ADVERTISEMENT

ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ‘അൻപുടൻ’ മഞ്ഞപ്പടയെ സാക്ഷിയാക്കി, നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനു വിജയമധുരം. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ആദ്യ മത്സരത്തിൽ തന്നെ ടീമിനെ വിജയത്തിലെത്തിച്ച് ഋതുരാജ് ഗെയ്ക്‌വാദ് തുടക്കം കളറാക്കി. വിക്കറ്റ് കീപ്പറുടെ റോളിൽ തുടർന്ന എം.എസ്. ധോണി പുതിയ ക്യാപ്റ്റനു വേണ്ട നിര്‍ദേശങ്ങളുമായി കളം നിറഞ്ഞു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 174 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് എട്ടു പന്തുകൾ ബാക്കിനിൽക്കെ ചെന്നൈയെത്തി.

മറുവശത്ത് പേരുമാറ്റിയെത്തിയ ആർസിബി നിരാശയോടെ ചെന്നൈയിൽനിന്നു വിമാനം കയറും. വനിതാ പ്രീമിയര്‍ ലീഗിൽ കിരീടം നേടിയ ആഹ്ലാദത്തിനിടെയാണ് പുരുഷ ടീം ആദ്യ കളി തന്നെ തോറ്റ സങ്കടം ബെംഗളുരു ആരാധകരെ തേടിയെത്തുന്നത്. സൂപ്പർ കിങ്സിനു വേണ്ടി ശിവം ദുബെ (28 പന്തിൽ 34), രവീന്ദ്ര ജഡേജ (17 പന്തിൽ 25) എന്നിവർ പുറത്താകാതെനിന്നു.

കത്തിക്കയറിയ ഫാഫ്, അപ്രതീക്ഷിത തിരിച്ചടി, രക്ഷയായി അനൂജ്– കാർത്തിക്ക് സഖ്യം

മികച്ച തുടക്കം ലഭിച്ചിട്ടും അപ്രതീക്ഷിതമായി കൂട്ടത്തകർച്ച നേരിട്ട റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ അവസാന ഓവറുകളിൽ കരകയറ്റിയത് ഇന്ത്യൻ താരങ്ങളായ അനൂജ് റാവത്തും ദിനേഷ് കാർത്തിക്കും. 25 പന്തുകളിൽ നിന്ന് 45 റൺസെടുത്ത അനൂജ് റാവത്താണ് ആർസിബിയുടെ ടോപ് സ്കോറർ. മൂന്നു സിക്സുകളും നാലു ഫോറുകളും താരം ബൗണ്ടറി കടത്തി. 26 പന്തുകൾ നേരിട്ട വെറ്ററൻ താരം കാർത്തിക്ക് അടിച്ചെടുത്തത് 38 റൺസ്. ടോസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയുടെ ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനത്തെ ശരി വയ്ക്കുന്നതായിരുന്നു തുടക്കത്തിലെ അവരുടെ പ്രകടനം. 

വിരാട് കോലി ഒരു ഭാഗത്തു കാഴ്ചക്കാരനായി നിന്നപ്പോൾ റൺസ് അതിവേഗം ഉയർത്തിയത് ക്യാപ്റ്റൻ ഫാഫ്. സിക്സറുകൾ അടിക്കാൻ മടിച്ച ഫാഫ് ഡുപ്ലേസി എട്ട് ഫോറുകൾ ബൗണ്ടറി കടത്തിവിട്ടു. പവർ പ്ലേ ഓവറുകളിൽ സ്കോർ കത്തിക്കയറിയതോടെ ആർസിബി ഫാൻസ് ആവേശത്തിലായി. എന്നാൽ 23 പന്തിൽ 35 റൺസെടുത്ത് ക്യാപ്റ്റൻ പുറത്തായി. റണ്ണൊഴുക്ക് തടയാൻ ചെന്നൈ നിയോഗിച്ച ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനാണ് ബെംഗളൂരുവിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ബൗണ്ടറിക്കു ശ്രമിച്ച ഡുപ്ലേസിയെ രവീന്ദ്ര ജഡേജ ക്യാച്ചെടുത്തു പുറത്താക്കി.

4.3 ഓവറിൽ 41 റൺസെന്ന നിലയിലാണ് ബെംഗളൂരുവിന്റെ ആദ്യ വിക്കറ്റു വീണത്. എന്നാൽ അതിവേഗം അഞ്ച് വിക്കറ്റുകള്‍ വീണതോടെ ആർസിബി പ്രതിരോധത്തിലായി. രജത് പട്ടീദാർ (പൂജ്യം), ഗ്ലെൻ മാക്സ്‍വെൽ (പൂജ്യം), വിരാട് കോലി (20 പന്തിൽ 21), കാമറൂൺ ഗ്രീന്‍ (22 പന്തിൽ 18) എന്നിങ്ങനെയാണ് ആർസിബി നിരയിൽ പുറത്തായ മറ്റു ബാറ്റർമാരുടെ പ്രകടനങ്ങൾ. നാല് ഓവറുകൾ പന്തെറിഞ്ഞ മുസ്തഫിസുർ റഹ്മാൻ 29 റൺസ് വഴങ്ങി നാല് വിക്കറ്റു വീഴ്ത്തി.

