ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ; കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്, 5 ലക്ഷം പിഴ

HIGHLIGHTS
  • ടീമും കോച്ചും പരസ്യക്ഷമാപണം നടത്തണം; ഇല്ലെങ്കിൽ പിഴത്തുക കൂടും
blasters-controversy
SHARE

ന്യൂഡൽഹി ∙ ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 4 കോടി രൂപ പിഴശിക്ഷ വിധിച്ചു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പരസ്യമായി ക്ഷമാപണം നടത്താനും എഐഎഫ്എഫ് അച്ചടക്ക സമിതി നിർദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കിൽ 6 കോടി രൂപ പിഴയടയ്ക്കണം.

കളിക്കളത്തിൽനിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വുക്കൊമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും. ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദേശം. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകാനും ബ്ലാസ്റ്റേഴ്സിന് അവസരമുണ്ട്.

കഴിഞ്ഞ മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽനിന്നു ഗോൾ നേടിയതിനു പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.

താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നതു ലോകഫുട്ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാണെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷൻ വൈഭവ് ഗഗ്ഗാർ പറഞ്ഞു. ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹൻ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

English Summary: Action against Kerala Blasters and coach Ivan Vukomanovic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA