ADVERTISEMENT

മ്യൂണിക്∙ ‘ഒരു ലോറി നിറയെ സ്വിസ് ചോക്‌ലേറ്റ്.’ 38-ാം മിനിറ്റിൽ തന്റെ പിഴവിൽനിന്ന് പിഎസ്ജിക്കു ഗോളടിക്കാൻ വീണുകിട്ടിയ സുവർണാവസരം ഗോൾലൈൻ ക്ലിയറൻസിലൂടെ ഇല്ലാതാക്കിയ ബയൺ മ്യൂണിക് ഡിഫൻഡർ മാറ്റിസ് ഡി ലിറ്റിന് ബയൺ ഗോളി യാൻ സോമറിന്റെ സ്നേഹ വാഗ്ദാനമാണിത്. 

ചാംപ്യൻസ് ലീഗിൽ ബയണിന്റെ ഭാവിയും ബയണിൽ യാൻ സോമറിന്റെ ഭാവിയും സുരക്ഷിതമാക്കിയ ക്ലിയറൻസിന് ഇത്രയും കൊടുത്താൽ പോരെന്ന് ആരാധകരും. ജർമൻ ക്ലബ് ബയൺ മ്യൂണിക് തങ്ങളുടെ പ്രതിരോധ മികവ് പുറത്തെടുത്തപ്പോൾ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപെയും ഉൾപ്പെടുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജി ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ കാണാതെ പുറത്തായി. ഇന്നലെ പുലർച്ചെ ബയണിന്റെ സ്വന്തം മൈതാനത്ത് നടന്ന രണ്ടാംപാദ പ്രീക്വാർട്ടറിൽ ബയൺ 2-0ന് പിഎസ്ജിയെ തോൽപിച്ച് അവസാന എട്ടിൽ ഇടംപിടിച്ചു. എറിക് മാക്സിം ചൂപ്പോ മോട്ടിം (61–ാം മിനിറ്റ്), സെർജ് ഗനാബ്രി (89) എന്നിവരാണ് ബയണിന്റെ ഗോൾ സ്കോറർമാർ. ആദ്യപാദത്തിലും ജയം ബയണിനൊപ്പമായിരുന്നു (1-0). ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളച്ച് ഇറ്റാലിയൻ ക്ലബ് എസി മിലാൻ ക്വാർട്ടറിലെത്തി (0-0). ഇറ്റലിയിൽ നടന്ന ആദ്യപാദത്തിൽ എസി മിലാൻ 1-0ന് വിജയിച്ചിരുന്നു. 2012ന് ശേഷം ആദ്യമായാണ് എസി മിലാൻ ചാംപ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്നത്. 

മെസ്സി-എംബപെ സഖ്യത്തിന്റെ മികവിൽ പിഎസ്ജിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകരെ കാത്തിരുന്നത് ബയണിന്റെ കൗണ്ടർ അറ്റാക്കുകളാണ്. ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും 61-ാം മിനിറ്റിൽ ബയൺ ആദ്യ ഗോൾ നേടി. ലിയോൺ ഗോഹട്സ്കെയുടെ അസിസ്റ്റിൽ നിന്നാണ് മുൻ പിഎസ്ജി താരം കൂടിയായ ചൂപ്പോ മോട്ടിം ഗോൾ നേടിയത്. 89-ാം മിനിറ്റിൽ ജോവ കാൻസലോ നൽകിയ ത്രൂബോളിൽ സെർജ് ഗനാബ്രിയുടെ ചിപ് ഷോട്ട്. പന്ത് ഗോൾ പോസ്റ്റിനകത്തേക്ക്. പിഎസ്ജി പുറത്തേക്ക്!

 മുന്നേറ്റനിര ഗോളടിക്കാൻ മറന്നതാണ് സ്വന്തം ഗ്രൗണ്ടിൽ ടോട്ടനത്തിനു വിനയായത്. സമനില പോലും അടുത്ത റൗണ്ടിലെത്തിക്കുമെന്നതിനാൽ പ്രതിരോധത്തിന് എസി മിലാൻ കൂടുതൽ ശ്രദ്ധ കൊടുത്തു. അതു മറികടക്കാൻ ടോട്ടനത്തിനായില്ല.  ക്രിസ്റ്റ്യൻ റൊമേറോ ചുവപ്പുകാർ‍ഡ് കണ്ടതിനാൽ  10 പേരായി ചുരുങ്ങിയതും ടോട്ടനത്തിന് തിരിച്ചടിയായി.

English Summary: Bayern Munich and AC Milan in the Champions League quarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com