3 സീറ്റ്, 7 സ്ഥാനാർഥികൾ, ഇത് ചൂടേറും പോരാട്ടം! ട്വന്റി20 ലോകകപ്പ് ടീമിൽ ആരൊക്കെ?
Mail This Article
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ ഇനി 5 ദിവസം മാത്രം. യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടൂർണമെന്റിനുള്ള, ടീം ബസിലെ വിവിധ സീറ്റുകളിലേക്ക് സ്ഥാനാർഥികളായി ഒന്നിലേറെപ്പേർ. 15 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി മേയ് ഒന്നാണ്. ട്വന്റി20 ലോകകപ്പ് ടീമിൽ ഇടംനേടാനുള്ള അവസാനഘട്ട മത്സരം ഇങ്ങനെ...
ഹാർദിക് Vs ദുബെ
ട്വന്റി20 ലോകകപ്പിൽ പേസ് ബോളിങ് ഓൾറൗണ്ടർ സ്ഥാനത്ത് ഇത്തവണത്തെ ഐപിഎൽ വരെ ഹാർദിക് പാണ്ഡ്യയ്ക്ക് എതിരുണ്ടായിരുന്നില്ല. എന്നാൽ സീസണിൽ ഹാർദിക്കിന്റെ മങ്ങിയ പ്രകടനവും ബാറ്റിങ്ങിൽ ശിവം ദുബെയുടെ ഉജ്വല ഫോമുമാണ് സിലക്ടർമാരെ മാറി ചിന്തിപ്പിക്കുന്നത്. സീസണിലെ 8 മത്സരങ്ങൾ പൂർത്തിയായപ്പോൾ 17 ഓവർ മാത്രമാണ് ഹാർദിക്ക് പന്തെറിഞ്ഞത്. കിട്ടിയത് 5 വിക്കറ്റുകളും. 8 ഇന്നിങ്സുകളിൽ നിന്ന് 151 റൺസ് നേടിയ ഹാർദ്ദിക്കിനു ഫിനിഷർ റോളിലും മികവു കാട്ടാനായിട്ടില്ല.
മറുവശത്ത് 8 ഇന്നിങ്സുകളിൽ 51.8 ശരാശരിയിൽ 311 റൺസ് നേടി തകർത്തടിക്കുകയാണ് ചെന്നൈ താരം ശിവം ദുബെ. എന്നാൽ ഈ ഐപിഎൽ സീസണിൽ ഇതുവരെ പന്തെറിയാത്തതിനാൽ ദുബെയുടെ ഓൾറൗണ്ട് മികവ് പരിശോധിക്കാൻ സിലക്ടർമാർക്ക് കഴിഞ്ഞിട്ടില്ല.
രാഹുൽ Vs സഞ്ജു
ലോകകപ്പ് ടീമിൽ ഏറ്റവും കടുപ്പമേറിയ മത്സരം നടക്കുന്നത് വിക്കറ്റ് കീപ്പർ സീറ്റിലേക്കാണ്. 6 താരങ്ങളായിരുന്നു മത്സരരംഗത്ത്. ഒന്നാംവിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള സസ്പെൻസ് അവസാനിച്ചത് കഴിഞ്ഞദിവസം ഗുജറാത്തിനെതിരായ മത്സരത്തിലെ ഋഷഭ് പന്തിന്റെ ഇന്നിങ്സോടെയാണ് (43 പന്തിൽ 88). വിക്കറ്റ് കീപ്പിങ്ങിലും തകർപ്പൻ പ്രകടനം നടത്തുന്ന പന്ത് ഏറക്കുറെ സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു.
ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറാകാനുള്ള മത്സരം സഞ്ജു സാംസണും കെ.എൽ.രാഹുലും തമ്മിലാണ്. ഇരുവരും ഈ സീസൺ ഐപിഎലിൽ 300 റൺസിന് മുകളിൽ നേടിക്കഴിഞ്ഞു. മധ്യനിരയിലെ ബാറ്റിങ് മികവും മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിന് അനുകൂലമാണ്. എന്നാൽ, ഓപ്പണറായി കൂടി പരിഗണിക്കാമെന്നതാണ് രാഹുലിന്റെ നേട്ടം.
ത്രികോണ മത്സരം
ജസ്പ്രീത് ബുമ്ര, അർഷ്‍ദീപ് സിങ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നീ ബോളർമാർ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പാക്കിയതായാണ് റിപ്പോർട്ട്. 15 അംഗ ടീമിൽ ആറാം ബോളർ സ്ഥാനത്തേക്കാണ് കടുത്ത മത്സരം. നിലവിലെ ബോളർമാരിൽ ബുമ്രയും കുൽദീപ് യാദവുമാണ് ഐപിഎലിൽ തിളങ്ങുന്നത്. അതുകൊണ്ടു തന്നെ എക്സ്ട്രാ ബോളർ തിരഞ്ഞെടുപ്പ് നിർണായകമാണ്. ടീമിലേക്കു നാലാം പേസറെ പരിഗണിച്ചാൽ ഐപിഎലിലെ ഡെത്ത് ഓവർ ബോളിങ് മികവ് ആവേശ് ഖാന് അനുകൂലമാകും.
8 വിക്കറ്റുകളാണ് ഡെത്ത് ഓവറുകളിൽനിന്നു മാത്രം ആവേശ് ഇതുവരെ നേടിയത്. എന്നാൽ വെസ്റ്റിൻഡീസിലെ സ്‌ലോ വിക്കറ്റുകൾ മുന്നിൽകണ്ട് ടീമിലെ സ്പിൻബലം കൂട്ടാൻ സാധ്യതയേറെയാണ്. അങ്ങനെയെങ്കിൽ ഐപിഎലിൽ മികച്ച ഇക്കോണമിയിൽ പന്തെറിയുന്ന അക്ഷർ പട്ടേലും രവി ബിഷ്ണോയിയും തമ്മിലാകും കടുത്ത മത്സരം.