ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ സൂപ്പര്‍ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്– നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയിൽ‍ നോർത്ത് ഈസ്റ്റിനായി നെസ്റ്റർ ആല്‍ബിയാച് (12–ാം മിനിറ്റ്) ഗോൾ നേടിയപ്പോൾ ഡാനിഷ് ഫറൂഖ് (49–ാം മിനിറ്റ്) ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ കണ്ടെത്തി.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പാഴാക്കിയത്. ആദ്യ 20 മിനിറ്റു പിന്നിട്ടപ്പോൾ ഒന്നിലേറെ ഗോളവസരങ്ങള്‍ പോസ്റ്റിൽ തട്ടി ബ്ലാസ്റ്റേഴ്സിനു നഷ്ടപ്പെട്ടു. 24–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡ് താരം യാസിർ ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്രയെ പോസ്റ്റിനു തൊട്ടുമുന്നിൽവച്ച് വീഴ്ത്തിയിട്ടും റഫറി പെനൽറ്റി അനുവദിച്ചില്ല.12-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡ് മുന്നിലെത്തി. സ്പാനിഷ് താരം നെസ്റ്റർ അൽബിയാച്ചിന് പന്തു കൈമാറിയത് മലയാളി താരം താരം ജിതിനായിരുന്നു. ഏതാനും ചുവടുകൾക്കു ശേഷം അതിവിദഗ്ധമായി നെസ്റ്റർ പന്തു വലയിലെത്തിച്ചു.

kbfc-neufc-2
കേരള ബ്ലാസ്റ്റേഴ്സ്– നോർത്ത് ഈസ്റ്റ് മത്സരത്തിൽനിന്ന്. ചിത്രം∙ റോബര്‍ട്ട് വിനോദ്

ആദ്യ പകുതിയിൽ ഗോൾ നേടുന്നതിനായി ദിമിത്രിയോസ് ഡയമെന്റകോസും ക്യാപ്റ്റൻ അഡ്രിയൻ ലൂണയും കഠിന പരിശ്രമം തന്നെ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. 43–ാം മിനിറ്റിൽ നോര്‍ത്ത് ഈസ്റ്റ് ഗോൾ മുഖത്തേക്ക് അഡ്രിയൻ ലൂണ തൊടുത്ത തകര്‍പ്പനൊരു ക്രോസ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ താരം ക്വാമെ പെപ്രയ്ക്കു ഹെഡ് ചെയ്യാൻ സാധിക്കാതെ പോയി. ഇതോടെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് മറുപടി നൽകി.

kbfc-neufc-3
കേരള ബ്ലാസ്റ്റേഴ്സ്– നോർത്ത് ഈസ്റ്റ് മത്സരത്തിൽനിന്ന്. ചിത്രം∙ റോബര്‍ട്ട് വിനോദ്

രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ നെസ്റ്റർ ഹെഡ് ചെയ്ത് നോർത്ത് ഈസ്റ്റ് ലീഡ് രണ്ടാക്കാൻ ശ്രമിച്ചു. പന്തു വലയിലെത്തിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. തൊട്ടടുത്ത നിമിഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോളെത്തിയത്. ഫ്രീകിക്കിൽ നിന്ന് ബോക്സിലേക്ക് അഡ്രിയൻ ലൂണ നൽകിയ ക്രോസ് തലകൊണ്ടു തഴുകി വലയിലെത്തിച്ചത് ബ്ലാസ്റ്റേഴ്സിന്റെ കശ്മീർ താരം ഡാനിഷ് ഫറൂഖ്. സ്കോർ‍ 1–1.

79–ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ദിമിത്രിയോസ് ഡയമെന്റകോസിനെ പിൻവലിച്ച് ഇഷാൻ പണ്ഡിതയെ കളിക്കാൻ ഇറക്കി. പരുക്കുമാറി ടീമിനൊപ്പം ചേർന്ന പണ്ഡിതയുടെ ബ്ലാസ്റ്റേഴ്സ് ജഴ്സിയിലെ ആദ്യ മത്സരമാണിത്. ലീഡ് നേടുക ലക്ഷ്യമിട്ട് അവസാന മിനിറ്റുകളിൽ മലയാളി താരം കെ.പി. രാഹുലിനെയും ബ്ലാസ്റ്റേഴ്സ് ഇറക്കിയെങ്കിലും മത്സരത്തിൽ മൂന്നാമതൊരു ഗോൾ പിറന്നില്ല.

kbfc-neufc-1
കേരള ബ്ലാസ്റ്റേഴ്സ്– നോർത്ത് ഈസ്റ്റ് മത്സരത്തിൽനിന്ന്. ചിത്രം∙ റോബര്‍ട്ട് വിനോദ്

പ്രധാന താരങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിട്ടത്. പ്രതിരോധ നിരയിൽ മിലോസ് ഡ്രിൻകിച്ചും പ്രബീർ ദാസും വിലക്കു കാരണം ടീമിനു പുറത്താണ്. ജീക്സന്‍ സിങ്ങും പരുക്കു കാരണം കളിക്കാൻ ഇറങ്ങിയില്ല. പ്രതിരോധത്തിൽ സന്ദീപ് സിങ്, പ്രീതം കോട്ടാൽ, റിയുവ ഹോർമിപാം, നവോച സിങ് എന്നീ ഇന്ത്യൻ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനായി പ്രതിരോധമൊരുക്കിയത്. ഒക്ടോബർ 27ന് ഒഡിഷയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ കളി മുതൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച് ടീമിനൊപ്പം ചേരും.

English Summary:

Indian Super League 2023, Kerala Blasters VS North East United Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com