ADVERTISEMENT

മുംബൈ∙ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി. മുംബൈ സിറ്റി എഫ്സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. മുംബൈയ്ക്കായി ഹോർഹെ ഡയസ് പെരേര (49–ാം മിനിറ്റ്), അപൂയ (66) എന്നിവർ ഗോളുകൾ നേടി. 57–ാം മിനിറ്റിൽ ഡാനിഷ് ഫറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മറുപടി ഗോൾ. ജയത്തോടെ ഏഴു പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മുംബൈ. നാലാമതുള്ള ബ്ലാസ്റ്റേഴ്സിന് ആറു പോയിന്റുണ്ട്.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ മുൻ‍തൂക്കം മുംബൈയ്ക്കായിരുന്നു. എന്നാൽ ആദ്യ ഗോൾ ശ്രമം എത്തിയത് ബ്ലാസ്റ്റേഴ്സ് വക. ബ്ലാസ്റ്റേഴ്സിന്റെ കശ്മീരി താരം ഡാനിഷ് ഫറൂഖ് എടുത്ത തകർപ്പനൊരു കിക്ക് നേരിയ വ്യത്യാസത്തിലാണ് പോസ്റ്റിലെത്താതെ പുറത്തേക്കു പോയത്. പിന്നാലെ മുംബൈയും കളം നിറഞ്ഞതോടെ, പന്തിനായി ഇരു ടീമുകളുടേയും പോരാട്ടമായിരുന്നു മുംബൈ ഫുട്ബോള്‍ അരീനയിൽ. ഹോം ഗ്രൗണ്ടായിട്ടു പോലും സ്റ്റേഡിയത്തിൽ മുംബൈ ആരാധകരെക്കാൾ വളരെയേറെ കൂടുതലായിരുന്നു മഞ്ഞപ്പടയുടെ ആവേശം.

24–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിന് വെളിയില്‍നിന്ന് ലാലിയൻസുവാല ചാങ്തേ എടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് പിടിച്ചെടുത്തു. മുംബൈ താരത്തിൽനിന്ന് പന്തു പിടിച്ചെടുത്ത ഡെയ്സുകെ സകായുടെ പാസിൽ, ദിമിത്രിയോസ് ഡയമെന്റകോസ് മധ്യവരയ്ക്കു സമീപത്തുനിന്ന് തൊടുത്ത നെടുനീളൻ ഷോട്ട് മുംബൈ ഗോൾ വലയ്ക്കു ഭീഷണിയാകാതെ പുറത്തുപോയി. 30–ാം മിനിറ്റിൽ മുംബൈയുടെ ഹോർഹെ ഡയാസ് പെരേരയുടെ പോസ്റ്റിനു തൊട്ടുമുന്നിൽനിന്നുള്ള ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്റെ മികവുകൊണ്ടു മാത്രം പാഴായി.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഗോളടിക്കാനുള്ള സമ്മർദം മുംബൈ ശക്തമാക്കിയപ്പോൾ പ്രതിരോധക്കോട്ട കെട്ടി ബ്ലാസ്റ്റേഴ്സ് തടുത്തുനിർത്തി. എന്നാൽ അധികസമയത്ത് മുംബൈ ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് ഹോർഹെ പെരേര നടത്തിയ നീക്കത്തിൽ പന്തു പിടിച്ചെടുക്കാൻ സച്ചിനു സാധിച്ചില്ല. പന്തു തടയുന്നതിൽ പ്രതിരോധ താരങ്ങളും പരാജയപ്പെട്ടു. ഇതോടെ ആദ്യ പകുതിയിൽ മുംബൈ ഒരു ഗോളിന് മുന്നിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. മുംബൈ ഗോൾ മുഖത്തേക്ക് സന്ദീപ് സിങ് നൽകിയ പാസ് പോസ്റ്റിനു മുന്നിൽനിന്ന് പിടിച്ചെടുത്തത് ഡാനിഷ് ഫറൂഖ്. മുംബൈ ഗോളി ഫുർബ ലചെൻപയുടെ ശ്രമങ്ങൾ പരാജയപ്പെടുത്തി ഡാനിഷിന്റെ കിക്ക് വലയിൽ. സ്കോർ 1–1. എന്നാല്‍ 66–ാം മിനിറ്റിൽ ഇന്ത്യൻ താരം അപൂയയുടെ ഗോളിലൂടെ മുംബൈ വീണ്ടും മുന്നിലെത്തി. ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്റെ തൊട്ടുമുന്നിൽവച്ചാണ് അപൂയ പന്ത് ഹെഡ് ചെയ്ത് വലയിലെത്തിച്ചത്.

75–ാം മിനിറ്റിൽ‍ അഡ്രിയൻ ലൂണയുടെ കോർണർ മുംബൈ ഗോളി തട്ടിയകറ്റി. തൊട്ടടുത്ത സെക്കന്‍ഡിൽ ലൂണയുടെ പാസിൽ തല വച്ച് ഗോള്‍ നേടാനുള്ള ക്വാമെ പെപ്രയുടെ ശ്രമം. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. നേരിയ വ്യത്യാസത്തിൽ പന്തു പുറത്തേക്ക്. 81–ാം മിനിറ്റിൽ ഹോർഹെ ഡയസ് പരുക്കേറ്റു പുറത്തുപോയി. അവസാന മിനിറ്റുകളിൽ പ്രതിരോധം ശക്തമാക്കുക ലക്ഷ്യമിട്ട് മുംബൈ വിദേശതാരം ടിരിയെയും ഗ്രൗണ്ടിലിറക്കി. ഏഷ്യന്‍ ഗെയിംസ് മത്സരങ്ങൾക്കു ശേഷം മടങ്ങിയെത്തിയ രാഹുൽ ബ്ലാസ്റ്റേഴ്സിനായി പകരക്കാരന്റെ റോളിൽ കളിക്കാനിറങ്ങി. ഇരു ടീമിലെയും താരങ്ങൾ  തമ്മിൽ പലവട്ടം ഗ്രൗണ്ടിൽ ഉന്തുംതള്ളുമുണ്ടായി. ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിങ്കിച്ചും മുംബൈയുടെ യോല്‍ വാൻ നിഫും ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. അവസാന മിനിറ്റുവരെ മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്സ് പരിശ്രമിച്ചെങ്കിലും, മത്സരത്തിൽ നാലാമതൊരു ഗോൾ പിറന്നില്ല.

English Summary:

Mumbai City FC vs Kerala Blasters FC Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com