sections
MORE

ഒരു ഹീറോ ഹോണ്ട ബൈക്കും 5 യാത്രക്കാരും; ആഷിഖ് കുരുണിയൻ ജീവിതം പറയുന്നു...!

ashique-kuruniyan
ആഷിഖ് കുരുണിയൻ (താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)
SHARE

ഒരു മോട്ടോർബൈക്കിൽ 5 പേർ കയറിയാൽ പൊലീസ് പിടിക്കും. പക്ഷേ അങ്ങനെ 5 പേർ കയറിയൊരു ബൈക്കിന്റെ കഥയുണ്ട് മലപ്പുറത്ത്. അങ്ങനെ ഇന്ത്യൻ ടീമിലേക്കു കയറിപ്പോയതിന്റെ കഥ. ആ കഥ പറയുന്നു മലയാളി മിഡ്ഫീൽഡർ ആഷിഖ് കുരുണിയൻ.

ഈയിടെ ഇന്ത്യൻ ടീമിലേക്കു കയറിപ്പോയ മലയാളി ഫുട്ബോളർമാരിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്ന കളിക്കാരൻ. യുവതാരം. മലപ്പുറത്തു സെവൻസ് കളിച്ചു നടന്ന പയ്യൻ കേരളത്തിൽ ക്ലബ് ഫുട്ബോൾ കളിക്കാതെ ഇന്ത്യൻ ടീമിലേക്ക് എങ്ങനെ കയറിപ്പോയി?

പിന്നിട്ട വഴികളെക്കുറിച്ച് ആഷിഖ് വിവരിക്കുന്നു, ‘മനോരമ ഓൺലൈൻ’ അഭിമുഖത്തിൽ...

‘ഇന്ത്യൻ കുപ്പായം സ്വപ്നംകണ്ടൊരു കുട്ടിയായിരുന്നു ഞാൻ. എന്റെ കുട്ടിക്കാലത്ത് അധികം മലയാളിത്താരങ്ങളൊന്നും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നില്ല. എന്റെ തൊട്ടുമുൻപത്തെ തലമുറയുമായി താരതമ്യം ചെയ്യുമ്പോഴുള്ള കാര്യമാണ്. അനസിക്ക (അനസ് എടത്തൊടിക) ആയിരുന്നു എന്റെ ഹീറോ. പ്രദീപേട്ടൻ (എൻ.പി. പ്രദീപ്) ആയിരുന്നു ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിച്ചിരുന്ന മലയാളി. അനസിക്ക വന്നതു പിന്നീടാണ്. അനസിക്കയെ നേരത്തേ പരിചയമുണ്ട്. അദ്ദേഹം നാട്ടിലുള്ളപ്പോൾ വീട്ടിൽപ്പോയി കാണാറുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു നാലഞ്ചു വർഷം കഴിഞ്ഞാണ് അനസിക്ക ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്.

‘എന്റെ വീട്ടിലും നാട്ടിലും ഫുട്ബോളിന്റെ കൾച്ചർ ഉണ്ടായിരുന്നു. കളിയിലേക്കു തള്ളിവിടേണ്ട സാഹചര്യമേ ഉണ്ടായിരുന്നില്ല. ചെയ്യ്, ചെയ്യ് എന്നു പറയേണ്ട കാര്യമില്ല. എന്റെ സ്കൂളിൽ ഒരു റഫീഖ് സാറുണ്ടായിരുന്നു. ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ. പാണക്കാട് സ്കൂളിലെ സാർ. 7–ാം ക്ലാസ് വരെയാണ് അവിടെ. 7 കഴിഞ്ഞാൽ കുട്ടികൾ വേറെ സ്കൂളിൽ പോകണം. എല്ലാ ക്ലാസ്സുകളും മത്സരിക്കുന്നൊരു ലീഗ് ഉണ്ടായിരുന്നു സ്കൂളിൽ. ദിവസവും ലാസ്റ്റ് പിരീഡ് പന്തുകളിയാണ്. മാച്ച് തന്നെ. അതാണു ഞങ്ങളുടെ ലീഗ്. ഏഴാം ക്ലാസ്സുകാർക്കാണു ലീഗ്. പക്ഷേ അഞ്ചിൽ പഠിക്കുമ്പോൾത്തന്നെ ഞാൻ അതുകാണാൻ പോകും. ഉഷാറാണ്. എല്ലാറ്റിനും മുൻപിൽ റഫീഖ് സാറുണ്ടാകും.

