കേരളത്തിന് ഡബിൾ പുഞ്ചിരി! ടീം ഇന്ത്യയിൽ അരങ്ങേറ്റത്തിനൊരുങ്ങി ആശയും സജനയും

Mail This Article
നമ്പറുകളുടെ ഭാഗ്യത്തിൽ വിശ്വാസമില്ല സജന സജീവന്. എങ്കിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്കുള്ള ജഴ്സി നമ്പർ തിരഞ്ഞെടുക്കുമ്പോൾ സജന ആദ്യം തിരഞ്ഞത് ജന്മദിന സംഖ്യയായ 4 ആണ് (ജനുവരി 4). അത് ലഭ്യമല്ലെന്ന് അറിഞ്ഞപ്പോൾ 44 തിരഞ്ഞെടുത്തു. സജന ആഗ്രഹിച്ച നമ്പർ അതിനു മുൻപേ സ്വന്തമാക്കിയത് മറ്റാരുമല്ല, ടീമിലെ മറ്റൊരു മലയാളി ആശ ശോഭന. ഇഷ്ട നമ്പറായ 7 കിട്ടാനില്ലെന്ന് അറിഞ്ഞപ്പോൾ ആശ, ആദ്യം കണ്ട 4 എന്ന നമ്പർ തിരഞ്ഞെടുത്തുവെന്നുമാത്രം.
ഭാഗ്യ പരീക്ഷണങ്ങൾക്കായി കാത്തിരിക്കാതെ സ്വന്തം കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമർപ്പിച്ചാണ് മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഒരുങ്ങുന്നത്. ഒന്നാം ട്വന്റി20 മത്സരം ഇന്നാരംഭിക്കാനിരിക്കെ കേരളത്തിന്റെ അഭിമാന താരങ്ങൾ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.
അരങ്ങേറ്റ പ്രതീക്ഷ
ആശ ∙ 5 മത്സരങ്ങളുടെ പരമ്പരയാണ്. അതിൽ ചില മത്സരങ്ങളിലെങ്കിലും ടീമിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ബംഗ്ലദേശിലേത് സ്പിന്നിന് അനുകൂലമായ വിക്കറ്റാണ്. ഇന്ത്യൻ ടീമിൽ മറ്റൊരു ലെഗ് സ്പിന്നറില്ല. വനിതാ പ്രിമിയർ ലീഗിൽ കൂടുതൽ വിക്കറ്റ് നേടിയ ലെഗ് സ്പിന്നറായിരുന്നു ഞാൻ. ഈ ഘടകങ്ങളെല്ലാം പ്ലെയിങ് ഇലവനിൽ ഇടംനേടാൻ സഹായിക്കുമെന്നു കരുതുന്നു.
സജന ∙ ഡബ്ലുപിഎലിലെ പ്രകടനംവച്ച് ഒരു മത്സരത്തിലെങ്കിലും അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഓൾറൗണ്ടർ ആണെങ്കിലും ഇന്ത്യൻ ടീമിൽ എന്നെ ഒരു ബാറ്ററായി പ്രയോജനപ്പെടുത്താനാണ് സാധ്യത. പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ലെങ്കിലും നിരാശയില്ല. കാരണം ഇന്ത്യൻ ടീമിൽ അംഗമായതു തന്നെ വലിയൊരു നേട്ടമാണ്.

എന്റെ കരുത്ത്
ആശ ∙ സ്റ്റംപിന്റെ ഇരുവശത്തേക്കും പന്ത് ടേൺ ചെയ്യിക്കാൻ കഴിയുന്നതാണ് കരുത്തായി ഞാൻ വിശ്വസിക്കുന്നത്. ഗൂഗ്ലികളാണ് പ്രധാന ആയുധം. ഡബ്ലുപിഎലിൽ ബാറ്റിങ്ങിന് കൂടുതൽ അവസരം ലഭിച്ചില്ലെങ്കിലും ഞാൻ ഓൾറൗണ്ടറാണ്. ആഭ്യന്തര മത്സരങ്ങളിൽ റെയിൽവേ, പുതുച്ചേരി ടീമുകളിൽ ടോപ് ഓർഡർ ബാറ്റർ കൂടിയായിരുന്നു.
സജന ∙ ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എന്നീ 3 റോളുകളും നന്നായി വഴങ്ങുമെന്ന ആത്മവിശ്വാസമുണ്ട്. ഒരിടത്ത് നിറംമങ്ങിയാൽ മറ്റൊരു മേഖലയിൽ തിളങ്ങി അതിന്റെ നഷ്ടം നികത്താൻ ശ്രമിക്കും. ക്രിക്കറ്റിൽ ഇപ്പോൾ ഞാൻ കൂടുതൽ ആസ്വദിച്ചു ചെയ്യുന്നത് ഫീൽഡിങ്ങാണ്.
ടേണിങ് പോയിന്റ്
ആശ ∙ ആഭ്യന്തര ക്രിക്കറ്റിൽ അവസരങ്ങൾ കുറഞ്ഞതോടെ 2 വർഷം മുൻപ് ക്രിക്കറ്റിൽ നിന്നു വിരമിക്കാൻ ആലോചിച്ചു. ആ വർഷം ഒരു ആഭ്യന്തര മത്സരത്തിൽ കമന്റേറ്റർ ജോലി ചെയ്യുന്നതിനിടെ സുഹൃത്ത് കൂടിയായ പുതുച്ചേരി ക്യാപ്റ്റൻ ശ്വേത മിശ്രയെ കണ്ടുമുട്ടി. അവൾ എന്നെ പുതുച്ചേരി ടീമിലേക്കു ക്ഷണിച്ചു. ഈ കണ്ടുമുട്ടൽ നടന്നില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ക്രിക്കറ്റിൽ ഉണ്ടാകില്ല.
സജന ∙ ഇത്തവണ വനിതാ പ്രിമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ ഡൽഹിക്കെതിരെ അവസാന പന്തിൽ സിക്സർ പറത്തി മുംബൈയെ വിജയത്തിലെത്തിച്ച നിമിഷം. ഈ പ്രകടനത്തോടെയാണ് എന്നെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. മുംബൈ ടീമിൽ കൂടുതൽ അവസരം കിട്ടിയതും അതിലൂടെയാണ്. മറിച്ചായിരുന്നെങ്കിൽ സീസണിൽ കൂടുതൽ മത്സരങ്ങളിലും റിസർവ് ബെഞ്ചിൽ ഇരിക്കേണ്ടിവരുമായിരുന്നു.
ഇന്ത്യ– ബംഗ്ലദേശ് വനിതാ ട്വന്റി20 പരമ്പര ഇന്നുമുതൽ; അരങ്ങേറ്റ പ്രതീക്ഷയിൽ മലയാളി താരങ്ങൾ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്ലെയിങ് ഇലവനിൽ ഒരു സമയം 2 മലയാളികൾ; ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു നടക്കുമ്പോൾ സ്വപ്ന സാഫല്യത്തിന്റെ മൈതാന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന 16 അംഗ സംഘത്തിലാണ് കേരളത്തിന്റെ പ്രതീക്ഷയായി വയനാട് മാനന്തവാടി സ്വദേശിനി സജന സജീവനും തിരുവനന്തപുരം പേരൂർക്കട സ്വദേശിനി ആശ ശോഭനയും ഇടംനേടിയത്. 5 മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ഇരുവരുടെയും രാജ്യാന്തര അരങ്ങേറ്റം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. വൈകിട്ട് 4 മുതലാണ് മത്സരം. സിൽഹത് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ എല്ലാ മത്സരങ്ങളും.