രാഹുൽ അതിവേഗം പുറത്ത്, നിർണായക മത്സരം തോറ്റു; പുഞ്ചിരിയോടെ എല്ലാം കണ്ട് സഞ്ജീവ് ഗോയങ്ക
Mail This Article
ന്യൂഡൽഹി∙ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്– ലക്നൗ സൂപ്പർ ജയന്‍റ്സ് മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് വീണ്ടും ചർച്ച നടത്തി ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലും ടീം ഉടമ സഞ്ജീവ് ഗോയങ്കയും. സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റപ്പോൾ ലക്നൗ ക്യാപ്റ്റനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. രാഹുലിനോടു രോഷത്തോടെ സംസാരിക്കുന്ന സഞ്ജീവ് ഗോയങ്കയുടെ വിഡിയോ വൈറലായതോടെ സംഭവം ടീമിനും നാണക്കേടായി.
ഇതിനു പിന്നാലെ കെ.എൽ. രാഹുലിനെ മാത്രം സഞ്ജീവ് ഗോയങ്ക ഡൽഹിയിലെ വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ചിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിങ്ങിൽ തിളങ്ങാന്‍ രാഹുലിനു സാധിച്ചിരുന്നില്ല. മത്സരത്തിൽ മൂന്നു പന്തുകള്‍ നേരിട്ട കെ.എൽ. രാഹുൽ അഞ്ച് റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. രാഹുൽ പുറത്തായപ്പോൾ ഗാലറിയിലുണ്ടായിരുന്ന സഞ്ജീവ് ഗോയങ്ക ചിരിക്കുക മാത്രമാണു ചെയ്തത്. മത്സരത്തിനു ശേഷം ഗ്രൗണ്ടിലിറങ്ങിയപ്പോഴും ഗോയങ്കയും രാഹുലും ചിരിച്ചുകൊണ്ടാണു സംസാരിച്ചത്.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിനു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുക്കാനേ ലക്നൗ സൂപ്പർ ജയന്റ്സിനു സാധിച്ചുള്ളൂ. സീസണിലെ ഏഴാം തോൽവിയോടെ ലക്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്.
13 മത്സരങ്ങൾ പൂർത്തിയാക്കിയ ലക്നൗവിന് 12 പോയിന്റുകൾ മാത്രമാണുള്ളത്. ഏഴാം സ്ഥാനത്തുള്ള ലക്നൗ അടുത്ത കളി ജയിച്ചാൽ 14 പോയിന്റാകും. 17ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്നൗവിന്റെ അടുത്ത മത്സരം. ചെന്നൈ സൂപ്പര്‍ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകളെ മറികടന്ന് ലക്നൗവിന് പ്ലേ ഓഫിലെത്തുകയെന്നത് ഇനി ബുദ്ധിമുട്ടാണ്.