‘ഈ റഫീഖ് സാറാണ് ‘വിഷൻ ഇന്ത്യ’ ട്രയൽസിന് എന്നെ കൊണ്ടുപോയത്. ഞങ്ങൾ 4 പേർ ട്രയൽസിനു പോകാൻ റെഡി. സാറിന് അന്നൊരു ഹീറോ ഹോണ്ട ബൈക്കാണ്. അതിൽ ഞങ്ങളെ കയറ്റും. സാർ വണ്ടിയോടിക്കും. 4 പിള്ളേരും സാറും. 5 പേർ ഒരു ബൈക്കിൽ. എനിക്കിപ്പോഴും ഓർമയുണ്ട്. അന്നു സിലക്‌ഷൻ കിട്ടി. അതായിരുന്നു ഞാനൊരു ഫുട്ബോൾ താരമായതിന്റെ ശരിയായ തുടക്കം. വീട്ടിൽനിന്ന് ഫുൾ സപ്പോർട്ടായിരുന്നു.’

‘കേരള യൂണിവേഴ്സിറ്റി കോച്ച് സാജിറിന്റെ സഹായമാണു പിന്നീട് എടുത്തു പറയാനുള്ളത്. എനിക്കു പിന്നീട് എംഎസ്പി ഹോസ്റ്റലിൽ കിട്ടി. മലപ്പുറം ജില്ലാ ടീമിൽ കിട്ടി. അതിലെ കളിവച്ച് കേരള ടീമിലേക്കു വന്നു. കേരള ടീമിൽ കളിച്ചു. ജാർഖണ്ഡിലെ സെയിൽ അക്കാദമിയിൽ കിട്ടി. അവിടെ നാലു മാസം നിന്നു. അപ്പോൾ എനിക്കു നാട്ടിലേക്കു വരാൻ താൽപര്യം തോന്നി. അവിടെ നിന്നപ്പോൾ ഒറ്റയ്ക്കായതുപോലെതോന്നി. അന്നേരമാണു ഡൽഹിയിലെ ഒരു ക്ലബിന്റെ അണ്ടർ 19 ടീമിൽ ചേരാമോ എന്നൊരു വിളി വന്നത്. ഗഡ്‌വാൾ എഫ്സി. അന്ന് എനിക്ക് 16 വയസ്. അവർക്കുവേണ്ടി അണ്ടർ 19 ഐ–ലീഗ് കളിച്ചു.

‘എനിക്കു 15 വയസ്സുള്ളപ്പോൾ മുതൽ പലയിടത്തും കളിക്കാൻ പോകുന്നതിലൊന്നും ഉമ്മായ്ക്കും ഉപ്പായ്ക്കും പ്രശ്നമില്ലായിരുന്നു. പേടിയില്ലായിരുന്നു. ഞാൻ ഒറ്റയ്ക്കുപോയാലും  പേടിക്കാനില്ലെന്ന് ഉമ്മായ്ക്ക് അറിയാമായിരുന്നു. 16 വയസ്സുള്ളപ്പോൾ ട്രെയിനിൽ 3 ദിവസമിരുന്ന് ഡൽഹിക്കു പോയത് ഒറ്റയ്ക്കായിരുന്നു. സാദാ സ്ലീപ്പർ ക്ലാസിലാണു പോയത്. ഡൽഹിയിൽ കളിച്ചതിനുശേഷമായിരുന്നു എന്റെ കരിയറിലെ ടേണിങ് പോയിന്റ്. നാട്ടിൽ വരുമ്പോൾ ‍ഞാൻ സെവൻസ് കളിക്കുമായിരുന്നു. ഞാൻ സെവൻസ് കളിച്ചിരുന്നതു ബാബുക്ക എന്ന മാനേജർക്കു കീഴിലായിരുന്നു. അരയ്ക്കു കീഴെ തളർന്നയാളാണ്. പക്ഷേ വലിയ ഫുട്ബോൾ ആവേശമാണ്. മൂപ്പര് അന്ന് രണ്ടുമൂന്നു സെവൻസ് ക്ലബുകളെ സ്വന്തമാക്കി കൊണ്ടുനടന്നിരുന്നു.’

