‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ ധനികരാണ്, പാവപ്പെട്ട രാജ്യങ്ങളിലേക്ക് കളിക്കാൻ പോകാറില്ല’
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ എന്തുകൊണ്ടാണ് വിദേശ ലീഗുകളിൽ കളിക്കാത്തതെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഒരു യുട്യൂബ് വിഡിയോയിൽ ആദം ഗിൽക്രിസ്റ്റിനോടു സംസാരിക്കുമ്പോഴായിരുന്നു സേവാഗിന്റെ പ്രതികരണം. ഇന്ത്യക്കാർ പണക്കാരാണെന്നും വിദേശ ലീഗുകളിൽ കളിക്കാൻ പോകേണ്ട കാര്യമില്ലെന്നുമാണു ഗിൽക്രിസ്റ്റിന്റെ ചോദ്യത്തിനു സേവാഗ് നൽകിയ മറുപടി.
ഇന്ത്യൻ താരങ്ങൾ ഭാവിയിൽ വിദേശ ലീഗുകളുടെ ഭാഗമാകുമോ എന്നായിരുന്നു ഗിൽക്രിസ്റ്റിന്റെ സംശയം. ‘‘അതിന്റെ ആവശ്യമില്ല. ഞങ്ങൾ ഇന്ത്യക്കാർ പണക്കാരാണ്. പാവപ്പെട്ട രാജ്യങ്ങളിലേക്കു ഞങ്ങൾ പോകില്ല.’’– സേവാഗ് ചിരിച്ചുകൊണ്ടു പറഞ്ഞു. ഓസ്ട്രേലിയൻ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽനിന്ന് ഓഫർ ലഭിച്ചപ്പോഴുള്ള അനുഭവവും സേവാഗ് പറഞ്ഞു.
‘‘ഇന്ത്യൻ ടീമിൽനിന്നു പുറത്തായപ്പോഴും ഞാൻ ഐപിഎല്ലിൽ കളിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് എനിക്ക് ബിഗ് ബാഷ് ലീഗിൽനിന്ന് ഓഫർ ലഭിക്കുന്നത്. ഒരു ലക്ഷം ഡോളർ പ്രതിഫലമായി തരാമെന്നായിരുന്നു ഓഫർ. അവധിക്കാലത്തെ ചെലവിനു മാത്രമേ ആ പണം തികയൂ എന്നായിരുന്നു ഞാൻ പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലെ ബിൽ മാത്രം ഒരു ലക്ഷം ഡോളറിൽ കൂടുതൽ ഉണ്ടെന്നും അവരോടു പറഞ്ഞു.’’– സേവാഗ് ചർച്ചയിൽ വെളിപ്പെടുത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകാറില്ല. അതേസമയം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കാറുണ്ട്. ഇന്ത്യൻ താരങ്ങളായിരുന്ന യുവരാജ് സിങ്, ഹർഭജൻ സിങ്, എസ്. ശ്രീശാന്ത് തുടങ്ങിയ താരങ്ങൾ ഇങ്ങനെ വിദേശ ക്രിക്കറ്റ് ലീഗുകളുടെ ഭാഗമായിട്ടുണ്ട്.