‘തർക്കവും അടിപിടിയും ഗ്രൗണ്ടിൽ പതിവ്, അതു കണ്ടുനിൽക്കേണ്ട ആളല്ല റഫറി’

Mail This Article
ഈ സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി സമ്മതിക്കേണ്ടിവന്നെങ്കിലും അതിൽ ടീമിനു നിരാശ വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഐഎസ്എലിൽ ഏറ്റവും നിലവാരം പുലർത്തുന്നൊരു ക്ലബ്ബിനോടാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മുംബൈ സിറ്റിക്കു മുന്നിൽ കളി മറന്ന പ്രകടനമൊന്നുമായിരുന്നില്ല ബ്ലാസ്റ്റേഴ്സിന്റേത്.
യുവതാരങ്ങൾ ഏറെയുള്ള ടീമുകൾക്ക് ചില പിഴവുകൾ സംഭവിക്കാം. മുംബൈയ്ക്കെതിരെ സംഭവിച്ചതും അതാണ്. പരിചയക്കുറവിന്റെ പ്രശ്നം കൂടുതൽ മത്സരങ്ങൾ കളിക്കുന്നതിലൂടെ മറികടക്കാനാകും. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ബ്ലാസ്റ്റേഴ്സിന് ഒരുപക്ഷേ സമനിലയ്ക്കു വേണ്ടി കളിക്കാമായിരുന്നു. എവേ മത്സരങ്ങളിൽ അതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.
എന്നാൽ, മത്സരത്തിന്റെ ആകെ നിലവാരത്തിന്റെ കാര്യത്തിൽ സംശയം തോന്നുന്നൊരു ഘടകമുണ്ട്– അതു റഫറിയിങ്ങാണ്. ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ആ തോന്നൽ. വാക്പോരും തർക്കവും അടിപിടിയുമെല്ലാം ഗ്രൗണ്ടിലെ പതിവാണ്. കളിയുടെ കടുപ്പം കൂടുന്തോറും അത് കൂടും. എന്നാൽ അതൊക്കെ കണ്ടുനിൽക്കേണ്ട ആളല്ല റഫറി. ഫുട്ബോൾ കളത്തിലെ രാജാവാണു റഫറി. 'ഇഷ്യു' കണ്ടാൽ ഇടപെടണം.
എതിരാളികളോടു മല്ലിട്ടു കളിക്കാർ പന്തു നിയന്ത്രിക്കുന്ന അത്ര വെല്ലുവിളിയൊന്നുമില്ല ഒരു മത്സരം നിയന്ത്രിക്കാൻ. കളത്തിൽ കാര്യങ്ങൾ കൈവിട്ടു പോകാതെ നോക്കുക, വിവാദങ്ങൾ ക്ഷണിച്ചുവരുത്തുന്ന അബദ്ധ തീരുമാനങ്ങൾ എടുക്കാതിരിക്കുക – ഈ രണ്ടു നിസ്സാര കാര്യങ്ങൾ ഉറപ്പാക്കിയാൽ കളി കണ്ടു കയ്യടിച്ചു കാണികൾ സന്തോഷത്തോടെ മടങ്ങും.