‘ഡൽഹിയിൽനിന്നു പോരാൻ നേരം ബാബുക്കയെ ഞാൻ വിളിച്ചു. നാട്ടിലേക്കു വരുന്നുണ്ട്, വന്നാലുടൻ കളിക്കാമെന്നു പറഞ്ഞു. കുറച്ചു പൈസയുടെ ആവശ്യമുണ്ടെന്നും പറഞ്ഞു. നീ ടിക്കറ്റ് ബുക്ക് ചെയ്തോ എന്നു ബാബുക്ക ചോദിച്ചു. ചെയ്തെന്ന് പറഞ്ഞു. അന്നെനിക്ക് അനസിക്കയുമായി പരിചയമില്ല. 5 മിനിറ്റ് വെയിറ്റ് ചെയ്യൂ എന്നു ബാബുക്ക പറഞ്ഞു. പിന്നെ തിരിച്ചുവിളിച്ചു. അനിസക്കയുമായി അദ്ദേഹം സംസാരിച്ചെന്നു പറഞ്ഞു. അന്ന് അനസിക്ക പുണെ എഫ്സിയുടെ ക്യാപ്റ്റനാണ്. അവർക്കൊരു നല്ല അക്കാദമി ഉണ്ടെന്നു പറഞ്ഞു. നീ നാട്ടിലേക്കു പോരണ്ട. ടിക്കറ്റ് ക്യാൻസൽ ചെയ്യൂ. പുണെ എഫ്സിയുടെ അക്കാദമിയിലേക്കു പോയ്ക്കോളൂ. അനസിക്കയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു.

‘അങ്ങനെ ഞാൻ ടിക്കറ്റ് മാറ്റിയെടുത്ത് പുണെ എഫ്സിയിലെത്തി. അക്കാദമിയിൽ ട്രയൽസ്. സിലക്ഷൻ കിട്ടി. അനസിക്കയുമായി പരിചയപ്പെട്ടു. അവിടെ 2 വർഷം കഴിഞ്ഞു. അതോടെ അണ്ടർ 19 നാഷനൽ ടീമിൽ കളിച്ചു. അതുകഴിഞ്ഞു നേരേ ഐഎസ്എലിലേക്ക്. ബെംഗളൂരു എഫ്സി നല്ല പ്രഫഷനൽ ക്ലബാണ്. ഇന്ത്യയിലെ തന്നെ ബെസ്റ്റ് ക്ലബ്. മറ്റു ടീമുകളിലെ ഒത്തിരി കളിക്കാർ പറഞ്ഞുകേട്ടിരുന്നു, ബിഎഫ്സി വിളിച്ചാൽ പോകാതിരിക്കരുതെന്ന്. ഇക്കഴിഞ്ഞ സീസൺ മോശമായിരുന്നു. പക്ഷേ അടുത്ത സീസണിൽ ഞങ്ങൾ തിരിച്ചുവരും. ഏതു ടീമിനും മോശം സീസൺ ഉണ്ടാകാമല്ലോ...’’

English Summary: Malayali Footballer Ashique Kuruniyan Tells His Life Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA