ADVERTISEMENT

ജയ്പുർ ∙ അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 3 വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ്. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ (72) നേതൃത്വത്തിലാണ് ടൈറ്റൻസ് റോയൽസിന്റെ അപരാജിത കുതിപ്പിന് തടയിട്ടത്. രാജസ്ഥാൻ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് 7 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് ജയം പിടിച്ചെടുത്തത്. സ്കോർ: രാജസ്ഥാൻ റോയൽസ് – 20 ഓവറിൽ 3ന് 196, ഗുജറാത്ത് ടൈറ്റൻസ് – 20 ഓവറിൽ 7ന് 199.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിനായി ഓപ്പണർമാർ പതിഞ്ഞ തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ 44 റൺസ് മാത്രമാണ് ഗുജറാത്ത് ബാറ്റർമാർ അടിച്ചെടുത്തത്. ആദ്യ വിക്കറ്റിൽ 64 റൺസ് ചേർക്കാനായെങ്കിലും റൺറേറ്റ് ഉയർത്താനാവാത്തത് തിരിച്ചടിയായി. 9–ാം ഓവറിൽ കുൽദീപ് സെന്നിന്റെ പന്തിൽ വിക്കറ്റിനു മുന്നില്‍ കുടുങ്ങി സായ് സുദർശൻ പുറത്തായി. 29 പന്തിൽ 35 റൺസാണ് താരത്തിന്റെ സമ്പാദ്യം.

തന്റെ തൊട്ടടുത്ത ഓവറിൽ മാത്യു വെയ്ഡ് (6 പന്തിൽ 4), അഭിനവ് മനോഹർ (2 പന്തിൽ 1) എന്നിവരെ പുറത്താക്കി കുൽദീപ് സെൻ ഇരട്ട പ്രഹരമേൽപിച്ചു. ഇതോടെ ഗുജറാത്ത് 3ന് 79 എന്ന നിലയിലേക്കു വീണു. സ്കോർ 111ൽ നിൽക്കേ വിജയ് ശങ്കറിനെ യുസ്‌വേന്ദ്ര ചെഹൽ ക്ലീൻ ബോൾഡാക്കി. 10 പന്തിൽ 16 റൺസാണ് താരത്തിന്റെ സമ്പാദ്യം. അർധ സെഞ്ചറിയുമായി നിലയുറപ്പിച്ചു കളിച്ച ശുഭ്മൻ ഗില്ലിനെ സഞ്ജു സാംസൺ സ്റ്റംപിങ്ങിലൂടെ പുറത്താക്കി. 44 പന്തിൽ 6 ഫോറും 2 സിക്സും സഹിതം 72 റൺസാണ് ഗുജറാത്ത് ക്യാപ്റ്റൻ അടിച്ചെടുത്തത്.

ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ഷാറുഖ് ഖാനെ ആവേശ് ഖാൻ കൂടാരം കയറ്റി. 8 പന്തിൽ 14 റൺസാണ് താരത്തിന്റെ സമ്പാദ്യം. ജയപരാജയം മാറിമറിഞ്ഞ അവസാന ഓവറുകളിൽ റാഷിദ് ഖാനും രാഹുൽ‌ തെവാട്ടിയയും ഗുജറാത്തിന്റെ രക്ഷകരായി. തെവാട്ടിയ 11 പന്തിൽ 22, റാഷിദ് ഖാൻ 11 പന്തിൽ 24 റൺസ് വീതം നേടി പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി കുൽദീപ് സെൻ മൂന്നും ചെഹൽ രണ്ടു വിക്കറ്റും വീഴ്ത്തി.

സഞ്ജുവിന് തുടർച്ചയായ രണ്ടാം അർധ ശതകം 

ക്യാപ്റ്റൻ സഞ്ജു സാംസണും (68*) മധ്യനിര താരം റിയാൻ പരാഗും (76) അർധ സെഞ്ചറി കണ്ടെത്തിയതോടെയാണ് രാജസ്ഥാൻ റോയൽസ് മികച്ച സ്കോർ നേടിയത്. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 196 റൺസാണ് രാജസ്ഥാൻ നേടിയത്. 42 റൺസ് നേടുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായ രാജസ്ഥാനു വേണ്ടി സഞ്ജുവും പരാഗും ചേർന്ന് സെഞ്ചറി കൂട്ടുകെട്ട് തീർത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റൺസാണ് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. അഞ്ചാം ഓവറിൽ സ്കോർ 32ൽ നിൽക്കേ യശസ്വി ജയ്സ്‌വാളാണ് ആദ്യം പുറത്തായത്. 19 പന്തു നേരിട്ട താരം 24 റൺസാണ് നേടിയത്. ഉമേഷ് യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച് നൽകിയാണ് ജയ്സ്‍വാൾ കൂടാരം കയറിയത്. തൊട്ടടുത്ത ഓവറിൽ 8 റൺസുമായി ജോസ് ബട്‌ലറും പുറത്തായി. പിന്നീടൊന്നിച്ച സഞ്ജുവും പരാഗും ചേർന്ന് റോയൽസിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. 

പരാഗ് 34 പന്തിലും സഞ്ജു 31 പന്തിലും അർധ സെഞ്ചറി പൂർത്തിയാക്കി. 19–ാം ഓവറിൽ മോഹിത് ശർമയുടെ പന്തിൽ വിജയ് ശങ്കറിന് ക്യാച്ച് നൽകി പരാഗ് മടങ്ങി. ആകെ 48 പന്തിൽ 5 സിക്സും 3 ഫോറും സഹിതം 76 റൺസ് നേടിയാണ് താരം പുറത്തായത്. പതിവിൽനിന്ന് വ്യത്യസ്തമായി കരുതലോടെയാണ് സഞ്ജു ഇന്നിങ്സ് പടുത്തുയർത്തിയത്. ടൂർണമെന്റിൽ മൂന്നാം തവണയാണ് താരം അർധ സെഞ്ചറി കണ്ടെത്തുന്നത്. 38 പന്തിൽ 68 റൺസ് നേടി സഞ്ചു പുറത്താകാതെ നിന്നു. അഞ്ചാമനായിറങ്ങിയ ഷിംറോൺ ഹെറ്റ്മെയർ 5 പന്തിൽ 13* റൺസ് നേടി.

മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

∙ ഐപിഎലിൽ ക്യാപ്റ്റനെന്ന നിലയിൽ 50–ാം മത്സരത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജുവിന്റേത്.  
∙ രാജസ്ഥാനു വേണ്ടി സഞ്ജുവിന്റെ ബാറ്റിൽനിന്ന് പിറന്ന 25–ാമത്തെ 50+ സ്കോറാണിത്. 
∙ മൂന്നാം വിക്കറ്റിലോ അതിനു താഴെയോ രാജസ്ഥാനു വേണ്ടി നേടുന്ന രണ്ടാമത്തെ വലിയ കൂട്ടുകെട്ടാണ് ഇന്നത്തേത്. 2020ൽ സഞ്ജുവും ബെൻ സ്റ്റോക്സും ചേർന്ന് നേടിയ 152* റൺസിന്റെ കൂട്ടുകെട്ടാണ് ഒന്നാമതുള്ളത്.

പ്ലേയിങ് ഇലവൻ

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ, സായ് സുദര്‍ശൻ, വിജയ് ശങ്കർ, അഭിനവ് മനോഹർ, മാത്യു വെയ്ഡ്, രാഹുൽ തെവാട്ടിയ, റാഷിദ് ഖാന്‍, ഉമേഷ് യാദവ്, സ്പെൻസർ ജോൺസൻ, നൂർ അഹമ്മദ്, മോഹിത് ശർമ.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്‌വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെൻഡ് ബോൾട്ട്, ആവേശ് ഖാൻ, കുൽദീപ് സെൻ, യുസ്‌വേന്ദ്ര ചെഹൽ.

English Summary:

Indian Premier League 2024, Rajasthan Royals vs Gujarat Titans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com