ആർസിബിക്കെതിരെ എനിക്ക് കളിക്കാൻ സാധിച്ചിരുന്നെങ്കിൽ.. : ബിസിസിഐ നടപടിയെ പഴിച്ച് ഋഷഭ് പന്ത്
Mail This Article
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ തനിക്കു വിലക്കില്ലായിരുന്നെങ്കിൽ ഡൽഹിക്കു കൂടുതൽ സാധ്യതകൾ ലഭിക്കുമായിരുന്നെന്ന് ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ബിസിസിഐ നടപടിയുടെ ഭാഗമായി ശിക്ഷയായി ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് ഡൽഹിയുടെ പ്ലേ ഓഫ് സാധ്യതകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്നാണ് പന്തിന്റെ വാദം. 14 കളികളിൽനിന്ന് 14 പോയിന്റുള്ള ഡൽഹി നിലവിൽ അഞ്ചാം സ്ഥാനത്താണ്.
അവസാന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപിച്ചെങ്കിലും മറ്റു ടീമുകളുടെ ഫലങ്ങൾ കൂടി അടിസ്ഥാനമാക്കിയാകും ഇനി ഡൽഹിയുടെ സാധ്യതകൾ. ‘‘ഞാൻ കളിച്ചിരുന്നെങ്കിൽ മത്സരം ഞങ്ങൾ ഉറപ്പായും ജയിക്കുമെന്നു പറയാനാകില്ല. എന്നാല്‍ ആ മത്സരത്തില്‍ ഞാൻ കളിച്ചിരുന്നെങ്കിൽ ഞങ്ങൾക്കു കുറച്ചുകൂടി സാധ്യത ലഭിക്കുമായിരുന്നു. ഞങ്ങൾ സീസൺ നന്നായാണു തുടങ്ങിയത്. എന്നാൽ പരുക്കുകൾ ടീമിനു തിരിച്ചടിയായി.’’
‘‘ഡൽഹി ക്യാപിറ്റൽസിന് ഈ സീസണിൽ ഉയര്‍ച്ച, താഴ്ചകളുണ്ടായിരുന്നു. എന്നാൽ ഒരു ടീമെന്ന നിലയിൽ നമുക്ക് എപ്പോഴും പരാതി പറഞ്ഞുകൊണ്ടിരിക്കാൻ സാധിക്കില്ല. ചില കാര്യങ്ങൾ നമുക്കു നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ മറ്റു ചിലത് നിയന്ത്രിക്കാനാകില്ല.’’– ഋഷഭ് പന്ത് വ്യക്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 47 റൺസിനു തോറ്റത് ഡൽഹി ക്യാപിറ്റൽസിന്റെ നെറ്റ് റൺറേറ്റിനെയും മോശമായി ബാധിച്ചു. ഓവർ നിരക്കിലെ മെല്ലെപ്പോക്ക് മൂന്നാം തവണയും ആവർത്തിച്ചതോടെയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനെതിരെ ബിസിസിഐയുടെ നടപടിയെത്തിയത്.