ADVERTISEMENT

കൊച്ചി ∙ വീണ്ടും ലൂണ മാജിക്; വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്! 74–ാം മിനിറ്റ്. മധ്യത്തിലൂടെ കുതിച്ചു കയറിയ ഡെയ്സൂകി സകായിയുടെ പാസ് അഡ്രിയൻ ലൂണയിലേക്ക്. ബോക്സിനുള്ളിൽ പന്തു തൊട്ട ലൂണയുടെ വലംകാൽ ബാക്ക് പാസ് ദിമിത്രി ഡയമന്റകോസിന്. ദിമിയുടെ സോഫ്റ്റ് ടച്ച് ലൂണ മിന്നൽ പോലെ പായിച്ചതു ജംഷഡ്പുർ ഗോളിലേക്ക്. അതുവരെ ഉരുക്കിന്റെ ഉറപ്പോടെ നിന്ന ജംഷഡ്പുർ പ്രതിരോധം തകർന്നു. ബ്ലാസ്റ്റേഴ്സിന് 1–0 ജയം. 8നു മുംബൈ സിറ്റി എഫ്സിയാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ; കളി മുംബൈയിൽ. 

കയ്യടി ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനു കൂടിയാണ്. ഗോൾവലയ്ക്കു മുന്നിൽ സച്ചിന്റെ സുരേഷിന്റെ കിടിലൻ സേവുകൾ. മികച്ച ടാക്ലിങ്ങും ക്ലിയറൻസുകളുമായി കളം നിറഞ്ഞ് സെന്റർ ബാക്കുകളായ മിലോസ് ഡ്രിൻസിച്ചും പ്രീതം കോട്ടാലും. ജംഷഡ്പുരിന്റെ നൈജീരിയൻ ഫോർവേഡ് ഡാനിയേൽ ചീമയ്ക്കു കാര്യമായ ഇടം നൽകാതെയായിരുന്നു അവരുടെ പ്രസ്സിങ്. 

കളിക്കു മുൻപേ മഴ മാറി നിന്നെങ്കിലും നനഞ്ഞതു പോലെയായിരുന്നു തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം. വലതു വിങ്ങിൽ ഡെയ്സൂകി ചില മിന്നലോട്ടങ്ങൾ നടത്തിയെങ്കിലും ജംഷഡ്പുരിന്റെ ബ്രസീലിയൻ ഡിഫൻഡർ എൽസീഞ്ഞോയെ മറികടക്കാൻ എളുപ്പമായിരുന്നില്ല. പതിയെ ജംഷഡ്പുർ മധ്യനിര ഉഷാറായി. കൗണ്ടർ അറ്റാക്കിൽ വലതു വിങ്ങിൽ നിന്നു ജംഷഡ്പുർ ബോക്സും കടന്ന് ഇടതു പാർശ്വത്തിലെത്തിയ പന്തിൽ ലൂണയൊരു മഴവിൽ കിക്കു തൊടുത്തെങ്കിലും പോസ്റ്റിന്റെ ഇടതു മൂലയോടു ചേർന്നു പുറത്തേക്ക്. ലൂണയ്ക്കു നിരാശ.  ദിവസങ്ങളായി തുടരുന്ന പെരുമഴ കൂസാതെ സ്റ്റേഡിയത്തിൽ നിറഞ്ഞത് മുപ്പത്തയ്യായിരത്തിലേറെ കാണികൾ. 51–ാം മിനിറ്റിൽ ജംഷഡ്പുർ താരങ്ങളെ മറികടന്നു മുഹമ്മദ് അയ്മൻ പിന്നിലേക്കു നൽകിയ പാസിൽ നിന്നു ഡാനിഷ് ഫാറൂഖിന്റെ ഷോട്ട് പുറത്തേക്ക്. ചില നേരങ്ങളിൽ 7 പേരെ വരെ പിന്നിലേക്കു വലിച്ച് ജംഷഡ്പുർ പ്രതിരോധം കടുപ്പിക്കുകയും ചെയ്തു. 

രണ്ടാം പകുതി ആരംഭിച്ചതു ജംഷഡ്പുർ മുന്നേറ്റത്തോടെ. ക്യാപ്റ്റൻ അലൻ സ്റ്റെവാനോവിച്ചിന്റെ വലം കാൽ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾപോസ്റ്റിനു മുകളിലൂടെ പറന്നു.  62–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിച്ച സബ്സ്റ്റിറ്റ്യൂഷൻ. പെപ്രയ്ക്കു പകരം സൂപ്പർ താരം ഡയമന്റകോസ്. ഡാനിഷ് ഫാറൂഖിനു പകരം വിബിൻ മോഹനനും. ബ്ലാസ്റ്റേഴ്സ് കളിക്കു വേഗം കൂടി. ദിമി കൂട്ടായി എത്തിയതോടെ ലൂണയുടെ കാലിൽ നിന്നു ഗോളും പിറന്നു. 

English Summary: Luna magic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com