ADVERTISEMENT

അഹമ്മദാബാദ് ∙ 7 വിക്കറ്റും 4 ട്വന്റി20 സ്പെഷലിസ്റ്റ് ബാറ്റർമാരും കയ്യിലിരിക്കെ, ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിലെ അവസാന 5 ഓവറിൽ 43 റൺസായിരുന്നു മുംബൈ ഇന്ത്യൻസിന് ജയിക്കാൻ ആവശ്യം. പക്ഷേ, ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടാനേ സാധിച്ചുള്ളൂ. ഗുജറാത്ത് ക്യാപ്റ്റനായി കന്നി മത്സരത്തിൽ തന്നെ ശുഭ്മൻ ഗിൽ വിജയം രുചിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തോൽവി ഏറ്റുവാങ്ങാനായിരുന്നു ഹാർദിക് പാണ്ഡ്യയുടെ വിധി. ഇതിനു പിന്നാലെ ഗ്രൗണ്ടിനകത്തും പുറത്തും എടുത്ത പല തീരുമാനങ്ങളെച്ചൊല്ലിയും ഹാർദിക് പഴികേട്ടു.

ഫസ്റ്റ് ഓവർ

ജസ്പ്രീത് ബുമ്ര, ലൂക്ക് വുഡ്, ജെറാൾഡ് കോട്സെ– 3 സ്പെഷലിസ്റ്റ് പേസർമാർ ടീമിലുണ്ടായിരുന്നിട്ടും മുംബൈയ്ക്കായി ആദ്യ ഓവർ എറിയാനെത്തിയത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ഗുജറാത്ത് ഓപ്പണർ വൃദ്ധിമാൻ സാഹ, ‌ടീമിന് മികച്ച തുടക്കം നൽകി. ഓവറിൽ ഹാർദിക് ആകെ വഴങ്ങിയത് 11 റൺസ്. ടീമിലെ സ്പെഷലിസ്റ്റ് പേസർമാരെ മാറ്റിനിർത്തി, ഹാർദിക് എന്തിനാണ് ന്യൂബോൾ എറിയാനെത്തിയതെന്നു കമന്റേറ്റർമാർ ഉൾപ്പെടെ സംശയിച്ചു. പിന്നാലെ മൂന്നാം ഓവർ എറിയാനെത്തിയ ബുമ്ര, സാഹയെ പുറത്താക്കി മുംബൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

ഫീൽഡിലെ മാറ്റം‌

തന്റെ ഐപിഎൽ കരിയറിൽ ഏറക്കുറെ എല്ലാ മത്സരങ്ങളിലും 30 യാർഡ് സർക്കിളിനകത്താണ് രോഹിത് ശർമ ഫീൽഡ് ചെയ്തിട്ടുള്ളത്. എന്നാൽ മത്സരത്തിൽ രോഹിത്തിനോട് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാനായി ഹാർദിക് ആവശ്യപ്പെടുന്ന വിഡിയോ വൈറലായി. തന്നോടുതന്നെയാണോ എന്നു ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് രോഹിത് പോയത്. ബൗണ്ടറി ലൈനിൽ നിന്ന രോഹിത്തിന്റെ പൊസിഷൻ ഹാർദിക് അടിക്കടി മാറ്റുകയും ചെയ്തു. 

രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും ഐപിഎൽ മത്സരത്തിനിടെ. Photo: PunitPARANJPE/AFP
രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും ഐപിഎൽ മത്സരത്തിനിടെ. Photo: PunitPARANJPE/AFP

ബാറ്റിങ് ഓർഡർ

മധ്യ ഓവറുകളിൽ തിലക് വർമ– ഡിവാൾഡ് ബ്രെവിസ് സഖ്യത്തിന്റെ പരിചയക്കുറവാണ് മത്സരം മുംബൈയുടെ കൈവിട്ടു പോകാനുള്ള പ്രധാന കാരണം. ഗുജറാത്ത് ടീമിൽ നാലാമനായി ബാറ്റ് ചെയ്തിരുന്ന ഹാർദിക് ഏഴാമനായാണ് ഇന്നലെ ഇറങ്ങിയത്. ഇതും ടീമിന് തിരിച്ചടിയായി. ബാറ്റിങ് പൊസിഷനിലെ ഈ മാറ്റം ടീമിന്റെ തീരുമാനമായിരുന്നെന്ന് ബാറ്റിങ് കോച്ച് കയ്റൻ പൊള്ളാർഡ് പിന്നീട് പറഞ്ഞു.

അതിരുവിട്ട് ആരാധകർ‌

മത്സരത്തിൽ ടോസ് ഇടാനെത്തിയ ഹാർദിക് പാണ്ഡ്യയെ കൂവിവിളിച്ചാണ് ഇരു ടീമിന്റെയും ആരാധകർ വരവേറ്റത്. ടോസിനു പിന്നാലെ ഹാർദിക് സംസാരിക്കാൻ തുടങ്ങിയപ്പോൾ രോഹിത് ശർമയ്ക്ക് ജയ് വിളിച്ചും ആരാധകർ ‘രോഷം’ പ്രകടമാക്കി.

English Summary:

Fans slams Hardik Pandya after defeat against Gujarat Titans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com