ADVERTISEMENT

ഭുവനേശ്വർ ∙ ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ കിരീടം ഉറപ്പാക്കാൻ സുനിൽ ഛേത്രിയും സംഘവും ഇന്നിറങ്ങുന്നു. ഇന്ത്യ, ലെബനൻ, മംഗോളിയ, വനൗതു എന്നീ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ കിക്കോഫ് ഇന്നു വൈകിട്ട് 4.30ന്. ആദ്യ മത്സരത്തിൽ ലെബനനും വനൗതുവും ഏറ്റുമുട്ടും.

രാത്രി 7.30ന് ഇന്ത്യയുടെ ആദ്യമത്സരം. എതിരാളികൾ മംഗോളിയ. 12ന് രാത്രി 7.30ന് വനൗതു, 15നു രാത്രി 7.30ന് ലെബനൻ എന്നിവയ്ക്കെതിരെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ. ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാർ 18ന് രാത്രി 7.30ന് ഫൈനലിൽ ഏറ്റുമുട്ടും. 4 ടീമുകളിൽ ഏറ്റവും ഉയർന്ന ഫിഫ റാങ്കിങ് ലെബനനാണ് (99). ഇന്ത്യ 101–ാം സ്ഥാനത്താണ്. 2018ലെ ആദ്യ ഇന്റർ കോണ്ടിനന്റൽ കപ്പിൽ ഇന്ത്യയായിരുന്നു ജേതാക്കൾ. എന്നാൽ, 2019ലെ രണ്ടാം എഡിഷനിൽ ഇന്ത്യ ഗ്രൂപ്പിൽ 4–ാം സ്ഥാനത്തായി.

അത്തവണത്തെ ചാംപ്യൻമാരായ ഉത്തര കൊറിയ ഇത്തവണ ടൂർണമെന്റിനില്ല. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ നായക മികവിൽ ഇന്ത്യ ഇത്തവണ കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്റർ കോണ്ടിനന്റൽ കപ്പിൽ ഹാട്രിക് നേടിയിട്ടുള്ള ഏകതാരമാണ് ഛേത്രി. 16 കളികളിൽ 11 ഗോളുകളുമായി ടൂർണമെന്റ് ചരിത്രത്തിലെ ടോപ് സ്കോററും ഛേത്രിയാണ്. കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ നേതൃത്വത്തിൽ മേയ് 15ന് ഇന്ത്യൻ ടീം പരിശീലന ക്യാംപ് ഭുവനേശ്വറിൽ ആരംഭിച്ചിരുന്നു.

English Summary : Intercontinental Cup Football 2023, India vs Mongolia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com