താങ്ങിനിർത്താൻ ശശാങ്ക് സിങ്– അശുതോഷ് ശർമ കൂട്ടുകെട്ട്, പഞ്ചാബിന്റെ പവർ ബാങ്ക്
Mail This Article
ശശാങ്ക് സിങ്, അശുതോഷ് ശർമ... രണ്ട് ‘ഓട്ടക്കാലണകളുടെ’ തിരിച്ചുവരവിന്റെ ഐപിഎൽ കൂടിയാണിത്. സാഹചര്യങ്ങൾ വ്യത്യസ്തമെങ്കിലും രണ്ടുപേരും ഏറെ വിയർപ്പൊഴുക്കി വെട്ടിയതാണ് വിജയത്തിന്റെ ഈ പുതുവഴി. ജയത്തിന്റെ വക്കിൽ കാലിടറിയെങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും പഞ്ചാബ് ബാറ്റിങ്ങിനെ താങ്ങിയെടുത്ത ശശാങ്ക്–അശുതോഷ് സഖ്യം ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സര പ്രകടനം വെറും വൺ ടൈം വണ്ടറായിരുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോറ്റിടത്തുനിന്ന് ടീമിനെ വലിച്ച് ജയത്തിനരികിലേക്കെത്തിച്ചത് ശശാങ്കും അശുതോഷ് ശർമയും ചേർന്നായിരുന്നു. രണ്ടു മത്സരങ്ങളിലായി പഞ്ചാബിനായി ഇരുവരും ചേർന്നു നേടിയത് 86 പന്തിൽ 171 റൺസ്. ടീമിലെ മറ്റു ബാറ്റർമാരുടെ ആകെ സംഭാവന 154 പന്തിൽ 181 റൺസ് ! സമ്മർദ നിമിഷങ്ങളെ കൂളായി നേരിടുന്ന ലോവർ മിഡിൽ ഓർഡറിലെ ഈ പുത്തൻ താരനിര പഞ്ചാബിന്റെ ബാറ്റിങ് ശക്തി പൊളിച്ചെഴുതുകയാണ്. ഹൈ ബാക് ലിഫ്റ്റുമായി കരുത്തൻ ഷോട്ടുകളാണ് ശശാങ്കിന്റെ ശക്തിയെങ്കിൽ ഫീൽഡ് അറിഞ്ഞുള്ള ഷോട്ടുകളാണ് അശുതോഷിനെ തുണയ്ക്കുന്നത്.
ശശാങ്കിന്റെ ടൈം
ഛത്തീസ്ഗഡിലെ ഭിലായി സ്വദേശിയായ ശശാങ്ക് വർഷങ്ങളോളം മുംബൈയിൽ ലീഗ് ക്രിക്കറ്റിൽ പയറ്റിത്തെളിഞ്ഞ താരമാണ്. 2019 മുതൽ ഛത്തീസ്ഗഡിനായി കളിക്കാൻ തീരുമാനിച്ചതാണ് കരിയറിലെ വഴിത്തിരിവ്. ആദ്യ സീസണിൽ മുംബൈയ്ക്കെതിരായ ചരിത്ര വിജയത്തിൽ മികച്ച സംഭാവന നൽകാൻ ശശാങ്കിനായി. ഡിവൈ പാട്ടീൽ ഗ്രൂപ്പ് നടത്തുന്ന ട്വന്റി 20 ടൂർണമെന്റിൽ ബി ടീമിന്റെ ക്യാപ്റ്റനാണ് ശശാങ്ക്.
അശുതോഷിന്റെ വരവ്
യുവ്‌രാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന വേഗമേറിയ ട്വന്റി20 ഫിഫ്റ്റിയുടെ റെക്കോർഡ് മറികടന്നാണ് അശുതോഷ് ശർമ നേരത്തേ വാർത്തകളിൽ ഇടംനേടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ അരുണാചലിനെതിരെ 11 പന്തിലായിരുന്നു റെയിൽവേസ് താരമായ അശുതോഷിന്റെ 50. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ മുൻ ഇന്ത്യൻ താരം അമയ് ഖുറാസിയയുടെ കീഴിലാണ് അശുതോഷ് കളിച്ചുവളർന്നത്. വൈകാതെ മധ്യപ്രദേശ് സീനിയർ ടീമിൽ ഇടംപിടിച്ചു. സികെ നായിഡു ട്രോഫി ടൂർണമെന്റിൽ മധ്യപ്രദേശ് ഫൈനലിലെത്തിയതോടെയാണ് അശുതോഷിന് റെയിൽവേസിൽ അവസരം ലഭിക്കുന്നത്.