കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം ഫലിച്ചോ? ഐഎസ്എല്ലിൽ വരും ‘വാർ– ലൈറ്റ്’

ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരികെ വിളിക്കുന്ന ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്, റഫറിയോടു തർക്കിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ
ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരികെ വിളിക്കുന്ന ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്, റഫറിയോടു തർക്കിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ
SHARE

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർക്കെതിരായ പരാതികൾ ഒരു പരിധി വരെയെങ്കിലും ഒഴിവാക്കുന്നതിനായി വഴി തേടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസൺ മുതൽ വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. എഐഎഫ്എഫ് അധ്യക്ഷൻ കല്യാൺ ചൗബെ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വാർ (ലൈറ്റ്) സംവിധാനമാണ് ഇന്ത്യയിൽ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് കല്യാൺ ചൗബെ പ്രതികരിച്ചു.

‘‘ഞാൻ ചില മത്സരങ്ങളും, അതിലെ പിഴവുകളും തുടർന്നുള്ള ആരാധകരുടെ പ്രതികരണവും കണ്ടിരുന്നു. എനിക്ക് നിരവധി ഇ മെയിലുകളും സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങളും ലഭിച്ചു. ‘വാർ’ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനു കൂടിയാണു ഞങ്ങൾ റഫറിമാരെ നിയമിക്കുന്നത്, പക്ഷേ അവരും മനുഷ്യരാണ്. അവർക്കും തെറ്റു സംഭവിക്കാം. റഫറി കളിക്കായി ഗ്രൗണ്ടിലിറങ്ങിയാൽ അദ്ദേഹത്തിന് ഒരു പിന്തുണയും കിട്ടില്ല. എഐഎഫ്എഫ് അധ്യക്ഷനെന്ന നിലയിൽ ഞാൻ അവർക്കൊപ്പമാണ്. എന്തു ചെയ്തിട്ടായാലും ഇന്ത്യൻ ഫുട്ബോളിന് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങൾ കൊണ്ടുവരും.’’– കല്യാൺ ചൗബെ പറഞ്ഞു.

ബെല്‍ജിയത്തിൽ വിജയകരമായി ഉപയോഗിക്കുന്ന വാർ– ലൈറ്റ് സംവിധാനത്തേക്കുറിച്ചാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘കുറഞ്ഞ ചെലവിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കുകയാണ് ബെൽജിയം. 16 മോണിറ്ററുകളും നാല് ആളുകളേയും ഉപയോഗിച്ച് അവർ നാല് മത്സരങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ ഐടി വിദഗ്ധർ ഒരുപാടുണ്ട്. അവരെ ഉപയോഗിച്ചാൽ ബെൽജിയം ചെയ്യുന്നതു മനസ്സിലാക്കാനും നമ്മുടേ തന്നെ ‘വാർ– ലൈറ്റ്’ ഉപയോഗിക്കാനുമാകും.’’– കല്യാൺ ചൗബെ പറഞ്ഞു.

എഐഎഫ്എഫ് അധ്യക്ഷൻ മാര്‍ച്ച് ആദ്യ വാരം ബെൽജിയത്തിലെ റോയൽ ബെൽജിയൻ എഫ്എ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. സൗദി അറേബ്യയിൽ ന‍ടന്ന സന്തോഷ് ട്രോഫി മത്സരങ്ങളിൽ നേരത്തേ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ പിഴവുകളെക്കുറിച്ചു പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് എഐഎഫ്എഫിന്റെ നീക്കം.

ഐഎസ്എല്ലിൽ റഫറിമാരുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് നോക്കൗട്ട് മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു താരം സുനിൽ ഛേത്രി അടിച്ച ഗോള്‍ വൻ‌ വിവാദത്തിനും വഴിയൊരുക്കി. താരങ്ങൾ‌ തയാറാകും മുൻപേ തന്നെ സുനിൽ ഛേത്രി ഫ്രീകിക്ക് എടുത്തെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ വാദം. എന്നാൽ റഫറി ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു. എടികെ മോഹൻ ബഗാനെതിരായ ഫൈനലിനു ശേഷം ബെംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാലും റഫറിമാർക്കെതിരെ വിമർശനമുന്നയിച്ചിരുന്നു.

English Summary: Inspired by Belgium AIFF likely to use VAR-Lite

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS