ADVERTISEMENT

കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ കിക്കോഫ് 4 –ാം തവണയും കൊച്ചിയിൽ. 21ന് കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ‘തീപ്പൊരി’ പോരാട്ടത്തോടെ ഐഎസ്എൽ 10 –ാം പതിപ്പിനു തുടക്കമാകും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 8ന് ആദ്യ വിസിൽ മുഴങ്ങും. കഴിഞ്ഞ സീസണുകളിൽ രാത്രി 7.30 നായിരുന്നു മത്സരങ്ങൾ. 2 മത്സരങ്ങളുള്ള ദിവസം ആദ്യ കളി വൈകിട്ട് 5.30ന് തുടങ്ങും.

ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎൽ) മത്സരക്രമം പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യ പങ്കെടുക്കുന്നതിനാൽ ഐഎസ്എൽ ഒക്ടോബറിലേക്കു നീട്ടിവയ്ക്കണമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെടുമെന്ന വാർത്തകൾക്കിടെയാണ് ഗെയിംസിന്റെ അതേസമയത്തു തന്നെ ഐഎസ്എൽ തുടങ്ങുന്നത്. വയാകോം 18നാണ് ഐഎസ്എലിന്റെ സംപ്രേഷണാവകാശം. വയാകോം ആപ്പിലും സ്പോർട്സ് 18 ടിവി ചാനലിലും മത്സരങ്ങൾ തൽസമയം കാണാം.

കൊച്ചിക്കു  റെക്കോർഡ്

കിക്കോഫ് വേദിയായി വീണ്ടും കൊച്ചി തിരഞ്ഞെടുക്കപ്പെടുന്നതു രാജ്യത്ത് ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിനും ആരാധകരുടെ ഇഷ്ട ടീമായ ബ്ലാസ്റ്റേഴ്സിനുമുള്ള ആദരമാണ്. 60,000 ഗാലറി ശേഷിയുള്ള കലൂർ സ്റ്റേഡിയത്തിലാണ് ഐഎസ്എൽ മത്സരങ്ങൾക്കായി ഏറ്റവും കൂടുതൽ കാണികൾ ഇരമ്പിയെത്തുന്നത്. 2017, 2019, 2022 വർഷങ്ങളിലും കൊച്ചിയിലായിരുന്നു ആദ്യ മത്സരം. 2014 ൽ ആരംഭിച്ച ഐഎസ്എലിൽ ഏറ്റവും കൂടുതൽ തവണ കിക്കോഫിനു വേദിയായി എന്ന റെക്കോർഡും കൊച്ചിക്കു തന്നെ.

 തുടക്കം ബെംഗളൂരു

കഴിഞ്ഞ സീസണിൽ ബെംഗളൂരുവുമായുള്ള പ്ലേ ഓഫിൽ സുനിൽ ഛേത്രിയുടെ ‘വിവാദ’ ഗോളും ബ്ലാസ്റ്റേഴ്സിന്റെ പിൻമാറ്റവും സൃഷ്ടിച്ച അലയൊലികൾ ബാക്കിനിൽക്കെയാണു പുതിയ സീസണിലെ ആദ്യ കളിയിൽ തന്നെ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ബഹിഷ്കരണത്തിന്റെ പേരിൽ ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനു 4 കോടി രൂപയും കോച്ച് ഇവാൻ വുക്കോമനോവിച്ചിന് 5 ലക്ഷം രൂപയും അഖിലേന്ത്യാ ഫുട്ബോൾ ഫെ‍ഡറേഷൻ പിഴ വിധിച്ചിരുന്നു.

കോച്ചിനു 10 മത്സര വിലക്കും ഏർപ്പെടുത്തി. സൂപ്പർ കപ്പിലും ഡ്യുറാൻഡ് കപ്പിലും 3 വീതം മത്സരങ്ങൾ വുക്കോമനോവിച്ച് ഇല്ലാതെയാണു ബ്ലാസ്റ്റേഴ്സ് കളിച്ചത്. വിലക്കു തീരാൻ ഇനിയും 4 മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഐഎസ്എലിലെ ആദ്യ 4 മത്സരങ്ങളിൽ വുക്കോമനോവിച്ച് പുറത്തായിരിക്കും. വിവാദ പ്ലേ ഓഫിനു ശേഷം ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും രണ്ടു വട്ടം മുഖാമുഖം കണ്ടു; സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലും. സൂപ്പർ കപ്പിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞപ്പോൾ, ഡ്യുറാൻഡ് കപ്പിലാകട്ടെ 2 – 2 സമനില!

