അത്രയും കളികൾ ജയിപ്പിക്കാൻ കോലിക്കു പോലും സാധിക്കില്ല: ആർസിബി തോൽവിയിൽ മുൻ ഇന്ത്യൻ താരം
Mail This Article
ബെംഗളൂരു∙ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനോടും തോറ്റതിന്റെ നിരാശയിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ആർസിബിയുടെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 28 റൺസിനായിരുന്നു ലക്നൗവിന്റെ വിജയം. നാലു മത്സരങ്ങളിൽ മൂന്നും തോറ്റ ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ക്വിന്റൻ ഡി കോക്കിന്റെ അർധ സെഞ്ചറി കരുത്തിൽ ആദ്യം ബാറ്റു ചെയ്ത ലക്നൗ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സെടുത്തു.
ഡികോക്ക് 56 പന്തിൽ 81 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആർസിബി 153 റൺസിന് ഓൾഔട്ടാകുകയായിരുന്നു. മഹിപാൽ ലോംറോർ മാത്രമാണ് ആർസിബിയിൽ 30 റൺസ് പിന്നിട്ട ബാറ്റർ. മധ്യനിരയിലെ പ്രശ്നങ്ങളാണ് ബെംഗളൂരുവിന്റെ തോൽവിക്കു കാരണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി മത്സര ശേഷം പ്രതികരിച്ചു. ‘‘അവർക്കു വിജയലക്ഷ്യത്തിലെത്താൻ സാധിക്കുമായിരുന്നു. എബി ഡി വില്ലിയേഴ്സിന്റെ അഭാവം അവരെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. കാമറൂൺ ഗ്രീൻ ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ട്. പക്ഷേ ആർസിബിയിൽ അതിനു സാധിക്കുന്നില്ല.’’– മനോജ് തിവാരി വ്യക്തമാക്കി.
‘‘എന്തായാലും കഴിഞ്ഞ മത്സരത്തിൽ ഗ്രീൻ തിളങ്ങിയിരുന്നു. മൂന്നാം നമ്പരിൽ ബെംഗളൂരു ബാറ്റ് ചെയ്യാൻ അയച്ചത് രജത് പട്ടീദാറിനെയായിരുന്നു. അല്ലാതെ കാമറൂൺ ഗ്രീനിനെയല്ല. ഗ്ലെൻ മാക്സ്‍വെല്ലും പരാജയപ്പെട്ടു. ഐപിഎൽ സ്റ്റാറ്റസ് നോക്കിയാൽ മാക്സ്‍വെൽ വലിയ താരമാണ്. പക്ഷേ 14 കളികളും ജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും, ഏഴോ എട്ടോ കളികളിൽ ജയിപ്പിക്കാനെങ്കിലും നിങ്ങൾക്കു സാധിക്കണം.’’– മനോജ് തിവാരി ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പറഞ്ഞു.
അതേസമയം വിരാട് കോലിക്കു പോലും ഏഴോ, എട്ടോ മത്സരങ്ങൾ ജയിപ്പിക്കാൻ സാധിക്കില്ലെന്നു ചര്‍ച്ചയിൽ പങ്കെടുത്ത വീരേന്ദർ സെവാഗ് പറഞ്ഞു. ‘‘എല്ലാ ടീമുകളും വിലയേറിയ താരങ്ങളിൽനിന്ന് രണ്ടോ, മൂന്നോ വലിയ ഇന്നിങ്സുകൾ മാത്രമാണു പ്രതീക്ഷിക്കുന്നത്. അത്രയും മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിച്ചാൽ തന്നെ അതു വലിയ നേട്ടമാണ്. 7–8 കളിയൊക്കെ വിജയിപ്പിക്കുന്നത് ഒരു വര്‍ഷമെടുത്തൊക്കെ നടക്കും. പക്ഷേ ഐപിഎല്ലിൽ സാധ്യമല്ല. 17 വർഷത്തെ ഐപിഎല്ലിൽ ഞാൻ അങ്ങനെയൊരു താരത്തെ കണ്ടിട്ടില്ല.’’– മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.