26 മത്സരങ്ങളിൽനിന്നു നേടിയത് 31 ഗോൾ! യൂറോപ്പിന്റെ ഗോൾ വേട്ടക്കാരൻ, ഹാളണ്ട് ടാലന്റ്
Mail This Article
രണ്ടാം വയസ്സിലാണ് എർലിങ് ഹാളണ്ട് ആദ്യമായി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ജഴ്സി ധരിക്കുന്നത്. അക്കാലത്ത് മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന പിതാവ് ആൽഫി ഹാളണ്ടാണ് ആ ജഴ്സി സമ്മാനിച്ചത്. 20 വർഷത്തിനു ശേഷം യൂറോപ്പിലെ പല ക്ലബ്ബുകളും മുന്നിൽ വച്ച വമ്പൻ ഓഫറുകൾക്ക് ‘നോ’ പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാൻ ഹാളണ്ടിനെ ഏറ്റവും കൂടുതൽ പ്രേരിപ്പിച്ച ഘടകവും ഈ സംഭവമാണ്.
യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളാണ് ഇപ്പോൾ ഹാളണ്ട്. ഈ സീസണിൽ സിറ്റിക്കായി 26 മത്സരങ്ങളിൽനിന്നു നേടിയത് 31 ഗോൾ! പ്രിമിയർ ലീഗിൽ മാത്രം 19 മത്സരങ്ങളിലായി 25 ഗോളുകൾ. ലീഗിലെ ടോപ് സ്കോററും ഹാളണ്ടാണ്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പർ താരം ഹാരി കെയ്ൻ ഇതുവരെ നേടിയത് 15 ഗോൾ മാത്രം. 10 ഗോളിന്റെ ലീഡ്! കഴിഞ്ഞ സീസണിലെ ടോപ് സ്കോറർമാരായിരുന്ന ലിവർപൂളിന്റെ മുഹമ്മദ് സലായെയും ടോട്ടനത്തിന്റെ സൺ ഹ്യൂങ് മിന്നിനെയും (23 ഗോൾ) ഇതിനകം തന്നെ ഹാളണ്ട് മറികടന്നു.
പ്രിമിയർ ലീഗ് സീസണിൽ ഇനി 18 മത്സരം കൂടി ഹാളണ്ടിനു ബാക്കിയുണ്ട്. ഇതേ ഫോമിൽ തുടർന്നാൽ റെക്കോർഡ് പട്ടിക ഇനിയും നീളും. 9 ഗോൾ കൂടി നേടിയാൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാകാം. 42 മത്സരങ്ങളുടെ പഴയ ഫോർമാറ്റിൽ 34 ഗോൾ വീതം നേടിയ ആൻഡി കോൾ, അലൻ ഷിയറർ എന്നിവരുടെ റെക്കോർഡ് തകരും. 38 മത്സരങ്ങളുടെ പുതിയ ഫോർമാറ്റിൽ 32 ഗോൾ നേടിയ മുഹമ്മദ് സലായ്ക്കാണു നിലവിലെ റെക്കോർഡ്. മാഞ്ചസ്റ്റർ സിറ്റിക്കായി ഒരു സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡിന് ഒപ്പമെത്താൻ 13 ഗോൾ കൂടി മതി. ടോമി ജോൺസന്റെ പേരിലാണ് ഈ റെക്കോർഡ്.
Englsh Summary: Erling Haaland massive performance at English Premier League