ബ്ലാസ്റ്റേഴ്സിന് ഈ വർഷം 12 മത്സരങ്ങൾ 

ഡിസംബർ 31 വരെയുള്ള മത്സര ക്രമമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ബ്ലാസ്റ്റേഴ്സിന്

12 മത്സരങ്ങൾ; ഇതിൽ ഏഴും കൊച്ചിയിലാണ്. തീയതി, എതിരാളി, വേദി എന്ന ക്രമത്തിൽ:

സെപ്റ്റംബർ 21 വ്യാഴം ബെംഗളൂരു എഫ്സി  കൊച്ചി

ഒക്ടോബർ ഒന്ന് ഞായർ ജംഷഡ്പുർ എഫ്സി  കൊച്ചി

ഒക്ടോബർ 8, ഞായർ മുംബൈ സിറ്റി മുംബൈ

ഒക്ടോബർ 21 ശനി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കൊച്ചി

ഒക്ടോബർ 27 വെള്ളി ഒഡീഷ എഫ്സി  കൊച്ചി

നവംബർ 4 ശനി ഈസ്റ്റ് ബംഗാൾ  കൊൽക്കത്ത

നവംബർ 25 ശനി ഹൈദരാബാദ് എഫ്സി കൊച്ചി

നവംബർ 29 ബുധൻ ചെന്നൈയിൻ എഫ്സി കൊച്ചി

ഡിസംബർ 3 ഞായർ ഗോവ എഫ്സി  ഗോവ

ഡിസംബർ 14 വ്യാഴം പഞ്ചാബ് എഫ്സി  ഡൽഹി

ഡിസംബർ 24 ഞായർ മുംബൈ സിറ്റി കൊച്ചി

ഡിസംബർ 27 ബുധൻ മോഹൻ ബഗാൻ  കൊൽക്കത്ത

താരങ്ങളെ വിട്ടുനൽകാതെ ക്ലബ്ബുകൾ 

ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ അതേസമയത്ത് ഐഎസ്എലിനും കിക്കോഫ്. ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായി താരങ്ങളെ വിട്ടുനൽകാൻ ക്ലബ്ബുകൾ വിസമ്മതിച്ചതുമായി ബന്ധപ്പെട്ടു വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഐഎസ്എൽ മത്സരക്രമം സംഘാടകർ പുറത്തുവിട്ടത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 7 വരെയാണ് ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ മത്സരങ്ങൾ. സെപ്റ്റംബർ 21നാണ് കൊച്ചിയിൽ ഐഎസ്എൽ കിക്കോഫ്.

23 വയസ്സിൽ താഴെയുള്ള കളിക്കാരാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ജഴ്സിയിൽ കളിക്കേണ്ടത്. ഇവർക്കൊപ്പം 3 സീനിയർ താരങ്ങൾക്കും കളിക്കാം. സുനിൽ ഛേത്രി, ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു എന്നിവർ ഉൾപ്പെടെ 6 കളിക്കാരെ വിട്ടുനൽകേണ്ടത് ബെംഗളൂരു എഫ്സിയാണ്. ഐഎസ്എലിൽ ഉദ്ഘാടന മത്സരം കളിക്കേണ്ട ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിനെ വിട്ടുനൽകിയേക്കില്ലെന്നാണ് സൂചന. 

മുംബൈ സിറ്റി എഫ്സി (3 താരങ്ങൾ), എഫ്സി ഗോവ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് (2 താരങ്ങൾ വീതം), പഞ്ചാബ് എഫ്സി, ചെന്നൈയിൻ എഫ്സി, ഹൈദരാബാദ് എഫ്സി (ഒരു താരം വീതം) എന്നീ ക്ലബ്ബുകളും താരങ്ങളെ വിട്ടുനൽകേണ്ടതുണ്ട്. ഏഷ്യൻ ഗെയിംസിനായി കളിക്കാരെ വിട്ടുനൽകണമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷാജി പ്രഭാകർ ഐഐഎസ് ക്ലബ്ബുകളോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.

English Summary : ISL Football from september 21; First match In Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com