രാജ്യാന്തര മത്സരങ്ങളുടെ എണ്ണത്തിൽ പുരുഷ ഫുട്ബോളിൽ ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഗോൾ നേടിയ ക്രിസ്റ്റ്യാനോയുടെ ആഹ്ലാദം.
SHARE

ലിസ്ബൺ ∙ കളിയിലും ഗോളിലും രാജ്യാന്തര ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെല്ലാൻ ഇനി ആരുമില്ല! യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലിക്റ്റൻസ്റ്റെയ്നെതിരെ പോർച്ചുഗലിനു വേണ്ടി കളിക്കാനിറങ്ങിയ മുപ്പത്തിയെട്ടുകാരൻ ക്രിസ്റ്റ്യാനോ പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന താരമായി. 197–ാം മത്സരം കളിച്ച ക്രിസ്റ്റ്യാനോ, കുവൈറ്റിന്റെ ബദർ അൽ മുതാവയെയാണ് പിന്നിലാക്കിയത്. പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ കീഴിൽ ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ച ക്രിസ്റ്റ്യാനോ 2 ഗോളുകൾ നേടി പോർച്ചുഗലിന്റെ 4–0 ജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. 

51–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഗോൾ നേടിയ താരം 63–ാം മിനിറ്റിൽ ബുള്ളറ്റ് ഫ്രീകിക്കിലൂടെ വീണ്ടും ലക്ഷ്യം കണ്ടു. രാജ്യാന്തര ഫുട്ബോളിൽ ഇതോടെ 120 ഗോൾ തികച്ച ക്രിസ്റ്റ്യാനോ തന്റെ തന്നെ റെക്കോർഡ് മെച്ചപ്പെടുത്തി. ജോവ കാൻസലോ (8–ാം മിനിറ്റ്), ബെർണാഡോ സിൽവ (47) എന്നിവരാണ് പോർച്ചുഗലിന്റെ ആദ്യ 2 ഗോളുകൾ നേടിയത്. യൂറോ യോഗ്യതാ റൗണ്ടിൽ ലക്സംബർഗ്, ഐസ്‌ലൻഡ്, സ്ലൊവാക്യ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലാണ് പോർച്ചുഗൽ. ‍നാളെ ലക്സംബർഗുമായിട്ടാണ് അടുത്ത മത്സരം. 

വനിതാ ഫുട്ബോളിൽ ക്രിസ്റ്റ്യാനോയെക്കാൾ മത്സരങ്ങൾ കളിച്ച ഒട്ടേറെ താരങ്ങളുണ്ട്. മുൻ യുഎസ് താരം ക്രിസ്റ്റീൻ ലില്ലിയാണ് വനിതാ–പുരുഷ ഫുട്ബോൾ ഒന്നിച്ചെടുത്താൽ കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം– 354 മത്സരങ്ങൾ!

English Summary : Cristiano Ronaldo becomes most capped player; scores twice for Portugal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA