ADVERTISEMENT

മഡ്രിഡ് ∙ റയൽ മഡ്രിഡിന്റെ ‘ബിബിസി’ ത്രയത്തിലെ മൂന്നാം താരവും വിട പറയുന്നു. ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാവില്ലെന്ന് ക്ലബ് സ്ഥിരീകരിച്ചു. സൗദി അറേബ്യൻ പ്രോ ലീഗ് ക്ലബ് അൽ ഇത്തിഹാദിലേക്കാണ് ബെൻസേമ പോകുന്നത്. ഇത്തവണ ലീഗ് ചാംപ്യൻമാരായ ഇത്തിഹാദുമായി ബെൻസേമ 2 വർഷത്തേക്ക് കരാർ ഒപ്പു വച്ചതായാണ് റിപ്പോർട്ടുകൾ.

ലയണൽ മെസ്സി അൽ ഹിലാൽ ക്ലബ്ബിലെത്തുകയാണെങ്കിൽ ഇതോടെ സൗദി ലീഗിൽ ക്രിസ്റ്റ്യാനോ–മെസ്സി–ബെൻസേമ താരപ്പോരിനു കളമൊരുങ്ങും. ലീഗിൽ അൽ നസ്ർ ക്ലബ്ബിന്റെ താരമാണ് ക്രിസ്റ്റ്യാനോ. 14 വർഷം നീണ്ട കളിക്കാലത്തിനു ശേഷമാണ് ബെൻസേമ റയൽ വിടുന്നത്. 2009ൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിൽ നിന്ന് റയലിലെത്തിയ ബെൻസേമ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരെത് ബെയ്ൽ എന്നിവർക്കൊപ്പം റയലിന്റെ മുന്നേറ്റനിരയിലെ ‘ബിബിസി ത്രയ’ത്തിൽ ഒരാളായിരുന്നു. ക്ലബ്ബിനു വേണ്ടി 647 മത്സരങ്ങളിൽ നിന്നായി 353 ഗോളുകൾ നേടി.

5 വീതം ക്ലബ് ലോകകപ്പും യുവേഫ ചാംപ്യൻസ് ലീഗും 4 ലാ ലിഗയും 3 കോപ്പ ഡെൽ റെയും ഉൾപ്പെടെ 25 ട്രോഫികളാണ് ക്ലബ്ബിനൊപ്പം നേടിയത്. 2021–22 സീസണിൽ എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 44 ഗോൾ നേടിയ ബെൻസേമ റയലിന്റെ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ വർഷം മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരവും നേടി.

ബൽജിയം താരം ഏദൻ ഹസാഡ്, സ്പാനിഷ് താരങ്ങളായ മാർക്കോ അസെൻസിയോ, മരിയാനോ ഡയസ് എന്നിവരും വിടപറയുന്നതോടെ മുന്നേറ്റത്തിൽ ബ്രസീലിയൻ താരങ്ങളായ വിനീസ്യൂസ്, റോഡ്രിഗോ എന്നിവർക്കൊപ്പം റയലിനു പുതിയ താരങ്ങളെ കണ്ടെത്തേണ്ടി വരും.

353

റയൽ മഡ്രിഡിനു വേണ്ടിയുള്ള ഗോൾ നേട്ടത്തിൽ രണ്ടാമനാണ് കരിം ബെൻസേമ. 647 കളികളിൽ നിന്ന് 353 ഗോളുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്– 450 ഗോളുകൾ. 165 അസിസ്റ്റുകളും ബെൻസേമയുടെ പേരിലുണ്ട്.

English Summary: Karim Benzema to leave Real Madrid after 14 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com