‘ഇന്ത്യൻ ടീം ഹീറോ മുംബൈയെ നയിക്കില്ല, ആരാധകർ അത് ഉൾക്കൊണ്ടില്ല; രോഹിത് എന്തു തെറ്റാണു ചെയ്തത്?’
Mail This Article
മുംബൈ∙ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതാണു ടീമിലെ നിലവിലെ പ്രശ്നങ്ങൾക്കു കാരണമെന്നു മുൻ ഇന്ത്യൻ താരവും കമന്റേറ്റുമായ നവ്ജ്യോത് സിങ് സിദ്ദു. ഇന്ത്യൻ ടീമിലെ ഹീറോ മുംബൈ ഇന്ത്യൻസിനെ നയിക്കാനില്ലെന്ന കാര്യം മുംബൈ ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്ന് സിദ്ദു വ്യക്തമാക്കി. ‘‘എന്തു തെറ്റാണ് രോഹിത് ശർമ ചെയ്തതെന്നാണ് മുംബൈ ഇന്ത്യൻസിന്റെ ആരാധകർ ചിന്തിക്കുന്നത്. രോഹിത് ശർമ തന്നെ ട്വന്റി20യിലും ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നെങ്കിൽ, മുംബൈയും ഒരുപക്ഷേ ക്യാപ്റ്റനെ മാറ്റില്ലായിരുന്നു.’’– സിദ്ദു വ്യക്തമാക്കി.
‘‘ഇന്ത്യൻ ക്യാപ്റ്റന്‍ എങ്ങനെയാണ് മുംബൈ ഇന്ത്യൻസിനെ നയിക്കാതെ കളിക്കുക എന്ന് ടീം മാനേജ്മെന്റ് ഉറപ്പായും ചിന്തിക്കും.’’– സിദ്ദു പറഞ്ഞു. രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ട്വന്റി20 ടീം കളിച്ചിരുന്നത്. പാണ്ഡ്യയെ ട്വന്റി20 ക്രിക്കറ്റിൽ സ്ഥിരം ക്യാപ്റ്റനാക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ട്വന്റി20യിലും രോഹിത് ശർമ തന്നെ ഇന്ത്യൻ ടീമിനെ നയിക്കുമെന്നു ബിസിസിഐ പിന്നീട് പ്രഖ്യാപിച്ചു.
ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ കോടികൾ നൽകിയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ക്യാപ്റ്റൻ സ്ഥാനവും നൽകിയതോടെ, ഇന്ത്യൻ ടീം ക്യാപ്റ്റനായ രോഹിത് പാണ്ഡ്യയ്ക്കു കീഴിൽ കളിക്കേണ്ടിവന്നു. സീസണിനു മുൻപു തന്നെ രോഹിത് ശർമയെ ഡൽഹി ക്യാപിറ്റൽസിനു നൽകാൻ മുംബൈ ആലോചിച്ചിരുന്നു. പകരം ഡേവിഡ് വാര്‍ണറെ വാങ്ങാനായിരുന്നു ശ്രമം. എന്നാൽ ഈ തീരുമാനത്തിൽനിന്ന് മുംബൈ പിന്നോട്ടുപോയി.