ചെൽസി എറിയും, ബെൻഫിക്ക വാരും! ട്രാന്സ്ഫർ മാർക്കറ്റിൽ മറിഞ്ഞത് കോടികൾ
Mail This Article
ലണ്ടനിൽ ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ ഹോംഗ്രൗണ്ടായ സ്റ്റാംഫഡ് ബ്രിജിന്റെ അടുത്തു കൂടി ചുമ്മാ പന്തും തട്ടി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്: സൂക്ഷിക്കണം; ക്ലബ് നിങ്ങളെ വൻതുകയ്ക്ക് ടീമിലെടുത്തു കളയും! ഫുട്ബോൾ ആരാധകരുടെ ഇടയിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു തമാശക്കഥയാണിതെങ്കിലും ഇതിൽ കാര്യമുണ്ട്. കളിക്കാരുടെ കൈമാറ്റ ജാലകത്തിൽ പണം വാരിയെറിഞ്ഞവരുടെ കൂട്ടത്തിൽ ഇത്തവണയും ചെൽസിയെ വെല്ലാൻ ആരുമില്ല. 46.4 കോടി യൂറോയാണ് (ഏകദേശം 4129 കോടി രൂപ) ഇത്തവണ ചെൽസി ചെലവഴിച്ചത്. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെക്കാൾ (35.3 കോടി യൂറോ) 1000 കോടി രൂപ കൂടുതൽ!
അമേരിക്കൻ കോടീശ്വരൻ ടോഡ് ബോയ്‌ലി ക്ലബ് ഏറ്റെടുത്തതിനു ശേഷമുള്ള ആവേശം മാത്രമല്ല ഇത്. റഷ്യൻ കോടീശ്വരനായ റോമൻ അബ്രാമോവിച്ചിന്റെ കാലം തൊട്ടേ കൈമാറ്റ വിപണിയിൽ ചെൽസി പണം വാരിയെറിയാറുണ്ട്. 2001 മുതൽ ഈ സീസൺ വരെയുള്ള 23 വർഷക്കാലം ചെൽസി ട്രാൻസ്ഫർ മാർക്കറ്റിൽ ചെലവഴിച്ച തുക അറിഞ്ഞാൽ ആരുമൊന്നു ഞെട്ടും. 347.4 കോടി യൂറോ; ഏകദേശം 30913 കോടി രൂപ!!!
തക്കം നോക്കി കച്ചവടം
ചെൽസിയെപ്പോലുള്ള ‘പണക്കാർ’ ഇങ്ങനെ കൈനിറയെ കാശുമായി മാർക്കറ്റിലേക്കു വരുന്നത് തക്കം നോക്കിയിരിക്കുന്ന ക്ലബ്ബുകളുമുണ്ട്. പ്രധാന ലീഗുകളിലെ രണ്ടാം നിര ക്ലബ്ബുകളോ രണ്ടാം നിര ലീഗുകളിലെ പ്രധാന ക്ലബ്ബുകളോ ആയിരിക്കും ഇവർ. യുവതാരങ്ങളെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി വളർത്തി വലുതാക്കി ചെൽസിയെപ്പോലുള്ള ക്ലബ്ബുകൾക്ക് വിൽക്കുക എന്നതാണ് ഇവരുടെ തന്ത്രം. മേജർ ഫൈവ് ലീഗുകൾ അല്ലാത്ത പോർച്ചുഗീസ്, ഡച്ച് ലീഗുകളിലെ ക്ലബ്ബുകളാണ് ഇതിന്റെ ആശാൻമാർ. മുൻനിര ക്ലബ്ബുകളിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്ന പല താരങ്ങളും ഇവരുടെ ‘കുട്ടികളാണ്’.
അഞ്ചിൽ രണ്ട്!
ക്ലബ് ഫുട്ബോളിൽ ഉയർന്ന ട്രാൻസ്ഫർ ഫീ നേടിയ കൈമാറ്റങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ രണ്ടെണ്ണം ബെൻഫിക്കയുടേതാണ്. 2019ൽ ജോവ ഫെലിക്സിനെ അത്‌ലറ്റിക്കോ മഡ്രിഡിനു വിറ്റപ്പോൾ അവർ നേടിയത് 12.6 കോടി യൂറോ. 2023ൽ എൻസോ ഫെർണാണ്ടസിനെ ചെൽസിക്കു നൽകിയപ്പോൾ നേടിയത് 12.1 കോടി യൂറോ. ആകെ 24.7 കോടി യൂറോ (ഏകദേശം 2198 കോടി രൂപ).
പത്തിൽ മൂന്ന്!
ക്ലബ് ഫുട്ബോളിൽ ഉയർന്ന ട്രാൻസ്ഫർ ഫീ നൽകിയ കൈമാറ്റങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്നെണ്ണം ചെൽസിയുടേതാണ്. ഈ വർഷം എൻസോ ഫെർണാണ്ടസിനെ ബെൻഫിക്കയിൽ നിന്നും (12.1 കോടി യൂറോ) മോയ്സസ് കെയ്സഡോയെ ബ്രൈട്ടൻ ഹോവ് ആൽബിയോനിൽ നിന്നും (11.62 കോടി യൂറോ) നിന്നും വാങ്ങി. 2015ൽ റൊമേലു ലുക്കാകുവിനെ ഇന്റർ മിലാനിൽ നിന്നു വാങ്ങിയത് 11.5 കോടി യൂറോയ്ക്ക്.
English Summary : Top gainers in football transfer market