ബോളർമാരുടെ ‘ഗാർഡൻ’ ആയി ഈഡൻ, സോൾട്ടിന്റെയും; ഡൽഹിയെ 7 വിക്കറ്റിന് വീഴ്ത്തി കൊൽക്കത്ത
Mail This Article
കൊൽക്കത്ത∙ ഡൽഹി ക്യാപ്റ്റിൽസിനെതിരെ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം മൂന്ന് ഓവറും മൂന്നു പന്തും ബാക്കിനിർത്തിയാണ് കൊൽക്കത്ത മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൽ സോൾട്ട് (33 പന്തിൽ 68), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (23 പന്തിൽ 33*), വെങ്കടേഷ് അയ്യർ (23 പന്തിൽ 26*) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത 12 പോയിന്റുമായി ലീഡുയർത്തി. 10 പോയിന്റുമായി ഡൽഹി ആറാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ഫിൽ സോൾട്ടും സുനിൽ നരെയ്നും (10 പന്തിൽ 15) ചേർന്ന് കൊൽക്കത്തയ്ക്ക് നൽകിയത്. തുടക്കം മുതൽ സോൾട്ട് ആക്രമിച്ച് കളിച്ചതോടെ കൊൽക്കത്ത അതിവേഗം ജയത്തിലേക്ക് കുതിച്ചു. ഏഴാം ഓവറിൽ നരെയ്കൻ പുറത്താകുമ്പോൾ സ്കോർബോർഡിൽ 79 റൺസായിരുന്നു. അധികം വൈകാതെ തന്നെ സോൾട്ടും പുറത്തായി. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച റിങ്കു സിങ് (11 പന്തിൽ 11) തിളങ്ങിയില്ലെങ്കിലും ശ്രേയസ്–വെങ്കടേഷ് കൂട്ടുകെട്ട് കൊൽക്കത്തയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ഡൽഹിക്കായി അക്ഷർ പട്ടേൽ രണ്ടു വിക്കറ്റും ലിസാഡ് വില്യാംസ് ഒരു വിക്കറ്റും വീഴ്ത്തി.
∙ ‘ബോളേഴ്സ്’ ഗാർഡൻസ്
ബോളർമാർക്ക് പൊതുവേ അത്ര ശുഭകരമല്ലാത്ത ഐപിഎൽ സീസണിൽ, ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഡൽഹി ബാറ്റർമാരെ കൊൽക്കത്ത എറിഞ്ഞൊതുക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 153 റൺസ് മാത്രം. ഒൻപതാമനായി ക്രിസീലെത്തിയ കുൽദീപ് യാദവിന്റെ (26 പന്തിൽ 35*) ബാറ്റിങ്ങാണ് ഡൽഹി സ്കോർ 150 കടത്തിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, ഹർഷിത് റാണ എന്നിവരാണ് കൊൽക്കത്തയുടെ ബോളിങ് പട നയിച്ചത്.
ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ (7 പന്തിൽ 13) ഡൽഹിക്ക് നഷ്ടമായി. വൈഭവ് അറോറയാണ് വിക്കറ്റ് വീഴ്ത്തിയത്. തൊട്ടടുത്ത ഓവറിൽ തന്നെ മിന്നും ഫോമിലുള്ള മറ്റൊരു ഓപ്പണർ ജേക്ക് ഫ്രേസറും (7 പന്തിൽ 12) മടങ്ങി. മിച്ചൽ സ്റ്റാർക്കാണ് ഫ്രേസറിനെ വെങ്കടേഷ് അയ്യരുടെ കൈകളിൽ എത്തിച്ചത്. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ ഷായ് ഹോപ്പും (3 പന്തിൽ 6) കൂടാരം കയറി. നാലാം വിക്കറ്റിൽ അഭിഷേക് പോറൽ (15 പന്തിൽ 18)– ഋഷഭ് പന്ത് (20 പന്തിൽ 27) സഖ്യമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും ചേർന്ന് 31 റൺസ് കൂട്ടിച്ചേർത്തു.
ഏഴാം ഓവറിൽ പോറലിനെ പുറത്താക്കി ഹർഷിത് റാണയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ പന്തും പുറത്തായി. അക്ഷർ പട്ടേൽ (21 പന്തിൽ 15), ട്രിസ്റ്റൻ സ്റ്റബ്സ് (7 പന്തിൽ 4), കുമാർ കുശാഗ്ര (3 പന്തിൽ 4), റാസിഖ് ദാർ സലാം (10 പന്തിൽ 8) എന്നിവർക്കാർക്കും തിളങ്ങാനായില്ല. ഒൻപതാമനായി ഇറങ്ങി, രക്ഷാപ്രവർത്തനം നടത്തിയ കുൽദീപ് യാദവിന്റെ ബാറ്റിങ്ങാണ് ഡൽഹി സ്കോർ 150 കടത്തിയത്. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കുൽദീപിന്റെ ഇന്നിങ്സ്. ലിസാഡ് വില്യംസ് (2 പന്തിൽ 1*) പുറത്താകാതെ നിന്നു.