീസണിൽ കളിക്കുന്നതു പോലും ആരാധകർക്കുള്ള സമ്മാനമെന്നാണ് കഴിഞ്ഞ ഫൈനലിനു പിന്നാലെ ധോണി പറഞ്ഞത്. അതിനാൽ തന്നെ ക്യാപ്റ്റൻസി മാറാനുള്ള തീരുമാനത്തെയും ആരാധകർക്ക് ഉള്‍ക്കൊള്ളാനാവും. പ്രിയപ്പെട്ട എംഎസ് നായക സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ ഈ സീസണോടെ അദ്ദേഹം കളി മതിയാക്കുമെന്നും ഏറെക്കുറെ ഉറപ്പാണ്. അങ്ങിനെയെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു മഹാരഥന്റെ കൂടി വിടവാങ്ങൽ സീസണാകും ഇത്തവണത്തേത്. 

English Summary:

MS Dhoni Records as Captain with Chennai Super Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com