14.6 ഓവറുകളിൽ (90 പന്ത്)നിന്നാണ് ബെംഗളൂരു 100 പിന്നിട്ടത്. എന്നാൽ അനൂജ്– കാർത്തിക്ക് സഖ്യം കൈകോർത്തത് രക്ഷയായി. 50 പന്തുകളിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 95 റൺസ്. വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ട്വന്റി20യിലെ 12,000 റൺസ് നേട്ടത്തിലേക്ക് ഈ മത്സരത്തോടെ വിരാട് കോലി എത്തി. 377 മത്സരങ്ങളിൽനിന്നാണ് കോലി 12,000 കടന്നത്. ആർസിബിക്കു വേണ്ടി 7693 റൺസ് താരം നേടി. ഇന്ത്യയ്ക്കായി 4037 ഉം മറ്റു മത്സരങ്ങളില്‍നിന്ന് 270 ഉം റൺസെടുത്തു.

ഋതുരാജ് നയിച്ചു, ചെന്നൈ ജയിച്ചു

മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ചു തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് സ്കോർ 38 ൽ നിൽക്കെയാണ് ആദ്യ വിക്കറ്റു നഷ്ടമാകുന്നത്. 15 പന്തിൽ 15 റൺസെടുത്ത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് മടങ്ങി. ബെംഗളൂരുവിൽ ആദ്യ സീസണ്‍ കളിക്കുന്ന യാഷ് ദയാലിന്റെ പന്തിൽ കാമറൂൺ ഗ്രീൻ ക്യാച്ചെടുത്താണു  ഋതുരാജിനെ പുറത്താക്കിയത്. വൺഡൗണായി ഇറങ്ങിയ അജിന്‍ക്യ രഹാനെയും തകർത്തടിച്ചതോടെ ചെന്നൈ സ്കോർ 50 പിന്നിട്ടു മുന്നേറി. മുംബൈയ്ക്കായി രഞ്ജി ട്രോഫി വിജയിച്ച ക്യാപ്റ്റൻ രഹാനെ ദിവസങ്ങളുടെ മാത്രം ഇടവേളയിൽ ട്വന്റി20യിലേക്കു വിജയകരമായി സ്വിച്ച് ചെയ്തു. 

മൂന്നു വീതം സിക്സും ഫോറും അടിച്ച കിവീസ് ബാറ്റർ രചിൻ രവീന്ദ്ര 37 റൺസെടുത്താണു പുറത്തായത്. കരൺ ശർമയുടെ പന്തില്‍ ബൗണ്ടറിക്കു ശ്രമിക്കവേ, രജത് പട്ടിദാർ ക്യാച്ചെടുത്ത് രചിനെ മടക്കി. സ്കോർ 99 ൽ നിൽക്കെ രഹാനെയെ (19 പന്തിൽ 27) കാമറൂൺ ഗ്രീൻ പുറത്താക്കി. 10.3 ഓവറുകളിലാണ് ചെന്നൈ 100 കടന്നത്. ഡാരിൽ മിച്ചലിനെ പട്ടിദാറുടെ കൈകളിലെത്തിച്ച് ഗ്രീൻ വിക്കറ്റ് നേട്ടം രണ്ടാക്കി.

മധ്യനിരയിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം ശിവം ദുബെ നിലയുറപ്പിച്ചതോടെ ചെന്നൈ വിജയമുറപ്പിച്ചു. മത്സരം ചെന്നൈയ്ക്ക് അനായാസമാക്കിയതും ഈ കൂട്ടുകെട്ടു തന്നെ. അവസാന മൂന്ന് ഓവറിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയിരുന്നത് 18 റൺസ് മാത്രമായിരുന്നു. 18.4 ഓവറിൽ കളി തീർത്ത ശിവം ദുബെ ചെന്നൈയിനെ വിജയതീരത്തെത്തിച്ചു. ഗാലറിയിൽ മുഴുവൻ സമയവും ആർത്തു വിളിച്ച ‘തല ഫാൻസിന്’ ധോണിയുടെ ബാറ്റിങ് കാണാനായില്ലെന്ന നിരാശ കൂടിയാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം ബാക്കിവച്ചത്.

English Summary:

IPL 2024, Chennai Super Kings beat Royal Challengers Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com