ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി യുഎസ് പ്രീക്വാർട്ടർ ഉറപ്പിച്ചു. 38–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചാണ് യുഎസിനു വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗോള്‍ മടക്കാന്‍ അവസാന മിനിറ്റു വരെ ഇറാൻ താരങ്ങൾ പരിശ്രമിച്ചെങ്കിലും യുഎസിന്റെ കടുകട്ടി പ്രതിരോധത്തെ മറികടന്ന് ലക്ഷ്യത്തിലെത്തിയില്ല. ബി ഗ്രൂപ്പിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുഎസ്. ശനിയാഴ്ച നടക്കുന്ന പ്രീക്വാർട്ടറില്‍ എ ഗ്രൂപ്പ് ചാംപ്യൻമാരായ നെതർലൻ‍ഡ്സാണ് യുഎസിന്റെ എതിരാളികള്‍.

അവസാന മത്സരം പരാജയപ്പെട്ടതോടെ മൂന്നു പോയിന്റുള്ള ഇറാൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഇറാന് ഫ്രീകിക്ക് ലഭിച്ചെങ്കിലും അവസരം മുതലെടുക്കാൻ അവർക്കു സാധിക്കാതെ പോയി. തൊട്ടുപിന്നാലെ ഇറാൻ പോസ്റ്റിനടുത്തേക്ക് ഓടിക്കയറിയ ക്രിസ്റ്റ്യൻ പുലിസിച്ചിനെ ഇറാൻ പ്രതിരോധ താരം മജിദ് ഹുസൈനി ത‍ടഞ്ഞു. 11–ാം മിനിറ്റിൽ ഒരു ക്രോസിൽ തലവച്ച് ഗോള്‍ നേടാൻ പുലിസിച്ചിനു ലഭിച്ച അവസരവും പാഴായി. താരത്തിന്റെ ശക്തി കുറഞ്ഞ ഹെഡർ ഇറാൻ ഗോളി അനായാസം കൈപ്പിടിയിലാക്കി. തിമോത്തി വിയയുടെ മികച്ചൊരു ഹെഡർ ഗോളവസരം ഇറാൻ ഗോളി അലിരെസ ബെയ്റാൻവാൻഡ് കൈപ്പിടിയിലാക്കി.

ഇറാനെതിരെ യുഎസ് താരം ക്രിസ്റ്റ്യൻ പുലിസിച്ച് ഗോൾ നേടുന്നു. Photo: Twitter@FIFAWC2022
ഇറാനെതിരെ യുഎസ് താരം ക്രിസ്റ്റ്യൻ പുലിസിച്ച് ഗോൾ നേടുന്നു. Photo: Twitter@FIFAWC2022

38–ാം മിനിറ്റിൽ യുഎസ് കാത്തിരുന്ന ഗോൾ ക്രിസ്റ്റ്യൻ പുലിസിച്ച് നേടി. സെർഗിനോ ഡസ്റ്റിന്റെ അസിസ്റ്റിൽനിന്നായിരുന്നു ഗോൾ നേട്ടം. വെസ്റ്റൻ മക്കെന്നി നൽകിയ പാസിൽ പന്തു ലഭിച്ച ഡസ്റ്റ്, ഹെഡർ എടുത്ത് പുലിസിച്ചിന്റെ ഗോളിനു വഴിയൊരുക്കി. രണ്ട് ഇറാൻ പ്രതിരോധ താരങ്ങളെ മറികടന്നാണ് പുലിസിച്ച് പന്ത് വലയിലെത്തിച്ചത്. ഗോൾ നേടിയതിനു പിന്നാലെ ഇറാൻ ബോക്സിനകത്ത് പുലിസിച്ച് വീണെങ്കിലും ടീം ഫിസിയോമാരെത്തി പരിശോധിച്ച ശേഷം കളി തുടർന്നു. ലോകകപ്പിൽ പുലിസിച്ചിന്റെ ആദ്യ ഗോളാണിത്. 

ആദ്യ പകുതിയുടെ അധിക സമയത്ത് തിമോത്തി വിയ യുഎസിനായി രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗുയര്‍ത്തി. ആദ്യ പകുതിയിൽ യുഎസ് പോസ്റ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ പോലും ഇറാൻ താരങ്ങൾക്കു സാധിച്ചിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പുലിസിച്ചിനെ പിൻവലിച്ച് ബ്രാൻഡൻ ആരൺസനെ യുഎസ് ഗ്രൗണ്ടിലിറക്കി. 51–ാം മിനിറ്റിൽ പന്തുമായി യുഎസ് പോസ്റ്റിനു നേരെ ഓടിക്കയറിയ ഇറാന്റെ മെഹ്ദി തരേമിയെ യുഎസ് പ്രതിരോധ താരങ്ങൾ തടഞ്ഞു.

59–ാം മിനിറ്റിൽ തരേമിക്കു മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഷോട്ടെടുക്കും മുൻപേ റഫറി ഓഫ് സൈഡ് വിളിച്ചു. 65–ാം മിനിറ്റിൽ ഇറാന്റെ പകരക്കാരൻ താരം ഗുദ്ദൊസിന്റെ ഷോട്ട് യുഎസ് പോസ്റ്റിനു വെളിയിലൂടെ പുറത്തേക്കു പോയി. തൊട്ടുപിന്നാലെ യുഎസ് താരം യൂനസ് മൂസ എടുത്ത ഫ്രീകിക്ക് ബാറിനു മുകളിലൂടെ നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ അധിക സമയം ഒൻപതു മിനിറ്റുകൾ പിന്നിട്ടപ്പോഴും സമനില ഗോൾ നേടാൻ ഇറാൻ താരങ്ങൾക്കു സാധിച്ചില്ല. ഇതോടെ ഒരു ഗോൾ വിജയവുമായി യുഎസ് പ്രീക്വാർട്ടർ ഉറപ്പിച്ചു.

English Summary: Iran vs USA FIFA World Cup 2022, Live Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com